ADVERTISEMENT

നടി തൃഷയ്ക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ മൻസൂർ അലിഖാൻ. തന്റെേത് തമാശരീതിയിലുള്ള പരാമർശമായിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു. ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതുപോലെ വിമാനത്തിൽ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി താൻ പറഞ്ഞതാണെന്നും നടൻ കൂട്ടിച്ചേർത്തു.

‘‘ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം.’’–മൻസൂർ അലിഖാൻ പറഞ്ഞു.

തന്റെ മകൾ തൃഷയുടെ വലിയ ആരാധികയാണെന്നും ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ടെന്നും മൻസൂർ പറയുന്നു. സഹനടിമാരോട് എപ്പോഴും തനിക്ക് ബഹുമാനമാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കരുതുന്നതെന്നും സമൂഹമാധ്യമങ്ങളിലെ പ്രസ്തവാനയിൽ മൻസൂർ വ്യക്തമാക്കുന്നു.

ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം. മൻസൂർ അലിഖാനൊപ്പം സ്ക്രീൻസ്പേസ് പങ്കിടാത്തതിൽ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്തു. മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിന്റെ വിഡിയോയും അവർ എക്സിൽ പങ്കുവച്ചു.

‘‘മൻസൂർ അലി ഖാൻ എന്ന നടൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വിഡിയോ കാണുകയുണ്ടായി. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു.  ലൈംഗികച്ചുവയുള്ളതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും സ്ത്രീകളോട് അനാദരവ് പ്രകടമാക്കുന്നതുമാണ് അയാളുടെ കമന്റ്. അയാളെപ്പോലെ മോശം സ്വഭാവമുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ അഭിമാനിക്കുന്നു.  എന്റെ സിനിമാ ജീവിതത്തിൽ ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു.  ഇയാളെപ്പോലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരാണ്.’’– തൃഷ കുറിച്ചു.  

നടന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും അത് കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും സംവിധായകൻ ലോകേഷ് കനകരാജ് പ്രതികരിച്ചു. തൃഷയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം. ‘‘ഞങ്ങളെല്ലാം ഒരു ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നുകയാണ്. സ്ത്രീകളോടും സഹ കലാകാരന്മാരോടും പ്രഫഷനലുകളോടും ഉള്ള ബഹുമാനം ഏതു തൊഴിൽ രംഗത്തും അത്യാവശ്യമാണ്. മൻസൂറിന്റെ ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു.’’–ലോകേഷ് കനകരാജ് പറയുന്നു.

തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും ഇവർ തൃഷയെ എന്നെ ഒന്ന് കാണിക്കുകപോലും ചെയ്തില്ല എന്നതരത്തിലാണ് മൻസൂർ പറഞ്ഞത്. ‘‘‘‘തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ, സിനിമയിൽ ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. എന്റെ മുൻകാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവച്ച് അവർ തൃഷയെ കാണിച്ചില്ല’’– മൻസൂറിന്റെ വാക്കുകൾ.

English Summary:

MansoorAliKhan 's reply to Trisha 's condemnation of his speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com