ADVERTISEMENT

അമിതാഭ് ബച്ചൻ–ജയ ബച്ചൻ ദമ്പതികളുടെ ആസ്തി കേട്ട് ഞെട്ടി ആരാധകർ. തുടർച്ചയായി അഞ്ചാം തവണയും സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്തു വിവരം വെളിപ്പെടുത്തിയത്. ഭർത്താവ് അമിതാഭ് ബച്ചന്റേത് ഉൾപ്പടെ 1,578 കോടി രൂപയുടെ സ്വത്തുവിവരമാണ്  ജയ ബച്ചൻ സമർപ്പിച്ചത്.

ചൊവ്വാഴ്ച ജയാ ബച്ചൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്മശ്രീ പുരസ്‌കാരം ലഭിച്ച 75 കാരിയായ ജയ ബച്ചൻ 2004 മുതൽ പാർട്ടി അംഗമാണ്. ജയ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, 2022-23 സാമ്പത്തിക വർഷത്തിൽ സ്വന്തം ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്.  ഇതിൽ ജയയുടെയും അമിതാബിന്റെയും ആഭരണങ്ങളും കാറുകളും ഉൾപ്പെടുന്നു.

അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ജംഗമ വസ്തുക്കളുടെ ആസ്തി 849.11 കോടി രൂപയാണ്.  ഇവരുടെ സ്ഥാവര ആസ്തി 729.77 കോടി രൂപയാണ്.  ജയ ബച്ചന്റെ ബാങ്ക് ബാലൻസ് പത്തുകോടിയിൽ പരം രൂപയും അമിതാഭ് ബച്ചന്റേത് 120 കോടി രൂപയിലധികവുമാണ്.  

40.97 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലയുള്ള ഒരു ഫോർ വീലറും ജയയുടെ വെളിപ്പെടുത്തിയ ആസ്തിയിൽ പെടുന്നു. അമിതാഭിന് 54.77 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരവും രണ്ട് മെഴ്‌സിഡീസും റേഞ്ച് റോവറും ഉൾപ്പെടെ 16 വാഹനങ്ങളുടെ ആകെ മതിപ്പ് വില 18 കോടിയോളം രൂപയാണ്. 

ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ 15 സംസ്ഥാനങ്ങളിലായി 56 സീറ്റുകളിലാണ് സമാജ് വാദി പാർട്ടി  മത്സരിക്കുന്നത്.  സ്ഥാനാർഥികളെ പ്രഖ്യാപിച്ച ഉത്തർപ്രദേശിൽ 403 അംഗ നിയമസഭയിൽ പാർട്ടിക്ക് 108 സീറ്റുകളും ഭരണകക്ഷിയായ ബിജെപിക്ക് 252 അംഗങ്ങളും കോൺഗ്രസിന് രണ്ട് അംഗങ്ങളുമാണുള്ളത്.  ജയാ ബച്ചനെ കൂടാതെ മുൻ എംപി രാംജിലാൽ സുമൻ, റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ എന്നിവരെയും പാർട്ടി നാമനിർദേശം ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തിൽ സജീവമെങ്കിലും ജയ ബച്ചൻ സിനിമയിൽ അഭിനയിക്കാനും സമയം കണ്ടെത്താറുണ്ട്.  രൺവീർ സിങ്–ആലിയ ഭട്ട് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലായിരുന്നു ജയ ബച്ചൻ ഒടുവിൽ അഭിനയിച്ചത്.

English Summary:

Jaya Bachchan and Amitabh Bachchan declare combined assets of over Rs 1,578 crore, including 17 cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com