ADVERTISEMENT

ഹോളിവുഡിലെ സോണി സ്റ്റുഡിയോസിൽ ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് മോഹൻലാൽ. ഹോളിവുഡ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് ആകാംക്ഷജനിപ്പിക്കുന്ന ഈ വാർത്ത മോഹൻലാൽ പ്രേക്ഷകരുമായി പങ്കുവച്ചത്. ‘‘ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍  മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിന്‍റെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു.’’–മോഹന്‍ലാല്‍ കുറിച്ചു. 

പുറകിലെ സ്ക്രീനിൽ ബറോസിൽ മൊട്ടയടിച്ച ഗെറ്റപ്പിലുളള മോഹൻലാലിനെയും കാണാം. ബറോസിന്റെ ഓരോ വാർത്തകളും ചിത്രത്തെ ആവേശ കൊടുമുടിയിലെത്തിക്കുന്നുവെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം.

സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലാന്‍ഡ‍ിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി. 

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ തന്നെയാണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം. സംഗീതം ലിഡിയന്‍ നാദസ്വരം.

ചിത്രത്തിൽ മോഹൻലാലിന് രണ്ടു ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്.വാസ്കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാണ്. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ത്തന്നെ രംഗത്തെത്തും. 

English Summary:

Mohanlal at Sony Studios Hollywood with Mark Kilian & Jonathan Miller for fine tuning of Barroz's Music and sound

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com