ഹിന്ദി സിനിമ കാണുന്നത് നിർത്തി: ബോളിവുഡിനെ വിമർശിച്ച് നസീറുദ്ദീൻ ഷാ
Mail This Article
ഹിന്ദി സിനിമകൾ കാണുന്നത് നിര്‍ത്തിയെന്നു വെളിപ്പെടുത്തി നടൻ നസീറുദ്ദിൻ ഷാ. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ പുറത്തിറങ്ങുന്ന ‘ഷോടൈം’ എന്ന വെബ് സീരിസിന്റെ പ്രമോഷനിടെയാണ് താരത്തിന്റെ പ്രസ്താവന. പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ചലച്ചിത്ര പ്രവർത്തകർ സിനിമകൾ ചെയ്താൽ മാത്രമേ ഹിന്ദി സിനിമ മെച്ചപ്പെടുകയുള്ളൂവെന്നും കഴിഞ്ഞ നൂറ്റാണ്ട് മുതൽ ബോളിവുഡ് ഒരേ തരത്തിലുള്ള സിനിമകൾ മാത്രമാണ് നിർമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഹിന്ദി സിനിമകള്‍ ഇപ്പോൾ കാണാറില്ലെന്നും ബോളിവുഡിന്റെ 100 വർഷത്തെ പാരമ്പര്യത്തിൽ ആളുകൾ അഭിമാനിക്കുന്നത് കാണുമ്പോൾ തനിക്ക് നിരാശ തോന്നുന്നുവെന്നും നസീറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.
“ഹിന്ദി സിനിമയ്ക്ക് 100 വർഷം പഴക്കമുണ്ടെന്ന് പറയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, പക്ഷേ ഞങ്ങൾ ഒരേതരം സിനിമകൾ ചെയ്യുന്നു എന്നത് എന്നെ ശരിക്കും നിരാശപ്പെടുത്തുന്നു. ഞാൻ ഹിന്ദി സിനിമ കാണുന്നത് നിർത്തി, എനിക്ക് അവ ഒട്ടും ഇഷ്ടമല്ല. ഹിന്ദി സിനിമയെ പണം സമ്പാദിക്കാനുള്ള മാർഗമായി കാണുന്നതു നിർത്തിയാൽ മാത്രമേ അതിൽ പ്രതീക്ഷയുള്ളൂ.
പക്ഷേ ഇപ്പോൾ വളരെ വൈകിപ്പോയെന്നാണ് എനിക്ക് തോന്നുന്നത്. ഇനി ഒരു പരിഹാരവുമില്ല. ഇത്തരം സിനിമകൾ നിർമിക്കപ്പെട്ടുകൊണ്ടേയിരിക്കും, ആയിരക്കണക്കിന് ആളുകൾ അത് കാണുകയും ചെയ്യും. പ്രേക്ഷകർ അത് എത്രനാളുവരെ കാണും, ദൈവത്തിനറിയാം. ഗൗരവമുള്ള സിനിമകൾ നിർമിക്കാൻ ആഗ്രഹിക്കുന്നവർ, ഇന്നത്തെ യാഥാർഥ്യം കാണിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഫത്‌വ ലഭിക്കാത്ത വിധത്തിലോ ഇഡി വാതിലിൽ മുട്ടില്ലെന്ന് ഉറപ്പ് വരുത്തിയോ അതു ചെയ്യാൻ സാധിക്കണം.’’–നസീറുദ്ദിൻ ഷാ പറഞ്ഞു.
പുരുഷത്വത്തിന്റെ അതിപ്രസരം കാരണം ‘ആർആർആർ’, ‘പുഷ്പ’ തുടങ്ങിയ സിനിമകൾ കണ്ട് പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന താരത്തിന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ മുമ്പ് വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു.