‘ഊതിപ്പെരുപ്പിക്കുന്ന ഹിറ്റുകൾ’; മലയാളം ഇൻഡസ്ട്രിയെ വിമർശിച്ച് തമിഴ് പിആർഓ
Mail This Article
കേരളത്തില്‍ മാത്രമല്ല അന്യ ഭാഷയിലും മലയാള സിനിമകൾ തുടർച്ചയായി വിജയക്കൊടി പാറിച്ചു മുന്നേറുമ്പോൾ തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമയുടെ എക്സ് പോസ്റ്റ് വിവാദമാകുന്നു. മലയാള സിനിമയെ താഴ്ത്തിക്കെട്ടിയുള്ള കാർത്തിക്കിന്റെ പോസ്റ്റിനുനേരെ തമിഴ് പ്രേക്ഷകരും രംഗത്തുവന്നിട്ടുണ്ട്.
മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പിൽ വലിയ കാര്യമില്ലെന്നാണ് കാർത്തിക് പറയുന്നത്. പലതും ഊതിപ്പെരുപ്പിച്ച് പറയുന്നതാണെന്നും കാർത്തിക് കുറിച്ചു. മലയാള സിനിമാ മേഖല തകർച്ചയുടെ വക്കിലാണെന്നും 2023 ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് ഹിറ്റ് ആയതെന്നുമുള്ള വാർത്തകളുടെ സ്ക്രീൻഷോട്ടും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
2022-ൽ മലയാള സിനിമാ വ്യവസായത്തെ കോവിഡ് ബാധിച്ചുവെങ്കിൽ, 2023 തിയറ്ററുകളിൽ റിലീസ് ചെയ്ത നാല് ചിത്രങ്ങൾ മാത്രമാണ് ഹിറ്റായത് എന്ന റിപ്പോർട്ട് പങ്കുവച്ചുകൊണ്ടായിരുന്നു കാർത്തിക്കിന്റെ ട്വീറ്റ്. 2023 അവസാനിച്ചപ്പോൾ ഏകദേശം 220 മലയാള സിനിമകൾ പുറത്തിറങ്ങിയതിൽ മൊത്തം നഷ്ടം 300 കോടിയോളം വരുമെന്നാണ് വാർത്തയില്‍ പറയുന്നത്.
ട്വീറ്റ് വൈറലായതോടെ കാർത്തിക്കിനെ വിമർശിച്ച് തമിഴ് പ്രേക്ഷകരും മലയാളികളും രംഗത്തുവന്നു. 2023ൽ റിലീസ് ചെയ്ത സിനിമകൾ ബോക്സ്ഓഫിസിൽ വലിയ വിജയമല്ലെങ്കിലും കണ്ടന്റിന്റെ കാര്യത്തിൽ മുന്നിൽ തന്നെയാണെന്ന് തമിഴ് പ്രേക്ഷകർ പറയുന്നു. മലയാളം ഇൻഡസ്ട്രി ഇന്ത്യയിൽ തന്നെ ചർച്ചാ വിഷയമാകുമ്പോൾ ഇങ്ങനെയൊരു പോസ്റ്റ് അനാവശ്യമായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടി.