50 കോടി ക്ലബ്ബിലേക്കു കുതിച്ച് ‘ഭ്രമയുഗം’; തെലുങ്ക് പതിപ്പ് റിലീസിനെത്തി
Mail This Article
ബോക്സ്ഓഫിസിൽ കുതിപ്പു തുടര്‍ന്ന് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. രണ്ടാം വാരത്തിലേക്കു കടക്കുമ്പോഴും പ്രേക്ഷകരിൽ ആവേശത്തിനൊരുകുറവുമില്ല. ഇന്ന് സിനിമയുടെ തെലുങ്ക് പതിപ്പും റിലീസിനെത്തി. കേരളത്തിലും വിദേശത്തും സിനിമയ്ക്കു ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള കലക്‌ഷൻ 42 കോടി പിന്നിട്ടു കഴിഞ്ഞു.
ലോകമെമ്പാടും സിനിമാ പ്രേക്ഷകർ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യയിൽ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തരംഗമായിക്കഴിഞ്ഞു.
കേരളത്തിൽനിന്ന് ഇതുവരെയുള്ള ആകെ കലക്‌ഷൻ 17 കോടിയാണ്. കേരളത്തിൽനിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. കമേഴ്സ്യൽ സിനിമ അല്ലാതിരുന്നിട്ടു കൂടി ‘ഭ്രമയുഗ’ത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതാണ് കലക്‌ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തമിഴ്നാട്ടിൽ ചുരുക്കം ചില തിയറ്ററുകളിലാണ് റിലീസ് ചെയ്തതെങ്കിലും അദ്ഭുതകരമായ പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്. വൈഡ് റിലീസ്പോലും ചെയ്യാതെ തിയറ്ററുകളിലെത്തിയ സിനിമയാണ് ഭ്രമയുഗം. റിലീസ് ദിവസത്തെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേരളമൊട്ടാകെ ഒട്ടേറെ ഹൗസ്‍ഫുള്‍ പ്രദർശനം നടന്നിരുന്നു. ഒപ്പം നിരവധി അഡീഷനല്‍ ഷോകളും ചാര്‍ട് ചെയ്യപ്പെട്ടു. നിർമാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്കനുസരിച്ച് കേരളമൊട്ടുക്ക് നൂറിലേറെ അധിക പ്രദര്‍ശനങ്ങളാണ് ഭ്രമയുഗത്തിന് നടന്നത്.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.