ഭ്രമയുഗം പ്രസ്മീറ്റിൽ ‘ബ്ലാക്ക് ആൻഡ് വൈറ്റിൽ’ തിളങ്ങി മമ്മൂട്ടി
Mail This Article
ഭ്രമയുഗം സിനിമയുടെ പ്രസ്മീറ്റിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിലെത്തി മമ്മൂട്ടി. സിനിമയോട് ചേരുന്ന തീമിലുള്ള ബ്ലാക്ക് ആൻഡ് ൈവറ്റ് വസ്ത്രത്തിലാണ് മമ്മൂട്ടി പ്രസ്മീറ്റിനെത്തിയത്. ഭ്രമയുഗം സിനിമ റിലീസിനെത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണ്. മമ്മൂട്ടി വെള്ള ഷർട്ടും കറുത്ത പാന്റ്സും അണിഞ്ഞെത്തിയപ്പോൾ അർജുൻ അശോകൻ, സംവിധായകൻ രാഹുൽ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചെത്തുകയുണ്ടായി.
അതേസമയം ‘ഭ്രമയുഗം’ എന്ന സിനിമ കാണാൻ ശൂന്യമായ മനസ്സോടെ പ്രേക്ഷകർ തിയറ്ററുകളിലേക്കെത്തണമെന്നാണ് മമ്മൂട്ടി മമ്മൂട്ടി പറയുന്നത്. മുൻവിധികളോടെ വന്നു കണ്ടാൽ അത് ആസ്വാദനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഈ സിനിമ കാണാൻ വരുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസ്സിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം ഞങ്ങൾ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. ഈ സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കിൽ മാത്രമേ ഈ സിനിമ ആസ്വദിക്കാൻ പറ്റൂ.
യാതൊരു മുൻവിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങൾ ആദ്യമേ ആലോചിക്കരുത്. അങ്ങനെ നിങ്ങൾ പ്രതീക്ഷിച്ചതുപോലെ സംഭവിക്കുമ്പോൾ നിങ്ങളുടെ ആസ്വാദനം കുറഞ്ഞു പോകും. അതുകൊണ്ട് വളരെ ശുദ്ധമായ മനസ്സോടെ, സന്തോഷത്തോടെ വന്ന് സിനിമ കാണൂ. ഇത് ഭയപ്പെടുത്തുമെന്നോ ഭീതിപ്പെടുത്തുമെന്നോ ആകുലപ്പെടുത്തുമെന്നോ ഞാൻ പറയുന്നില്ല.
ഇത് പുതുതലമുറയുടെ മലയാള സിനിമയിലെ പുത്തൻ അനുഭവം ആയിരിക്കും. ഈ സിനിമ 45 വർഷം മുമ്പ് എടുത്തിരുന്നെങ്കിലും ഇതുപോലെ ഇരിക്കുമായിരിക്കാം. പക്ഷേ നമ്മൾ വർണങ്ങളിൽ കാണുന്ന പല കാഴ്ചകളും കറുപ്പിലും വെളുപ്പിലും കാണിക്കുന്ന സിനിമയാണിത്. 18ാം നൂറ്റാണ്ടിന്റെ അവസാനം നടക്കുന്ന കഥയാണ് ഇത്. ആ കാലഘട്ടത്തിലാണ് പോർച്ചുഗീസുകാർ ഇന്ത്യയിൽ വരുന്നത്. ഇന്ത്യയിലെ തന്നെ സാമൂഹിക രാഷ്ട്രീയ വ്യത്യാസത്തിന്റെ സമയമാണ്. ആ സമയത്തിനൊക്കെ ഈ സിനിമയിൽ പ്രധാന്യമുണ്ട്. അതിനു മുമ്പൊന്നും ഈ സിനിമയെക്കുറിച്ച് ഒന്നും ആലോചിക്കരുത്, തീരുമാനിക്കരുത്, ഉറപ്പിക്കരുത്.’’– മമ്മൂട്ടി പറഞ്ഞു.
‘ഭൂതകാല’ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകും. 300ൽപരം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് വിവരം. ഫെബ്രുവരി 15 ആണ് റിലീസ് തിയതി.