ആദ്യദിനം 24 കോടി, രണ്ടാം ദിനം ഇരട്ടി കലക്‌ഷൻ; ‘ഫൈറ്റർ’ കുതിക്കുന്നു
Mail This Article
ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ആക്‌ഷൻ എന്റർടെയ്നർ ‘ഫൈറ്റർ’ സിനിമയ്ക്കു ഗംഭീര റിപ്പോർട്ട്. രണ്ട് ദിവസങ്ങൾകൊണ്ട് ചിത്രം വാരിയത് 60 കോടി രൂപയാണ്. ആദ്യ ദിനം 24 കോടി മാത്രമാണ് ചിത്രത്തിനു ലഭിച്ചത്. റിപ്പോർട്ടുകൾ പോസിറ്റിവ് ആയി മാറിയതോടെ രണ്ടാം ദിനം ലഭിച്ചത് ആദ്യ ദിവസത്തേതിന്റെ ഇരട്ടി കലക്‌ഷൻ.
ഇന്ത്യയിൽ നിന്നുമാത്രമുള്ള കലക്‌ഷനാണ് 65 കോടി. ആഗോള കലക്‌ഷനിൽ ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടംനേടിയെന്നാണ് റിപ്പോർട്ടുകൾ.
ഷാറുഖ് ഖാന്‍ നായകനായ 'പഠാന്' ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. തുടർച്ചയായി രണ്ട് സൂപ്പർഹിറ്റുകൾ നൽകി സിദ്ധാർഥ് ആനന്ദ് ബോളിവുഡിലെ മുൻനിര സംവിധായകനായി മാറിക്കഴിഞ്ഞു.
ടോം ക്രൂസ് സിനിമയായ ടോപ്പ് ഗണ്ണിനെ ഓർമിപ്പിക്കുന്ന ഗംഭീര രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സിനിമ. അത്യുഗ്രൻ വിഎഫ്ക്സ് രംഗങ്ങളാണ് സിനിമയുടെ പ്രത്യേകത. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃതിക് അവതരിപ്പിക്കുന്നത്. ദീപികയും എയർഫോഴ്സ് ഉദ്യോഗസ്ഥയായി എത്തുന്നു.
രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാല്‍-ശേഖര്‍ സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. പഠാൻ സിനിമയുടെ ക്യാമറയും സത്ചിത് ആയിരുന്നു.
വിക്രം വേദയാണ് ഫൈറ്ററിനു മുമ്പ് ഹൃതിക്കിന്റേതായി റിലീസ് ചെയ്ത സിനിമ. തമിഴ് ബോക്സ്ഓഫിസിൽ ഹിറ്റായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്ക് പക്ഷേ ബോളിവുഡിൽ വേണ്ടത്ര ശ്രദ്ധനേടിയില്ല.