‘എടാ മോനേ, വിഷു ആര് തൂക്കി’: ഇന്നലെ മാത്രം മലയാള സിനിമ നേടിയത് 9 കോടി
Mail This Article
നോൺ സ്റ്റോപ്പ് ഹിറ്റുകളുമായി മലയാളം കുതിക്കുകയാണ്. വിഷു– ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ‘ആവേശ’വും ‘വർഷങ്ങൾക്കു േശഷ’വും തിയറ്ററുകളിൽനിന്ന് ആദ്യ ദിനം വാരിയത് ആറരക്കോടി രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തിയറ്ററുകളിൽ നിറഞ്ഞോടുന്ന ആടുജീവിതവും ഇന്നലെ രണ്ട് കോടി കലക്‌ഷന്‍ നേടി. പുതിയ രണ്ട് റിലീസുകളും ബോക്‌സ് ഓഫിസും പ്രേക്ഷക മനസ്സും ഒരുപോലെ കീഴടക്കുമ്പോൾ മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷമാണ്. ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേശ് 50 ലക്ഷമാണ് ആദ്യ ദിനം നേടിയത്.
റമസാൻ കഴിഞ്ഞതോടെ ആടുജീവിതത്തിന്റെ കലക്‌ഷനും ഉയർന്നിരുന്നു. മറ്റു രണ്ട് സിനിമകൾക്കും ഇതു ഗുണകരമാകും. ആടുജീവിതം ആഗോള കലക്‌ഷൻ 130 കോടി പിന്നിട്ടു.
ജിത്തു മാധവൻ ഒരുക്കിയ ഫഹദ് ഫാസില്‍ ചിത്രം ആവേശം തന്നെയാണ് കലക്‌ഷനിൽ മുൻപിലെന്നാണ് ഒടുവിൽ ലഭ്യമാവുന്ന റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്‌റ്റുകൾ പറയുന്നതു പ്രകാരം ഒന്നാം ദിനം ചിത്രത്തിന് ലഭിച്ച ട്രാക്ക്ഡ് കലക്‌ഷൻ ഏതാണ്ട് 3.5 കോടിയാണ്.
വമ്പൻ താരനിരയുമായി എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ആദ്യം ദിനം ഇന്ത്യൻ ബോക്‌സ് ഓഫിസിൽ നിന്ന് മാത്രം 3 കോടി നെറ്റ് കലക്‌ഷൻ നേടി. ഇരു ചിത്രങ്ങൾക്കും ആദ്യ ദിനം തന്നെ മികച്ച പ്രതികരണമായതിനാൽ ഈ അവധിക്കാലത്ത് ലോങ് റൺ ലഭിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.
ഈ വർഷം ആദ്യം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സ് ഓഫിസ് വേട്ട തുടരുന്ന കാഴ്ചയാണ് തിയറ്ററുകളിലും കാണാനാകുന്നത്. മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തിളങ്ങിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയുഗവും മികച്ച കലക്‌ഷനുമായി ഒപ്പമുണ്ടായിരുന്നു. പിന്നീട് പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതത്തിന്റെ ഊഴമായിരുന്നു. ഇപ്പോഴിതാ അതേ വീറോടെ തന്നെ ആവേശവും വർഷങ്ങൾക്കു ശേഷവും കുതിക്കുന്നു.