ADVERTISEMENT

നായകനായും സ്വഭാവ നടനായും പ്രതിഭ തെളിയിച്ചിട്ടുണ്ടെങ്കിലും ജഗദീഷ് എന്ന നടനെക്കുറിച്ച് ചിന്തിക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക്  ആദ്യമെത്തുക ‘കാക്ക തൂറിന്നാ തോന്നുന്നേ’, ‘എച്ചൂസ്മീ’, ‘ബേസിക്കലി ഞാനൊരു ലൗവറാണ്’ ‘എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിംപിൾ ഡ്രസ്സ് ധരിക്കുന്ന പുരുഷൻമാരെ ഇഷ്ടമല്ലേ?’ ‘തുടങ്ങിയ നർമ സംഭാഷണങ്ങളും രംഗങ്ങളുമാകും. ജഗദീഷ് അനശ്വരമാക്കിയ ഒട്ടേറെ കോമഡി വേഷങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ചിരി പടർത്താറുണ്ട്. കോമഡിയാണ് സിനിമയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഏറ്റവും പാടുള്ളതെന്നു പറയാറുണ്ട്. അതുകൊണ്ടാകാം ഒരു കാലത്ത് മലയാളികളെ ചിരിപ്പിച്ച പല താരങ്ങളും സ്വഭാവ നടൻമാരായി അനായാസം പകർന്നാട്ടം നടത്തുന്നതും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതും. സലീം കുമാറും ഇന്ദ്രൻസും സുരാജ് വെഞ്ഞാറമൂടും ജോജുവുമൊക്കെ സമീപകാല ഉദാഹരണങ്ങളിൽ ചിലത് മാത്രം.  

കോമഡി വേഷങ്ങളിൽ തിളങ്ങി നിൽക്കുമ്പോൾത്തന്നെ നായകനായും പ്രതിനായകനായും സ്വാഭവ നടനായും ജഗദീഷ് വേഷമിടുകയും അതിൽ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ, സ്ത്രീധനം, പൊന്നാരംതോട്ടത്തെ രാജാവ്, ഗൃഹപ്രവേശം, വെൽക്കം ടു കൊടൈക്കനാൽ, സ്ഥലത്തെ പ്രധാന പയ്യൻസ് എന്നീ സിനിമകളിൽ നായകനായും വരവേൽപ്പ്, വക്കീൽ വാസുദേവ്, സന്താന ഗോപാലം, നയം വ്യക്തമാക്കുന്നു തുടങ്ങിയ സിനിമകളിൽ നെഗറ്റീവ് വേഷങ്ങളിലും ജഗദീഷ് തിളങ്ങി. എന്നിരുന്നാലും അത്തരം കഥാപാത്രങ്ങൾക്കു കാര്യമായ തുടർച്ചകൾ ഉണ്ടായിട്ടില്ല.

jagadish-34

2016-ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം ‘ലീല’യിലെ തങ്കപ്പൻ നായർ ജഗദീഷിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു. മദ്യ ലഹരിയിൽ സ്വന്തം മകളെ മാനഭംഗപ്പെടുത്തുന്ന നിന്ദ്യനും ക്രൂരനുമായ പിതാവിനെ സ്ക്രീനിലേക്ക് പകർത്തിയപ്പോൾ അപ്പുക്കുട്ടനായും മായൻകുട്ടിയായും ഹൃദയഭാനുവായുമൊക്കെ തങ്ങളെ ചിരിപ്പിച്ച ജഗദീഷിനെ പ്രേക്ഷകർ ആദ്യമായി ‘വെറുത്തു’. നടനെന്ന നിലയിൽ ജഗദീഷിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി അത് മാറി. അതൊരു തുടക്കം മാത്രമായിരുന്നു. ശക്തമായ ക്യാരക്ടർ വേഷങ്ങളും തന്നിൽ സുരക്ഷിതമാണെന്ന് വിളിച്ചു പറഞ്ഞ പ്രകടനം. 

‘ലീല’യിലെ കഥാപാത്രത്തിനും കാര്യമായ തുടർച്ചകളുണ്ടായില്ല. എന്നാൽ ആറു വർഷങ്ങൾക്കു ശേഷം, അതുവരെ മലയാളികൾക്ക് പരിചിതനല്ലാത്തൊരു ജഗദീഷിനെ പ്രേക്ഷകർ കണ്ടു. ജഗദീഷ് 2.0 എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഒരു ടോട്ടൽ ട്രാൻസ്ഫർമേഷനായിരുന്നു പിന്നീട് കണ്ടത്. 2022, 2023 വർഷങ്ങളിൽ ജഗദീഷ് തന്നിലെ നടനെ പുതുക്കി പണിതു കൊണ്ടിരുന്നു. ജഗദീഷിന്റെ അവിശ്വസനീയമായ പകർന്നാട്ടം കണ്ടു കയ്യടിച്ചവരുടെ കൂട്ടത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ടായിരുന്നു. 

റൊഷാക്കിലെയും പുരുഷ പ്രേതത്തിലെയും പൊലീസ് വേഷങ്ങൾ ഒരേ സമയം റഫ്നസ്സും നെഗറ്റീവ് ഛായയുമുള്ളതായിരുന്നു. ഷാജി കൈലാസ്–പൃഥ്വിരാജ് ചിത്രം കാപ്പയിലും തികച്ചും വ്യത്യസ്തനായൊരു ജഗദീഷിനെ പ്രേക്ഷകർ കണ്ടു. കൊട്ട മധുവെന്ന ഗുണ്ടാനേതാവിന്റെ വിശ്വസ്തനും വലംകൈയുമായ ജബ്ബാർ ഇക്കയെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ഒന്നിലധികം അടരുകളുള്ള, ഒട്ടേറെ വൈകാരിക രംഗങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തിലൂടെ ജഗദീഷ് പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. പൃഥ്വിരാജിന്റെ കൊട്ട മധുവെന്ന നായക കഥാപാത്രത്തിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിലും ജബ്ബാറിനു പ്രധാന്യമുണ്ടായിരുന്നു. 

ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലമെന്ന ചിത്രത്തിൽ വിജയരാഘവന്റെ ഇട്ടുപ്പിനും കെപിഎസി ലീലയുടെ കൊച്ചു ത്രേസ്യാമ്മയ്ക്കും ഒപ്പം നിൽക്കുന്ന കഥാപാത്രമായിരുന്നു ജഗദീഷ് അവതരിപ്പിച്ച കൊച്ചൗസേപ്പെന്ന അധ്യാപകൻ. ത്രികോണ പ്രണയത്തിലെ നായകന്റെ വേഷത്തിൽ ജഗദീഷ് മികവാർന്ന പ്രകടനം പുറത്തെടുത്തു. 

സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ഗരുഡനിലും കഥാഗതിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന നിർമാണത്തൊഴിലാളിയും മദ്യപനുമായ സലാമിന്റെ വേഷത്തിലും ജഗദീഷ് പക്വതയാർന്ന അഭിനയം പുറത്തെടുത്തു. 

ഫാലിമിയിലും നേരിലും ജഗദീഷിന് അച്ഛൻ വേഷങ്ങളായിരുന്നു. ഫാലിമിയിലെ ഉത്തരവാദിത്തമില്ലാത്ത, മക്കളുമായി ആത്മബന്ധമില്ലാത്ത മധ്യവയസ്കനായ പിതാവിന്റെ വേഷം ജഗദീഷ് ഗംഭീരമാക്കി. ഈ വർഷത്തെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണിത്. സൂക്ഷ്മ ചലനങ്ങളിലൂടെ ചന്ദ്രൻ എന്ന കഥാപാത്രത്തെ അദ്ദേഹം വേറിട്ടതാക്കി. മഞ്ജു പിള്ളയ്ക്കും ബേസിലിനുമൊപ്പമുള്ള കോമ്പിനേഷൻ സീനുകളിലും ജഗദീഷ് നന്നായി സ്കോർ ചെയ്യുന്നുണ്ട്. 

jagadish-342

മകൾക്കു നീതി കിട്ടാനായി നിയമപോരാട്ടം നടത്തുന്ന മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് നേരിൽ ജഗദീഷ് അവതരിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ ദുർബലനും നിസ്സഹായനുമായി പോകുന്നുണ്ട് മുഹമ്മദെന്ന കഥാപാത്രം. എന്നാൽ മകളുടെ പോരാട്ടവീര്യത്തിനു മുന്നിൽ കരുത്താർജ്ജിച്ച് പൊരുതാനുറച്ചു മുന്നോട്ടു വരുന്ന പിതാവിനെ പിന്നീട് കാണാം. മോഹൻലാലും സിദ്ദീഖും അനശ്വരയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ സ്പ്പോർട്ടിങ് റോളിൽ ജഗദീഷും തിളങ്ങി നിൽക്കുന്നു.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയറാം–മിഥുൻ മാനുവൽ തോമസ് ചിത്രം അബ്രഹാം ഓസ്‍ലറാണ് ജഗദീഷിന്റെ റിലീസിനു തയാറെടുക്കുന്ന പുതിയ ചിത്രം. ഫൊറൻസിക് സർജന്റെ വേഷത്തിൽ എത്തുന്ന ജഗദീഷ് പുതുവർഷത്തിലും പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്ന് പ്രതീക്ഷിക്കാം.

English Summary:

5 movies of Jagadish that proves his versatility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com