മണ്‍മറഞ്ഞ പ്രതിഭകൾക്ക് മേളയുടെ ആദരം
Mail This Article
ഒരുവർഷത്തിനുള്ളിൽ കലാലോകത്തോട് വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര മേളയിൽ ആദരം. സംവിധായകരായ കെ.ജി. ജോർജ് , സിദ്ദീഖ് ,കെ.പി. ശശി, നടന്മാരായ ഇന്നസന്റ്, മാമൂക്കോയ, നിർമാതാക്കൾ കെ. രവീന്ദ്രൻ, പി.വി. ഗംഗാധരൻ, നിരൂപകനായിരുന്ന ഡെറിക് മാൽകം എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിച്ചത് .
ചടങ്ങിൽ കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ അധ്യക്ഷനായി. അക്കാദമി ചെയർമാൻ രഞ്ജിത്ത്, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, നടൻ മുകേഷ്, സംവിധായകരായ ടി.വി. ചന്ദ്രൻ, ജിയോ ബേബി, സിബി മലയിൽ, കമൽ, ഫാദർ ബെന്നി ബെനടിക്ട് എന്നിവർ പങ്കെടുത്തു .തുടർന്ന് മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളുടെ സംഭാവനകള്‍ അടയാളപ്പെടുത്തി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശിപ്പിച്ചു.
കെ.ജി. ജോര്‍ജിനെക്കുറിച്ച് ഡോ.ഷാഹിന കെ. റഫീഖ് എഡിറ്റ് ചെയ്ത 'ഉള്‍ക്കടലിന്റെ ആഴക്കാഴ്ചകള്‍', കെ.പി. ശശിയെക്കുറിച്ച് മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്ത 'മനുഷ്യാവകാശങ്ങളുടെ മൂന്നാം കണ്ണ് , താഹാ മാടായി എഡിറ്റ് ചെയ്ത 'സിനിമാനാടന്‍ മാമുക്കോയ', ഇന്നസന്റിനെക്കുറിച്ച് അനില്‍കുമാര്‍ തിരുവോത്ത് എഡിറ്റ് ചെയ്ത 'നര്‍മ്മരസതന്ത്രം', സിദ്ദീഖിനെക്കുറിച്ച് ബെല്‍ബിന്‍ പി. ബേബി എഡിറ്റ് ചെയ്ത ചിരിയുടെ 'ഗോഡ്ഫാദര്‍', ജനറല്‍ പിക്‌ചേഴ്‌സ് രവിയെക്കുറിച്ച് നീലന്‍ എഡിറ്റ് ചെയ്ത 'നല്ല സിനിമ :ഒരു സമര്‍പ്പിത സഞ്ചാരം' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. തുടർന്ന് കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത യവനിക പ്രദർശിപ്പിച്ചു.