‘നമ്മുടെ മോൾ’; കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ മുകേഷ്
Mail This Article
കേരളം ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചു തേടിയ കുഞ്ഞുമകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. നമ്മുടെ മോൾ എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നാട്ടുകാരിൽ ചിലർ കണ്ടെത്തിയ കുഞ്ഞിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ എംഎൽഎ മുകേഷ് കാണാൻ എത്തുകയായിരുന്നു. കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രം മുകേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘നമ്മുടെ മോൾ’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്.
‘‘കുട്ടി ഇപ്പോൾ സന്തോഷവതിയാണ്. എന്റെ കയ്യിൽ വന്നു, എന്നെ അറിയാമെന്ന് വന്നു. എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് കുഞ്ഞിനെ അവർ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാൽ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് അവർ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്. കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും. പൊലീസിന്റെ എഫർട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. വേറെ നിവർത്തിയില്ലാതെ വന്നതുകൊണ്ടാണ് വലിയ ബഹളമില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കേണ്ടി വന്നത്. ഏറ്റവും ഉചിതമായ തീരുമാനം തന്നെ പൊലീസും സർക്കാരും കൈക്കൊള്ളും.’’–മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് കൊല്ലം ഓയൂർ സ്വദേശിനിയായ ആറുവയസ്സുകാരിയെ ചിലർ ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോയത്. ജ്യേഷ്ഠനൊപ്പം ട്യൂഷന് പോവുകയായിരുന്നു കുട്ടി. നാട്ടുകാരും പൊലീസും ഉൾപ്പടെ പഴുതടച്ചുള്ള തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി കടന്നവർ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടെങ്കിലും ഫോൺ നമ്പർ തെരഞ്ഞപ്പോൾ മനസ്സിലായത് അത് ഒരു കടയുടമയുടേതാണ് എന്നായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കോളജിൽ പോയി മടങ്ങിയ പെൺകുട്ടികൾ ഒരു പെൺകുഞ്ഞ് ആശ്രാമം മൈതാനത്ത് ഒറ്റക്ക് ഇരിക്കുന്നത് ശ്രദ്ധിച്ചത്. ഇത് കാണാതായ പെൺകുട്ടിയല്ലേ എന്ന സംശയത്തിൽ അടുത്തുചെന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് ഒരു നാടുൾപ്പടെ തിരയുന്ന പെൺകുഞ്ഞാണോ ഇതെന്ന് അവിടെ വന്നവർക്കും മനസ്സിലായത്. പൊലീസ് എത്തി കുട്ടിയെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിനു പിന്നാലെ ജനപ്രതിനിധികളും കുട്ടിയെ സന്ദർശിക്കാൻ എത്തിയിരുന്നു.