‘നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ’: പിതാവിനു വിട ചൊല്ലി മീര ജാസ്മിൻ പിതാവിനു വിട ചൊല്ലി മീര ജാസ്മിൻ | Meera Jasmine's parting tribute to father

Mail This Article
പിതാവിന്റെ ഓർമകൾ പങ്കുവച്ച് മീരാ ജാസ്മിൻ. പിതാവിനൊപ്പമുള്ള കുടുംബചിത്രവും അദ്ദേഹത്തിന്റെ പഴയകാല ചിത്രവും സമൂഹമാധ്യമത്തിൽ മീര പങ്കുവച്ചു. ‘നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ’ എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ. മീരയുടെ പോസ്റ്റിനു താഴെ നിരവധി പേർ അനുശോചന സന്ദേശങ്ങളുമായെത്തി.
വ്യാഴാഴ്ചയാണ് നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വർഷങ്ങളായി മുംബൈയിലായിരുന്നു. എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ് ആണ് ഭാര്യ. മീര ജാസ്മിനെ കൂടാതെ ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, ജോർജി ജോസഫ് എന്നു മക്കളുമുണ്ട്. രഞ്ജിത്ത് ജോസ്, ഡോ. റോബിൻ ജോർജ് എന്നിവർ മരുമക്കളാണ്.
സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ മീരയുടെ സഹോദരി ജെനി സാറ ജോസഫ് അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ് അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫറാണ്. ശനിയാഴ്ച രണ്ടുമണിക്ക് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ ശുശ്രൂഷകൾക്ക് ശേഷം ഞായറാഴ്ച നാലു മണിക്ക് പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ ആയിരിക്കും സംസ്കാരം.