‘ഞെട്ടിയത് പിഷാരടിയുടെ പ്രതിഫലം പറഞ്ഞപ്പോഴാണ്, പക്ഷേ’
Mail This Article
ടി.വി. രമേശ് എന്ന് പറഞ്ഞാൽ ആർക്കും അറിയില്ല. പക്ഷേ ടിവി എന്ന പൈതൃകത്തിൽ, ടിവിയെന്ന മാധ്യമത്തിൽ കൂടിയും ജീവിത മാർഗം ഉണ്ടാക്കിയ മൂന്ന് കുട്ടികളുടെ അച്ഛനായ രമേഷ് പിഷാരടി അഥവാ 'പിഷു' വിനെ ലോക മലയാളികളായ എല്ലാർക്കുമറിയാം. ഒബ്സർവേഷനൽ കോമഡി/ആക്ഷേപഹാസ്യം/ സ്റ്റാൻഡ്-അപ്പ് കോമഡി എന്നീ വകുപ്പുകൾ വളരെ നന്നായി കൈകാര്യം ചെയ്യുന്നതിനുപുറമെ ടെലിവിഷൻ അവതാരകൻ, നടൻ, ചലച്ചിത്ര സംവിധായകൻ അതിനും പുറമെ നല്ലൊരു മനുഷ്യനായ അദ്ദേഹം നമ്മുടെ സ്വന്തം മമ്മുക്കയുടെ വിശ്വസ്തനുമാണ്.
നവംബർ 4 ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നടന്ന എംടിഎച്ച് ക്രിട്ടി കെയർ ചടങ്ങിൽ ഉദ്ഘാടകനായി രമേശ് പിഷാരടി വേണമെന്ന അവരുടെ ചീഫ് പിആർഓ ആയിരുന്ന, എന്റെ കുടുംബസുഹൃത്തായ തനൂജ ഭട്ടതിരിയുടെ ആവശ്യപ്രകാരം, നടൻ കൈലാഷിൽ നിന്നും ഫോൺ നമ്പർ വാങ്ങി സെപ്റ്റംബർ 11ന് തിങ്കളാഴ്ച ഞാനൊരു വാട്സാപ്പ് മെസ്സേജ് എന്നെ അറിയാത്ത പിഷാരടിക്കയയ്ക്കുന്നു. വിദേശത്ത് ഉണ്ടായിരുന്ന അദ്ദേഹം കൃത്യമായി മറുപടി തന്നു. എന്റെ ചങ്ക് ചങ്ങാതി സ്റ്റീഫൻ ദേവസ്സി മുഖേനെ പല വേദികളിലും അദ്ദഹത്തെ കണ്ടിട്ടുണ്ടെങ്കിലും, പരസ്പരമുള്ള പുഞ്ചിരിയിൽ എല്ലാം ഒതുങ്ങിയിരിരുന്നു.
എംജി യൂണിവേഴ്സിറ്റിയിൽ അരങ്ങേറ്റം കുറിച്ച സലിം കുമാർ, സാജൻ പള്ളുരുത്തി, ധർമജൻ ബോൾഗാട്ടി എന്നിവരുമായി നിരവധി പരിപാടികൾ ചെയ്ത, സലാം സലിം ( 2000 ) മുതൽ ഇന്നും തിളങ്ങുന്ന നൂറിൽപരം ടിവി ഷോകളിലെ ഹോസ്റ്റ്–ജഡ്ജ് പിന്നെ വിദേശത്തും സ്വദേശത്തുമായി എത്രയോ സ്റ്റേജ് ഷോകൾ. നസ്രാണി (2007) മുതൽ വോയിസ് ഓഫ് സത്യനാഥൻ ( 2023 ) വരെ നാൽപതില്‍പരം സിനിമകളിലെ വേഷങ്ങൾ. അതിനിടയിൽ 'കപ്പൽ മുതലാളി'(2009) എന്ന ചിത്രത്തിൽ നായക വേഷം. 2018-ൽ ജയറാമും ചാക്കോച്ചനും അഭിനയിച്ച പഞ്ചവർണതത്ത എന്ന സിനിമയിലൂടെയാണ് പിഷാരടി തന്റെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ ' ഗാനഗന്ധർവൻ' ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭം. അടുത്ത സിനിമ ഉടനെ ആരംഭിക്കും എന്ന് തീർച്ച.
എനിക്കടുത്തറിയാവുന്ന നല്ല ചങ്ങായിമാരുടെ പല പരിപാടികൾക്കും അവരുടെ ആവശ്യപ്രകാരം സെലിബ്രിറ്റി ഗസ്റ്റുകളെ ഏർപ്പാട് ചെയ്തുകൊടുക്കാറുള്ള ഞാൻ നവംബർ 4 ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നടക്കേണ്ട എംടിഎച്ച് ക്രിട്ടി കെയർ പരിപാടിക്കുള്ള പിഷാരടിയുടെ പ്രതിഫലം ചോദിച്ചറിഞ്ഞു. പലരുടെയും ‘അത്യാഗ്രഹം’ നേരിട്ടറിയാവുന്ന ഞാൻ സത്യമായും ഞെട്ടിയത് പിഷാരടിയുടെ പ്രതിഫലം എന്നോട് പറഞ്ഞപ്പോഴാണ്. പക്ഷേ അതിനുശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ പറയാം. ‘‘സാധാരണ എന്റെ പ്രതിഫലം ....+ ജിഎസ്ടി യാണ് , എനിക്ക് പണം വേണ്ട, പകരം ഞാൻ നിർദേശിക്കുന്ന പാവപെട്ട രോഗികൾക്ക് എന്റെ പേരിൽ നിങ്ങൾ തരേണ്ട തുക കുറച്ചു കൊടുക്കണം , എന്നാൽ ഞാൻ വരാം’’. പരിപാടി ഗംഭീരമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. അതിയായ സന്തോഷം സമാധാനം.
അങ്ങയുടെ നന്മയുള്ള മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് കൈകൂപ്പി ആദരിക്കുന്നു. വിശ്വവിഖ്യാതനായ നമ്മുടെ സ്വന്തം ജഗതി ശ്രീകുമാർ എന്ന നമ്മുടെ അമ്പിളിച്ചേട്ടനും ഇത്തരം സന്മനസ്സ് പലപ്പോഴും കാണിച്ചതായി എനിക്കറിയാം. സങ്കടമെന്തെന്നാൽ എനിക്കോ തനൂജക്കോ അന്നേ ദിവസം അവിടെ വരാനും ചടങ്ങിൽ പങ്കെടുക്കാനും പല കാരണങ്ങളാൽ സാധിച്ചില്ല എന്നതിൽ അതിയായ ഖേഃദം പ്രകടിപ്പിക്കുന്നു.