ADVERTISEMENT

ഖൽബ്’ എന്ന ചിത്രത്തിൽനിന്നു പിന്മാറിയതിനോ അഡ്വാൻസ് തുക മടക്കി തരാത്തതിനോ ഷെയ്ൻ നിഗവുമായി പിണക്കമില്ലെന്ന് സംവിധായകൻ സാജിദ് യഹിയ. ഒരുപാട് പ്രതിസന്ധികൾ കാരണം മുടങ്ങിപ്പോയ ചിത്രമാണ് ഖൽബ്. പിന്നീട് പടം തുടങ്ങാൻ ശ്രമിച്ചപ്പോൾ ചിലരുടെ ഇടപെടൽ മൂലമാണ് പലതും സംഭവിച്ചത്. അഡ്വാൻസ് നൽകിയതിൽ പകുതി തുക ഷെയ്ൻ തിരിച്ചു നൽകിയെന്നും സംഭവിച്ചതിനൊന്നും ഷെയ്നിനെയോ കുടുംബത്തെയോ കുറ്റം പറയുന്നില്ലെന്നും അവരെല്ലാം ഇന്നും തന്റെ സുഹൃത്തുക്കളാണെന്നും സാജിദ് യഹിയ പറയുന്നു. മൂവി വേൾഡ് മീഡിയയ്‌ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാജിദ്. 

‘‘വളരെ നല്ല അഭിനേതാവാണ് ഷെയ്ൻ നിഗം. ഞാൻ ഇഷ്ടപ്പെടുന്ന, വ്യക്തിപരമായി എനിക്ക് വളരെ സ്നേഹമുള്ള ഒരാളാണ്. ഷെയ്നിന്റെ എല്ലാ ചിന്താരീതികളും എനിക്ക് വലിയ ഇഷ്ടമാണ്. ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ കാണുന്ന വിഡിയോകളിലൂടെയോ അഭിമുഖങ്ങളിലൂടെയോ വിലയിരുത്തേണ്ട ഒരു നടനോ വ്യക്തിയോ അല്ല ഷെയ്ൻ. ഈ പ്രായത്തിൽ മലയാളത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ച ഒരാൾ തന്നെയാണ് അദ്ദേഹം. ‘ഖൽബി’ൽ സംഭവിച്ചത് എന്റെ ഭാഗത്തോ ഷെയ്നിന്റെ ഭാഗത്തോ നിന്നുവന്ന പ്രശ്നമല്ല. ഈ സിനിമ നടക്കേണ്ട സമയത്ത് നടന്നില്ല. കൊറോണയ്ക്ക് മുമ്പ് ചിത്രം അനൗൺസ് ചെയ്തു തുടങ്ങാൻ പോകുന്ന സമയത്ത് പ്രൊഡ്യൂസേഴ്‌സിന് ചില പ്രശ്നങ്ങൾ വരുന്നു. പ്രശ്നങ്ങളിൽ പെട്ട് ടൈറ്റിൽ പോലും റജിസ്റ്റർ ചെയ്യാൻ പ്രൊഡ്യൂസേഴ്‌സിന് കഴിഞ്ഞില്ല. അവരുടെ രണ്ടുമൂന്നു സിനിമകൾ ബ്ലോക്ക് ആയി നിൽക്കുകയാണ്. അതിനിടയ്ക്ക് എന്റെ സിനിമ എങ്ങനെ തുടങ്ങും. ഒന്നും ചെയ്യാൻ പറ്റില്ല, എല്ലാവരും സ്റ്റക്ക് ആയി, ഞാനും സ്റ്റക്കായി. സിനിമാപ്രാന്തൻ പ്രൊഡക്‌ഷൻസ് ഈ സിനിമ ചെയ്യാൻ ഇരുന്നതാണ്, അതും നടപടി ആകുന്നില്ല. ഞങ്ങൾ അതിന്റെ പുറകെ ഓടുന്നു. ഞങ്ങളെല്ലാവരും, ഷെയ്നും ഉണ്ണിയും ഉൾപ്പെടെ എല്ലാവരും ശ്രമിച്ചു. അവസാനം അതിന്റെ പര്യവസാനം ഇങ്ങനെ ആകുന്നു. 

വീണ്ടും തുടങ്ങാൻ ശ്രമിക്കുമ്പോൾ ക്യാമറമാന് അപകടം. അവിടെ ഞങ്ങൾ പിന്നെയും ബ്ലോക്ക് ആയി. അതിനുശേഷം വീണ്ടും തുടങ്ങിയപ്പോഴാണ് കൊറോണ വരുന്നത്. കൊറോണ വന്നതിനുശേഷം ഇത്രയും ഗ്യാപ്പ് ആയപ്പോൾ തന്നെ ഇതിൽ പല സ്ഥലത്തുനിന്നും പല അഭിപ്രായങ്ങളും വരും. പല ആളുകളും പലതും പറയും. അഭിപ്രായങ്ങൾ അഡ്ജസ്റ്റ് ചെയ്യുന്ന ആൾക്കാർ ഉണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ പറ്റില്ല. ഈ സിനിമ എന്റെ തീരുമാനമാണ്. അഡ്വാൻസിന്റെ കാര്യമൊക്കെ രണ്ടാമത്തെ കാര്യമാണ്. പൈസയൊക്കെ എപ്പോ വേണമെങ്കിലും കിട്ടും. അഡ്വാൻസ് കൊടുത്തതിന്റെ ഫുൾ എമൗണ്ട് തിരിച്ചു തന്നിട്ടില്ല. 

ഈ പടത്തിനു വേണ്ടി ഒരു ദിവസം പ്രമോഷനു ഷെയ്ൻ വന്നിട്ടുണ്ടായിരുന്നു. പകുതി പണം തിരിച്ചു തന്നിട്ടുണ്ട്. അതിന്റെ പേരിൽ ഞാൻ പരാതിക്കൊന്നും പോയില്ല. വ്യക്തിപരമായി അവരെ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവർക്കെതിരെ ഒരു പ്രശ്നമുണ്ടാക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും പണത്തിന് രണ്ടാം സ്ഥാനമേ കൊടുത്തിട്ടുള്ളൂ. ഞാൻ കോടികൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്റെ ബാപ്പ യഹിയ ഉണ്ടാക്കിയ ഒരു പാരമ്പര്യമുണ്ട്. അത് ഞാൻ എന്റെ ജീവിതത്തിൽ ഉടനീളം പിന്തുടരുന്നുണ്ട്. പണം ഒക്കെ എനിക്ക് ആരോഗ്യമുള്ളിടത്തോളം കാലം ഉണ്ടാക്കാൻ കഴിയും. ഈ സിനിമയിൽ അഭിനയിച്ചില്ല എന്ന് കരുതി ഞങ്ങൾ തമ്മിൽ അടിപിടിയോ പിണക്കമോ ഒന്നുമില്ല.

വ്യക്തിപരമായി അവരൊക്കെ നല്ല ആളുകളാണ്. ഞാൻ എപ്പോഴും അവരോടൊപ്പം നിന്നിട്ടേ ഉള്ളൂ. വളരെ ഈസിയായി ബൈ പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. സിനിമയുടെ ടീസർ ഇറങ്ങിയപ്പോൾ ഞാൻ ഷെയ്നിന് അയച്ചുകൊടുത്തു. സാജിദേ നന്നായിട്ടുണ്ട് എന്നാണ് ഷെയ്ൻ മറുപടി പറഞ്ഞത്. ഒരിക്കലും ഇത് ഷെയ്നോ അവരുടെ വീട്ടുകാരോ ഉണ്ടാക്കിയ പ്രശ്നങ്ങളല്ല. ഇതിനിടയ്ക്ക് കുറെ പേരുടെ കളി നടന്നു. അവർക്ക് അതിൽ നിന്ന് നേട്ടം ഉണ്ടാകുമായിരിക്കും പക്ഷേ അത്തരത്തിൽ ഒരു നേട്ടം എനിക്ക് വേണ്ട. എന്നെ പിന്തുണയ്ക്കാനും സഹായിക്കാനും ഒരുപാട് പേർ നിൽപ്പുണ്ട്. ഒരു കൈ വിട്ടു പോയാൽ പത്ത് കൈ പിന്നാലെ നിൽക്കുകയാണ് എന്നെ സഹായിക്കാൻ. വിജയ് ബാബു എന്ന മനുഷ്യൻ എന്നെ സഹായിക്കാൻ മുന്നോട്ടുവന്നത് പറയാതിരിക്കാൻ കഴിയില്ല. ദൈവം എന്റെ കൂടെ ഉണ്ട് എന്ന വിശ്വാസമുണ്ട്. ’’–സാജിത് യഹിയ പറഞ്ഞു. 

ഷെയ്ൻ നിഗത്തെ നായകനാക്കി സാജിദ് യഹിയ പ്രഖ്യാപിച്ച ചിത്രമാണ് ഖൽബ്. പല കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോയ ചിത്രം വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോൾ ഷെയ്ൻ നിഗം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി ഷെയ്ൻ നിഗം വാങ്ങിയ അഡ്വാൻസ് തുക തിരിച്ചു നൽകിയില്ല എന്ന പേരിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ‘മൈക്ക്’ ഫെയിം രഞ്ജിത്ത് സജീവും നേഹ നസ്‌നീനുമാണ് ഖൽബിലെ നായികാനായകന്മാരായത്. സിദ്ദീഖ്, ലെന, ശ്രീധന്യ എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് പിന്നീട് ചിത്രം നിർമിച്ചത്.

English Summary:

Sajid Yahiya About Shane Nigam

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com