ADVERTISEMENT

മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ നിതീഷ് ഭരദ്വാജ് പൊലീസില്‍ പരാതി നല്‍കി. മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത ഭരദ്വാജിനെതിരെയാണ് താരം പൊലീസിനെ സമീപിച്ചത്.  മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാണ് നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വനിലൂടെ മലയാളികള്‍ക്കും അദ്ദേഹം സുപരിചിതനാണ്.

ഭോപ്പാൽ പോലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്രക്കാണ് താരം പരാതി നല്‍കിയത്. മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ ഇരട്ട പെൺമക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു. നിതീഷ് ഭരദ്വാജിന്റെ പരാതിയിൽ ഭോപ്പാൽ പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.  അഡീഷനൽ ഡിസിപി ശാലിനി ദീക്ഷിതിനാണ് അന്വേഷണ ചുമതല.

12 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേർപിരിയുന്നത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. സുഹൃത്തുക്കളിലൂടെ പരസ്പരം പരിചയപ്പെട്ട നിതീഷും സ്മിതയും 2009 മാര്‍ച്ച് 14നാണ് വിവാഹിതരാകുന്നത്. 2022ല്‍ നിയമപരമായി വിവാഹോമോചനം നേടാനുള്ള നടപടികളിലേക്ക് കടന്നു. വേർപിരിഞ്ഞതിനെ തുടർന്ന് പെൺമക്കളോടൊപ്പം സ്മിത ഇൻഡോറിലേക്ക് താമസം മാറ്റിയിരുന്നു.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിതീഷ് വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചത്. 2019 സെപ്റ്റംബറിലാണ് നിതീഷ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അതേസമയം, മരണത്തെക്കാൾ വേദനാജനകമാണ് വേർപിരിയൽ എന്നും നിതീഷ് പറഞ്ഞിരുന്നു. 

നടന്‍റെ ആദ്യഭാര്യയിലുണ്ടായ രണ്ട് കുട്ടികൾ അമ്മയോടൊപ്പമാണ് കഴിയുന്നത്. മോനിഷ പട്ടേൽ ആണ് ആദ്യ ഭാര്യ. 1991ൽ വിവാഹിതരായ ഇവർ 2005ൽ വേർപിരിഞ്ഞു. പിന്നീട് 2009ൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത േഗറ്റിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു.

English Summary:

Actor Nitish Bharadwaj files complaint against estranged wife for mental harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com