‘വീർ സവർക്കറി’ന് ബോക്സ്ഓഫിസിൽ കാലിടറുന്നു
Mail This Article
രൺദീപ് ഹൂഡ നായകനായെത്തിയ ബോളിവുഡ് ചിത്രം ‘സ്വതന്ത്ര വീർ സവർക്കറി’ന് ബോക്സ്ഓഫിസിൽ കാലിടറുന്നു. റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടി രൂപയാണ്. 21 കോടിയാണ് സിനിമയുടെ മുതൽ മുടക്ക്. അതേസമയം സമീപകാലത്തിറങ്ങിയ ബോളിവുഡ് സിനിമകളേക്കാൾ ഭേദപ്പെട്ട പ്രകടനമാണ് ഈ ചിത്രം കാഴ്ചവച്ചിരിക്കുന്നതെന്നത് എടുത്തു പറയേണ്ടതാണ്.
ആദ്യ ദിവസം ഒരു കോടി രൂപയായിരുന്നു സിനിമയുടെ കലക്‌ഷൻ. പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ രണ്ട് കോടിയിലെത്തിയെങ്കിലും ആദ്യവാരം പിന്നിട്ടപ്പോൾ കലക്‌ഷൻ താഴ്ന്നു. അവധി ദിനങ്ങൾ ഉണ്ടായിട്ടും കലക്‌ഷനിൽ വലിയ മാറ്റമുണ്ടാക്കാൻ സിനിമയ്ക്കായില്ല.
രൺദീപ് ഹൂഡയുടെ അഭിനയ പ്രകടനം തന്നെയാണ് സിനിമയുടെ മുതൽക്കൂട്ട്. വരും ദിവസങ്ങളിൽ ചിത്രം മുടക്കു മുതൽ തിരിച്ചുപിടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സവര്‍ക്കറുടെ റോളില്‍ ബിഗ് സ്ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്.
സിനിമയുടെ നിർമാണ ഘട്ടത്തിൽ തനിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നും അച്ഛന്‍ തനിക്കു വേണ്ടി വാങ്ങിയ സ്വത്തുക്കള്‍ വരെ സിനിമക്കായി വിറ്റുവെന്നും എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ലെന്നും രണ്‍ദീപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹിന്ദിയിൽ മറ്റ് സിനിമകളുടെ റിലീസ് ഇല്ലാത്തതും വീർ സവർകറിനു ഗുണമായി. ഏപ്രിൽ 10ന് ഈദ് റിലീസ് ആയി ബഡേ മിയാൻ ചോട്ടേ മിയാൻ മാത്രമാണ് ബോളിവുഡിൽ പുറത്തിറങ്ങുന്നത്.