ADVERTISEMENT

പിതാവിന്റെ കുറ്റാന്വേഷണ കഥ സിനിമയാക്കാനാനൊരുങ്ങി സംവിധായകൻ എം.എ. നിഷാദ്.  നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീൻ പ്രമാദമായ പല കേസുകളുടേയും ചുരുളഴിയിച്ചിട്ടുണ്ട്.  ഇദ്ദേഹത്തിന്റെ കേസ് ഡയറിയിലെ ഒരു കേസ് ആണ് എം.എ. നിഷാദിന്റെ പുതിയ സിനിമയുടെ പ്രമേയം.  ദീർഘകാലം ക്രൈംബ്രാഞ്ച് എസ്പിയായും, പിന്നീട് ഇടുക്കി എസ്പിയായും പ്രവർത്തിച്ചു പോന്ന കുഞ്ഞിമൊയ്തീൻ മധ്യമേഖല ഡിഐജിയായും, ക്രൈംബ്രാഞ്ച് ഡി.ഐജിയായും പ്രവർത്തിച്ചതിനു ശേഷമാണ് സർവീസ്സിൽ നിന്നും വിരമിച്ചത്. വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം പ്രസിഡന്റിന്റെ സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. നിഷാദ് തന്നെയാണ് പിതാവിന്റെ ഡയറിക്കുറിപ്പിൽ തിരക്കഥ തയാറാക്കിയിരിക്കുന്നത്. 

‘‘ഈ സിനിമ ഒരു കുറ്റാന്വേഷണ ത്രില്ലർ ആണ്.  എന്റെ പിതാവ് ഒരു റിട്ടയേർഡ് ഡിഐജി ആയിരുന്നു. ഏറ്റവും കൂടുതൽ കാലം ക്രൈം ബ്രാഞ്ചിൽ സേവനം അനുഷ്ഠിച്ചിരുന്ന പൊലീസ് ഓഫിസർ. രണ്ട് തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. കുരുക്കഴിയാതെ കിടന്ന ഒരുപാടു കേസുകൾ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.  ‘പോലീസ് ദിനങ്ങൾ’ എന്നൊരു  പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. നടന്ന ഒരു സംഭവത്തെപ്പറ്റി അദ്ദേഹം അദ്ദേഹത്തിന്റെ കേസ് ഡയറിയിൽ കുറിച്ചിട്ട ഒരു വിഷയമുണ്ട്, അദ്ദേഹത്തിന്റെ അനുമാനങ്ങൾ ആണ് അവ അത് ശരിയാണെന്ന് എനിക്കും തോന്നി.  അതിൽ നിന്നും വികസിപ്പിച്ചെടുത്ത കഥയാണിത്.  

ഇത് പൂർണമായും ഫിക്‌ഷൻ അല്ല കുറെയൊക്കെ നടന്ന സംഭവങ്ങളാണ്.  കോട്ടയം, കുട്ടിക്കാനം, വാഗമൺ, തെങ്കാശി, പഞ്ചാബ്, ദുബായ് ഇവിടെയൊക്കെ ആയിരിക്കും ലൊക്കേഷൻ.  ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കും ഇത്. പന്ത്രണ്ടാം തിയതിയാണ് സിനിമയുടെ  ടൈറ്റിൽ പ്രഖ്യാപിക്കുന്നത്. ഈ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ഒരുപാട് പൊലീസ് ഉദ്യോഗസ്ഥർ എന്നെ സഹായിച്ചിരുന്നു. എന്റെ പതിനൊന്നാമത്തെ ചിത്രമാണ് ഇത്.  കഴിഞ്ഞ ആറുമാസം ആയി ഈ തിരക്കഥയിൽ തന്നെയായിരുന്നു വർക്ക് ചെയ്തുകൊണ്ടിരുന്നത്. പഞ്ചാബ് ഉൾപ്പടെയുള്ള ലൊക്കേഷനുകൾ എല്ലാം സന്ദർശിച്ചു.’’ എം.എ. നിഷാദ് മനോരമ ഓൺലൈനിനോടു പറഞ്ഞു. 

ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ചിത്രം നിർമിക്കുന്നത്.  മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നാണ് സൂചന.  ഏപ്രിൽ പന്ത്രണ്ടിന് നടത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനൊപ്പം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ വെളിപ്പെടുത്തും.  ഈ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എം.എ. നിഷാദും എത്തുന്നു. ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് മുൻ ഡിജിപി. ലോക്നാഥ് ബഹ്റയുടേയും, റിട്ട. ക്രൈംബ്രാഞ്ച് എസ്പി ഷാനവാസിന്റെയും സാന്നിധ്യത്തിൽ  ഒരു പരിശീലന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

English Summary:

MA Nishad about his next movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com