‘ത്വക്ക് രോഗമാണെന്നു കരുതി, ആമിർ ഖാനോടും രോഗവിവരം പറഞ്ഞില്ല’: സുഹാനിയുടെ ഓർമകളിൽ വിതുമ്പി അമ്മ
Mail This Article
ദംഗൽ നടി സുഹാനി ഭട്‌നാഗറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് താരങ്ങളും ആരാധകരും കേട്ടത്. അപൂർവ രോഗമായ ഡെര്‍മറ്റോമയോസൈറ്റിസ് ബാധിച്ചാണ് സുഹാനി മരിച്ചതെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുന്ന അമ്മ പൂജ ഭട്നാഗറിന്റെ വിഡിയോ ആരാധകരുടെ കണ്ണുകളെ ഈറനണിയിക്കുന്നു.
‘‘എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളെ ഓർത്ത് അഭിമാനം കൊള്ളുന്നു. ‘ദംഗൽ പെൺകുട്ടി’ സുഹാനിയുടെ മാതാപിതാക്കളായി ഞങ്ങൾ എല്ലായിടത്തും അംഗീകരിക്കപ്പെട്ടു. ഞങ്ങളെ വിട്ടുപോകുന്നതിന് മുൻപ് ഞങ്ങളുടെ മകൾ ഞങ്ങൾക്ക് വളരെയേറെ അഭിമാനമുണ്ടാക്കി.
ആമിർ ഖാൻ എപ്പോഴും സുഹാനിയെ പിന്തുണച്ചിരുന്നു, എന്നാൽ അവളുടെ രോഗത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹത്തെയും അറിയിച്ചിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു, വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഫോണിൽ ഒരു മെസേജ് അയച്ചിരുന്നെങ്കിൽ അദ്ദേഹം ഞങ്ങളെ തിരിച്ചുവിളിക്കുമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് അയയ്ക്കുകയും ഞങ്ങളെ നേരിട്ടു വിളിക്കുകയും ചെയ്തിരുന്നു. സുഹാനിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു ആമിർ ഖാൻ. സുഹാനിക്കു കാലിനൊരു പരുക്ക് പറ്റിയിരുന്നതുകൊണ്ട് അന്ന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.
അവൾ വളരെ മിടുക്കിയായിരുന്നു, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്താൻ അവൾ ആഗ്രഹിച്ചു. ചെറുപ്പത്തിൽത്തന്നെ മോഡലിങിലും അഭിനയത്തിലും താൽപര്യമുണ്ടായിരുന്നു. 25000 കുട്ടികളിൽ നിന്നാണ് ദംഗൽ സിനിമയിലേക്ക് അവളെ തിരഞ്ഞെടുത്തത്. സ്കൂള്‍ അധികൃതരും അന്ന് അവളെ ഒരുപാട് പിന്തുണച്ചു. ആറു മാസം സ്കൂളിൽനിന്നു മാറിനിന്നാണ് അഭിനയത്തിനു പോയതെങ്കിലും പരീക്ഷയിൽ 92 ശതമാനം മാർക്കോടെയാണ് പാസായത്.
മാസ് കമ്യുണിക്കേഷൻസ് ആൻഡ് ജേണലിസത്തിൽ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. അവസാന സെമസ്റ്ററിൽ ടോപ്പർ ആയിരുന്നു അവൾ. ക്രിയേറ്റീവും ഇന്റലിജന്റുമായിരുന്നു ഞങ്ങളുടെ മകൾ. പഠനശേഷം സിനിമയിൽ സജീവമാകാനായിരുന്നു അവളുടെ സ്വപ്നം.
പെട്ടെന്നൊരു നാൾ അവളുടെ കയ്യിൽ വീക്കം വരാൻ തുടങ്ങി. പക്ഷേ അതൊരു ത്വക്ക് രോഗമാണെന്ന് ഞങ്ങൾ കരുതി. ഞങ്ങൾ അവളെ ഡെർമറ്റോളജിസ്റ്റുകളുടെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും ഒന്നും സഹായിച്ചില്ല.
എയിംസിൽ പ്രവേശിപ്പിച്ചപ്പോഴാണ് അവൾക്ക് ഡെർമറ്റോമയോസൈറ്റിസ് ആണെന്ന് കണ്ടെത്തിയത്. ചികിത്സയ്ക്കിടെ അവൾക്ക് അണുബാധ പിടിപെട്ടു, അവളുടെ ശരീരം ദ്രാവകങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങി, അതവളുടെ ശ്വാസകോശത്തെ തകർക്കുകയും അവൾ അതിന് കീഴടങ്ങുകയും ചെയ്തു.’’–അമ്മ പൂജ ഭട്നാഗറിന്റെ വാക്കുകൾ.