ADVERTISEMENT

രജനികാന്തിനെക്കുറിച്ച് നടി രംഭ ഒരഭിമുഖത്തിൽ പറഞ്ഞ ചില പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ വിവാദമാകുന്നു. ‘അരുണാചലം’ സിനിമയുടെ സെറ്റിൽ രജനികാന്ത് ചെയ്ത തമാശകള്‍ എന്നതരത്തിൽ രംഭ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ, ഇപ്പോൾ നടനിൽ നിന്നും രംഭയ്ക്കു നേരിട്ട ദുരനുഭവം എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. സംഭവം വിവാദമായതോടെ രജനി ആരാധകർ രംഭയ്ക്കെതിരെയും രംഗത്തെത്തി. പറയുന്ന കാര്യങ്ങളിൽ കൃത്യത ഇല്ലെന്നും ഒരു വലിയ താരത്തെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ രംഭ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്

രംഭയുടെ വാക്കുകൾ: ‘‘ഉള്ളത്തൈ അള്ളിത്താ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം രജനി സർ എന്നെ വിളിച്ചു. വെപ്രാളം കാരണം എനിക്ക് എന്ത് സംസാരിക്കണമെന്ന് തന്നെ അറിയില്ലായിരുന്നു. ഞാൻ രജനികാന്തിനോട് പറഞ്ഞത് ഓർക്കുന്നു, ‘നന്ദി സർ, നന്ദി സർ. എനിക്ക് നിങ്ങളോടൊപ്പം അഭിനയിക്കണം സർ.’ അദ്ദേഹം പറഞ്ഞു "ഉറപ്പായും നമ്മൾ ഒരുമിച്ച് ഒരു സിനിമ ചെയ്യും, ഈ സിനിമയിൽ നിങ്ങൾ നന്നായി ചെയ്തു" എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ചു.

അരുണാചലത്തിൽ അഭിനയിക്കുമ്പോൾ രജനികാന്ത് തന്നെ പ്രാങ്ക് ചെയ്യാൻ ശ്രമിച്ചതിനെപ്പറ്റി രംഭ പറഞ്ഞത് ഇങ്ങനെയാണ്.

‘‘ഞാൻ ഹൈദരാബാദിൽ രാവിലെ 7 മണിക്ക് ഷൂട്ടിങിനു തയാറായി നിൽക്കുന്നു. എന്നാൽ അന്ന് എനിക്ക് ഷൂട്ട് ഇല്ല എന്ന് സുന്ദർ സി എന്നോട് പറഞ്ഞു. മൂന്ന് ദിവസം ഷൂട്ടില്ലാതെ ഞാൻ അവിടെ തങ്ങി.  എനിക്ക് വല്ലാതെ ദേഷ്യം വന്നു. നാലാം ദിവസം ഞാൻ സുന്ദർ സിയോട് കാര്യം ചോദിച്ചു. ഈ സിനിമയിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്നും ഞാനിത് രജനി സാറിനോട് ചോദിക്കാമെന്നും പറഞ്ഞു.  രജനി സാറിനോട് ചോദിച്ചപ്പോൾ ഈ സിനിമയിൽ ഉറപ്പായും ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.  

അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് ഷൂട്ടിങ് ഉണ്ട്, ഞാൻ 6: 55 ന് എന്റെ ഷോട്ടിന് റെഡിയായി പോയി, പക്ഷേ രജനി സാർ അവിടെ ഫുൾ മേക്കപ്പിൽ വെയിറ്റ് ചെയ്യുകയായിരുന്നു, അപ്പോഴേക്കും ഞാൻ പോയി 'ഗുഡ് മോർണിങ് സർ' എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ഈ വേഷം സുസ്മിത സെന്നിനു വേണ്ടി എഴുതിയതാണ് അവർക്ക് അസൗകര്യം ഉള്ളതുകൊണ്ടാണ് എന്നെ വിളിച്ചതെത് എന്ന്.  അയ്യോ ഇത്രയും വലിയ ഒരു നടി ചെയ്യേണ്ട വേഷമാണോ എന്നെ എന്നെ തേടിയെത്തിയത് എന്നായിരുന്നു ഞാൻ അതിശയിച്ചത്.  രജനികാന്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.  അങ്ങനെ രജനി സാർ, കമൽ സാർ എന്നിവരോടൊപ്പം  സ്വപ്നം പൂർത്തിയായി.

അരുണാചലത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ സൽമാൻ ഖാനൊപ്പം ബന്ധൻ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു.  രജനികാന്തിനൊപ്പം ഹൈദരാബാദിൽ ഷൂട്ടിങിലായിരുന്നതിനാൽ ബന്ധൻ ടീമും ഹൈദരാബാദിൽ തന്നെ തുടർന്നു.  രാവിലെ ഞാൻ രജനി സാറിനൊപ്പവും ഉച്ച മുതൽ സൽമാൻ ഖാനൊപ്പം ബന്ധനിലും അഭിനയിക്കും. ഒരു ദിവസം സൽമാൻ ഖാനും ജാക്കി ഷ്റോഫും രജനി സാറിനൊപ്പം അരുണാചലം സെറ്റിൽ എത്തി.  

അവരെ കണ്ടപ്പോൾ ഞാൻ ഓടിപോയി കെട്ടിപ്പിടിച്ചു. അതൊരു ബോംബെ സംസ്കാരമാണ്.  രജനി സാർ ഇത് ശ്രദ്ധിച്ചു. അവർ പോയതിനു ശേഷം രജനി സാറും സുന്ദറും തമ്മിൽ ഗൗരവതരമായ ചർച്ച നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. രജനി സാർ ദേഷ്യത്തിൽ കഴുത്തിൽ നിന്ന് തൂവാല താഴേക്ക് എറിയുന്നത് ഞാൻ കണ്ടു. സുന്ദർ സി. രജനി സാറിനോട് അപേക്ഷിച്ചുകൊണ്ടിരിക്കെ എന്നെയും നോക്കുന്നുണ്ടായിരുന്നു. ഞാൻ ആശയക്കുഴപ്പത്തിലായി. ക്യാമറമാൻ യു.കെ. സെന്തിൽ കുമാർ എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘‘ഇതെന്താ രംഭ, നീ എന്താണ് ചെയ്തുവച്ചിരിക്കുന്നത്?’’ ഞാൻ എന്ത് ചെയ്തു എന്ന് എനിക്ക് മനസ്സിലായില്ല.

ഞാൻ കൃത്യസമയത്ത് വന്ന് എല്ലാ ഡയലോഗുകളും കൃത്യമായി പഠിച്ച്  അധികം ടേക്കുകൾ വരാതെ ജോലി ചെയ്തുപോവുകയാണ്. ഞാൻ എന്ത് തെറ്റാണു ചെയ്തത്?  ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് പോലും എന്റെ മമ്മ ചോദിച്ചു.  എന്റെ കൂടെ അഭിനയിക്കില്ലെന്ന് രജനികാന്ത് പറഞ്ഞു എന്നാണ് സെറ്റിലുള്ളവർ എന്നോട് പറഞ്ഞത്.  ഞാൻ ആകെ ആശയക്കുഴപ്പത്തിലായി കരയാൻ തുടങ്ങി. അപ്പോൾ രജനികാന്ത് ഓടിവന്നു. നിങ്ങൾ എന്തിനാണ് ഈ കുട്ടിയെ കരയിപ്പിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരേയും ശാസിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.

രജനി സാർ യൂണിറ്റിലെ എല്ലാവരെയും വിളിച്ച് അണിനിരത്തി. അദ്ദേഹം പറഞ്ഞു ‘‘രാവിലെ സൽമാൻ ഖാനും എല്ലാവരും വന്നപ്പോൾ രംഭ പോയി അവരെ കെട്ടിപ്പിടിച്ചു? പക്ഷേ സാധാരണ ഞങ്ങളുടെ സെറ്റിൽ വരുമ്പോൾ അവൾ ഗുഡ് മോർണിങ് പറഞ്ഞു പോകാറാണ് പതിവ്. വടക്കേ ഇന്ത്യയിൽ നിന്ന് വന്നവർ ആയതുകൊണ്ടാണോ അവരോടു അങ്ങനെ ചെയുന്നത്. ഞങ്ങൾ ദക്ഷിണേന്ത്യക്കാരായതിനാൽ എന്തെങ്കിലും കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഗുഡ് മോണിങ് സർ, ഗുഡ് മോണിങ് സർ എന്നു പറഞ്ഞ് നേരെ പോയി പുസ്തകം വായിക്കാൻ ഇരിക്കും. അദ്ദേഹം അവിടെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അങ്ങനെയൊരു രജനി സാറിനെ ഞാൻ കണ്ടിട്ടേ ഇല്ല. നാളെ മുതൽ എല്ലാ ലൈറ്റ് ബോയ്‌സും നിൽക്കട്ടെ, രംഭ എല്ലാവർക്കും ഒരേ രീതിയിൽ ആലിംഗനം കൊടുക്കണം. അതിനുശേഷം മാത്രമേ ഷൂട്ടിങ് ഉണ്ടാകൂ. ഇല്ലെങ്കിൽ ഷൂട്ട് ഇല്ല എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഭയന്നുപോയി.  പക്ഷേ അദ്ദേഹം കളി പറഞ്ഞതാണെന്ന് പിന്നെയാണ് മനസ്സിലായത്.

മറ്റൊരു സംഭവം കൂടി നടന്നു. ചിത്രീകരണത്തിനിടയിൽ ഞങ്ങളെല്ലാം ഒരു കുടുംബംപോലെയാണ് കഴിയുന്നത്. ലൈറ്റ്മാനും ഡാൻസേഴ്സും എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും ഇരിക്കുന്നും. ഒരു ദിവസം ഉച്ച കഴിഞ്ഞൊരു സമയത്ത് സെറ്റിലെ ലൈറ്റുകളെല്ലാം ഓഫ് ആയി. പെട്ടന്ന് ആരോ എന്റെ തോളിൽ കയറി പിടിച്ചു. ഞാൻ പേടിച്ച് അലറിവിളിച്ചു.  ലൈറ്റ് ഓണ്‍ ചെയ്തതിന് ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചര്‍ച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്.’’–രംഭ പറയുന്നു.

രംഭയുടെ വാക്കുകൾക്ക് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വ്യാഖ്യാനമാണ് ഉണ്ടായത്. രജനികാന്തിനെ രംഭ മോശമായി ചിത്രീകരിച്ചുവെന്നും വിമർശനമുണ്ട്. ഒരിക്കൽ തെന്നിന്ത്യ അടക്കി വാണ ഗ്ലാമര്‍ താരമാണ് രംഭ.  സിനിമയില്‍ വരുമ്പോള്‍ അമൃത എന്നായിരുന്നു പേര് പിന്നീട് പേര് രംഭ എന്ന് മാറ്റുകയായിരുന്നു. ബോളിവുഡ് സിനിമയിലും സൗത്ത് ഇന്ത്യന്‍ സിനിമയിലും രംഭ  അഭിനയിച്ചിട്ടുണ്ട്.  വിവാഹത്തോടെ സിനിമയിൽ നിന്ന് വിടപറഞ്ഞ രംഭ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം.

English Summary:

Rambha's latest interview about Rajinikanth sparks controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com