ADVERTISEMENT

വാലന്റൈന്‍സ് ഡേയില്‍ പ്രണയദിന സന്ദേശവും ഒപ്പം ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പങ്കുവച്ച് ഡോ.എലിസബത്ത് ഉദയന്‍. മുമ്പ് ചെയ്ത വിഡിയോയുടെ താഴെയുള്ള നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയെന്നോണമാണ് എലിസബത്തിന്റെ പുതിയ വിഡിയോ. ആളുകളുടെ മോശം കമന്റുകൾ വേദനിപ്പിക്കുന്നുണ്ടെന്ന് എലിസബത്ത് പറയുന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ് താനെന്നും അതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ എന്നും എലിസബത്ത് ചോദിക്കുന്നുണ്ട്.

‘‘മുൻപ് ഇട്ടൊരു വിഡിയോയിൽ എനിക്ക് ഡിപ്രഷനാണ്, ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ വിഡിയോയിൽ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറേ നെ​ഗറ്റീവ് കമന്റ്സ് വന്നു.  അതിനും സത്യത്തിൽ ഡിപ്രഷൻ എന്നു പറയും. ഡിപ്രഷന് കുറച്ച് ലക്ഷണങ്ങളും പ്രശ്നങ്ങളുമൊക്കെയുണ്ട്. തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണി  കിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷൻ. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. 

ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്തയായി, അതുകൊണ്ടാണ് വിഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകൾ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോൾ എന്തെങ്കിലും തർക്കമുണ്ടോ. തർക്കമില്ല. മറ്റാർക്കും തർക്കമില്ലെന്നുമാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫെയ്സ്ബുക് ഉപയോ​ഗിച്ചു കൂടാ എന്നൊരു നിയമം ഉണ്ടോന്ന് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിനു വേണ്ടിയാണ് ഞാൻ പ്രേമ വിവാഹം കഴിച്ചതെങ്കിൽ, എനിക്ക് ഇതിന് മുൻപും ഫയ്സ്ബുക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാൻ വിഡിയോ ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു. 

കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം രണ്ട് കൊല്ലം കഴിഞ്ഞാണ് ഈ ഫെയ്സ്ബുക് അക്കൗണ്ട് തുടങ്ങുന്നത്. പക്ഷേ ഇപ്പോഴുള്ള അക്കൗണ്ടിന് മുമ്പുള്ളതിനേക്കാൾ റീച്ചുണ്ട്. സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ ആളുകൾ ഈ വിഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആ​ഗ്രഹമില്ല. ഇഷ്ടമാണെങ്കിൽ മാത്രം ഫോളോ ചെയ്താൽ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്

പ്രശസ്തയാകാനാണ് ബാലയെ കെട്ടിയതെന്നു തോന്നുന്നവർ അൺഫോളോ ചെയ്ത് പോവുക. ഇഷ്ടപ്പെടുന്നവർ മാത്രം കാണുക. എനിക്കൊരു പേജ് കൂടിയുണ്ട്, ഇത് പ്രൊഫൈൽ പേജ് ആണ്. എല്ലാവരോടും ഞാൻ സുഹൃത്തുക്കളെന്ന രീതിയിലാണ് പെരുമാറാറുള്ളത്. മുമ്പ് കമന്റുകൾക്ക് മറുപടി കൊടുക്കുമായിരുന്നു. ഡ്യൂട്ടി തിരക്കുള്ളതുകൊണ്ടാണ് കമന്റിന് മറുപടി കൊടുക്കാത്തത്.

കുറച്ചുകാലം ലീവെടുത്ത് റെസ്റ്റെടുത്താലോയെന്ന് ചിന്തിക്കുന്നുണ്ട്. നെ​ഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കുകയും എനിക്ക് വിഷമമാവുകയും ചെയ്യുന്നുണ്ട്.

മരിക്കുന്നതുവരെ ഒരാളെ കുറ്റം പറയാൻ നോക്കും. മരിച്ചശേഷം അയാളെ കുറച്ച് നല്ലതു പറയുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോൾ അയാളെ കുറ്റപ്പെടുത്താതിരിക്കുക. കുറ്റം പറയുമ്പോൾ ചിലർക്കു സന്തോഷം കിട്ടും. എല്ലാവരും വാലന്റൈൻസ് ഡേ ആഘോഷിക്കുക. നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാൻ. നമുക്ക് ഒരാവശ്യം വരുമ്പോൾ നമുക്കൊപ്പം നിൽക്കുന്ന ആളെയാകണം പ്രണയിക്കാൻ. നല്ല സന്തോഷത്തിൽ നിൽക്കുന്ന സമയത്ത് കുറേ ആളുകൾ ഉണ്ടാകും. എന്നാൽ അസുഖം വരുന്ന സമയത്ത് ഉപേക്ഷിച്ചു പോകുന്നവരുമുണ്ട്. ടോക്സിക് ബന്ധങ്ങളിൽ പെട്ടാലും മാന്യമായ രീതിയിൽ പുറത്തുകടക്കാൻ നോക്കുക. പിന്നെ പങ്കാളികളെ മനസ്സിലാക്കാൻ നോക്കുക. മനസ്സുകൊണ്ട് സ്നേഹിക്കാൻ നോക്കുക. തലച്ചോറ് ചിലപ്പോൾ ടോക്സിക്ക് ആണെന്നു പറയും, പക്ഷേ മനസ്സുകൊണ്ട് ഇഷ്ടമായിരിക്കും. നല്ല പോലെ ആലോചിച്ച് തീരുമാനമെടുക്കുക.’’–എലിസബത്ത് പറയുന്നു.

എലിസബത്ത് കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ തെറ്റായ രീതിയിലാണ് ചിലര്‍ വ്യാഖ്യാനിച്ചത്. എലിസബത്തിനു ഡിപ്രെഷൻ ആണെന്നും, ബാലയെ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടിയാണെന്നും പലരും മുൻവിധിയെഴുതി. ഇതേ തുടർന്നാണ് പ്രണയദിനത്തിൽ ഇതിനെല്ലാം മറുപടിയുമായി എലിസബത്ത് എത്തിയത്.

English Summary:

Actor Bala's wife Elizabeth Udayans valentines day special video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com