ADVERTISEMENT

‘ലാൽ സലാം’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ അച്ഛൻ രജനികാന്തിനെക്കുറിച്ചുള്ള ഐശ്വര്യ രജനികാന്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ പ്രസംഗിക്കുന്ന വിഡിയോ പുറത്തുവിട്ട് സൺ പിക്ചേഴ്സ്. സമൂഹ മാധ്യമങ്ങളിൽ രജനികാന്തിനെ ചിലർ സംഘി എന്നു വിളിച്ച് അധിക്ഷേപിക്കുന്ന സാഹചര്യത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം. സിനിമയെക്കുറിച്ച് സംസാരിച്ച ശേഷം അവസാനമായാണ് അച്ഛനെക്കുറിച്ച് ഐശ്വര്യ പറഞ്ഞു തുടങ്ങിയത്. മകളുടെ പ്രസം​ഗത്തിനിടെ രജനികാന്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു.

‘‘അവസാനമായി എന്റെ അപ്പയെക്കുറിച്ച് പറയണം. ഞാൻ എന്താണ് സംസാരിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിനും അറിയില്ല. എന്റെ ഉള്ളിൽ ഒരു വിഷമമുണ്ടെങ്കിൽ അദ്ദേഹം എന്റെ കൂടെ ഉണ്ടാകും, പൈസ തന്ന് മാറ്റാവുന്ന വിഷമമാണെങ്കില്‍ അതും നൽകും. പക്ഷേ ഒരു സിനിമ തരേണ്ട ആവശ്യം അദ്ദേഹത്തിനില്ല. എനിക്ക് അദ്ദേഹം സിനിമയും ഒരു ഭാവിയും നൽകിയിരിക്കുന്നു.

ഈ സിനിമയിൽ അദ്ദേഹം അഭിനയിക്കാൻ കാരണം ഞാനാണ്. എനിക്കു വേണ്ടിയാണ് ആ തീരുമാനമെടുത്തത്.

സമൂഹ മാധ്യമങ്ങളിൽ നിന്നു മാറിനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവർ കാണിച്ചുതരും. അതെല്ലാം കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്. നമ്മളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നു. അതിന്റെ അർഥം എന്താണെന്ന് എനിക്കറിയില്ല. സംഘിയുടെ അർഥം എന്താണെന്ന് ചിലരോട് ചോ​ദിച്ചു.

ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവർ പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം ‘ലാൽസലാം’ പോലൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ.

35 വർഷമായി അച്ഛൻ നേടിയെടുത്ത കീർത്തിയാണിത്. ഒരാൾക്കു പോലും, അത് മകളായാൽ പോലും അതു വച്ച് കളിക്കാൻ അവകാശമില്ല. അച്ഛനൊപ്പം ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ സന്ദേശമാണ് ഇതദ്ദേഹം തിരഞ്ഞെടുക്കാനുള്ള കാരണം.’’–ഐശ്വര്യ പറഞ്ഞു.

ഐശ്വര്യയുടെ വാക്കുകൾ മറ്റു ചർച്ചകൾക്കു വഴി വച്ചതോടെ വിശദീകരണവുമായി രജനി പിന്നീട് രംഗത്തെത്തുകയും ചെയ്തു. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തത്. ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'ലാൽ സലാം'. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. മൊയ്ദീൻ ഭായ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

English Summary:

Aishwarya says dad Rajinikanth 'wouldn't have done' 'Lal Salaam' if he was Sanghi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com