ADVERTISEMENT

അനുവിന്റെ (അനശ്വര രാജൻ) കലാപരമായ കഴിവുകള്‍ വളരാന്‍ വളക്കൂറുളള മണ്ണായി ഞങ്ങള്‍ ചെന്നുപെട്ട നാട് മാറുകയായിരുന്നു. അവിടെ യുവപ്രതിഭ എന്ന പേരില്‍ ഒരു ആര്‍ട്‌സ് ക്ലബ്ബുണ്ടായിരുന്നു. അവിടെ വാരാന്ത്യങ്ങളിലും മറ്റും കലാപരിപാടികള്‍ നടക്കും. അവിടെയുളള കുറെയാളുകള്‍ അവളെ പ്രോത്സാഹിപ്പിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്തു. അതോടെ മങ്ങിപ്പോയ സന്തോഷം അനുവില്‍ വീണ്ടും തലപൊക്കിത്തുടങ്ങി. 

ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടില്ല അനു. ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ വന്ന് ‘‘മോളേ, നാളെ ആള്‍ക്കാര്‍ വരും. നമുക്ക് ഡാന്‍സ് കളിക്കണ്ടേ?’’ എന്ന് പറയുമ്പോള്‍ അവള്‍ എന്റടുത്തു വന്ന് ‘‘അമ്മേ, ഡാന്‍സ് കളിക്കാന്‍ കോസ്റ്റ്യൂംസ് എടുക്കണ്ടേ’’ എന്ന് ചോദിക്കും. 

‘‘അതിന് പഠിക്കാതെ നീ എങ്ങനെയാണ് ഡാന്‍സ് കളിക്കുക?’’ എന്ന് ഞാന്‍ ചോദിച്ചു.

അപ്പോള്‍ അവള്‍ പറഞ്ഞു: ‘‘അല്ല... ഞാന്‍ പഠിച്ചമ്മേ..’’

അച്ഛന്റെ വീട്ടില്‍ താമസിക്കുന്ന കാലത്തും അവള്‍ മറ്റ് കുട്ടികളൂടെ കൂടെയും ചിലപ്പോള്‍ ഒറ്റയ്ക്കും സ്‌റ്റേജില്‍ കയറി നന്നായി ഡാന്‍സ് കളിക്കുന്നത് കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. അതൊരു മനോധര്‍മമാണ്. സ്വകീയവാസനയാണ്. അനുവിന് ഭഗവാന്‍ നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം കലാപരമായ ഈ കഴിവുകളാണ്. ക്ലബ്ബിന്റെ പരിപാടിയിലും അവള്‍ നന്നായി സോളോ ഡാന്‍സ് ചെയ്തു. അവള്‍ മനോഹരമായ ചില നൃത്തച്ചുവടുകള്‍ വയ്ക്കുന്നത് കണ്ട് ഞങ്ങള്‍ അന്തം വിട്ട് നില്‍ക്കും. ഞാനും ഏട്ടനും അച്ചുവും മുഖത്തോട് മുഖം നോക്കും. പഠിക്കാതെ ഒരു കുട്ടി എങ്ങനെ ഇത്ര മനോഹരമായി ചെയ്യുന്നു എന്ന അദ്ഭുതമായിരുന്നു ഞങ്ങള്‍ക്ക്.

anaswara-mother
അമ്മയ്ക്കും സഹോദരിക്കുമൊപ്പം അനശ്വര രാജൻ

ഒരു സ്‌റ്റെപ്പ് പോലും തെറ്റാതെ മുഖത്ത് നല്ല ഭാവങ്ങളൊക്കെയായി അസലായി നൃത്തം ചെയ്യും. ഇടയ്ക്ക്  ഫുട്‌ബോള്‍ കോച്ചിങ്ങിനും ഹിന്ദിക്ക് ട്യൂഷനും പോകും. ആ സമയത്ത് അയലത്തുളള കുട്ടികളെ കൂട്ടിയിട്ടാവും അയയ്ക്കുക. പക്ഷെ തിരിച്ചു വരുമ്പോള്‍ അവര്‍ കുഞ്ഞിനെ ഒറ്റയ്ക്കാക്കിയിട്ട് പോകും. ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്താല്‍ കൊളളാമെന്ന് തോന്നി. പക്ഷേ പേടിച്ചിട്ട് അതിനും കഴിയുന്നില്ല. മൊത്തം വളവുകളും തിരിവുകളുമുളള ഒരിടത്താണ് ഞങ്ങള്‍ താമസം.

ക്ലബ്ബുകാരായിരുന്നു അവള്‍ക്ക് ഏക ആശ്വാസം. അവര്‍ എല്ലാ പരിപാടികളിലും അവളെ ഉള്‍പ്പെടുത്തുമായിരുന്നു. ക്ലബ്ബ് സംഘടിപ്പിക്കുന്ന നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. മോള്‍ നന്നായി അഭിനയിക്കുമെന്ന് അവള്‍ക്കും ഞങ്ങള്‍ക്കും ബോധ്യപ്പെടുന്നത് ഈ നാടകങ്ങളിലൂടെയായിരുന്നു. അന്ന് അച്ചുവിനെയും അനുവിനെയും ഹിന്ദി പഠിപ്പിച്ച ശശി മാഷ് നാട്ടിലെ അറിയപ്പെടുന്ന നാടകനടനായിരുന്നു. അദ്ദേഹവും അനുവിനെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. 

അനശ്വര സിനിമയിലേക്ക് എത്തിപ്പെടാനുളള അടിസ്ഥാന കാരണങ്ങളിലൊന്ന് ശശി മാഷായിരുന്നു. നാടകങ്ങളില്‍ സഹകരിച്ചിരുന്ന മാഷിന്റെ അനുജനാണ് ദൃശ്യമാധ്യമത്തിലേക്കും വഴിയൊരുക്കുന്നത്. ദുല്‍ക്കറിന്റെ മേക്കപ്പ് മാനായിരുന്ന രതീഷ് പയ്യന്നൂര്‍  ഒരു ഷോര്‍ട്ട്ഫിലിം ചെയ്യാന്‍ തീരുമാനിച്ച സമയം. ശശി മാഷിന്റെ അനുജന്‍ വഴി വീട്ടില്‍ വന്ന് ചോദിച്ചപ്പോള്‍ ഏട്ടന്‍ അനുവാദം തന്നില്ല. സിനിമയില്‍ അഭിനയിക്കുന്നതിലൊന്നും ഏട്ടന് താൽപര്യമുണ്ടായിരുന്നില്ല. കുട്ടി പഠിച്ച് ഒരു ജോലി സമ്പാദിക്കണമെന്നാണല്ലോ ഏതൊരു മാതാപിതാക്കളും ആ ഘട്ടത്തില്‍ ആലോചിക്കുക. 

anaswara-rajan-familt
അച്ഛനും അമ്മയ്ക്കുമൊപ്പം അനശ്വര

അനുവിന്റെ അച്ഛനായി അഭിനയിക്കുന്നത് ശശി മാഷാണെന്നും ഒരു ഹോംലി മൂഡിലുളള സെറ്റാണതെന്നും മറ്റും പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ സമ്മതിച്ചു.

നാല് ദിവസത്തെ ഷൂട്ടാണ് പ്ലാന്‍ ചെയ്തിരുന്നത്. പകല്‍ മുഴുവനും കടന്ന് നേരം വൈകുവോളം ഷൂട്ട് കഴിഞ്ഞ് സംഘാടകര്‍ കാറില്‍ കൊണ്ടു വന്ന് വീട്ടില്‍ വിടുമ്പോള്‍ അയല്‍പക്കത്തുളളവരുടെ വല്ലാത്ത ഒരു നോട്ടം കണ്ട് ഞങ്ങള്‍ക്ക് ആകെ വിഷമമായി.

നാട്ടിന്‍പുറത്തുളളവര്‍ക്ക് ഇത്തരം കാര്യങ്ങളിലുളള അജ്ഞത കൊണ്ടാവാം എന്ന് വിചാരിച്ച് ഞാന്‍ അതത്ര കാര്യമാക്കിയില്ല. പക്ഷെ ഏട്ടന് ഭയങ്കര സങ്കടമായി. അനു ആ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ വിചാരിച്ചതിലും നന്നായി ചെയ്തു. രതീഷും അത് ശ്രദ്ധിച്ചെന്ന് തോന്നുന്നു. ഒരു ദിവസം രതീഷ് എന്നോട് പറഞ്ഞു.

anaswara-stage

‘‘ചേച്ചി.. അവള്‍ക്ക് അഭിനയിക്കാന്‍ നല്ല കഴിവുണ്ട്. സിനിമയില്‍ എന്തായാലും ചാന്‍സ് കിട്ടും.’’

അന്ന് ഞങ്ങളുടെ മനസിന്റെ ഏഴയലത്ത് പോലും സിനിമ എന്നൊരു ചിന്ത ഉണ്ടായിരുന്നില്ല. ഇതില്‍ത്തന്നെ അഭിനയിച്ചത് ശശി മാഷിന്റെ കെയര്‍ ഓഫില്‍ വന്ന പ്രൊജക്ട് എന്ന ധൈര്യത്തിലാണ്. അങ്ങനെ രതീഷിനെ കാര്യം പറഞ്ഞ് മനസ്സിലാക്കി അയച്ചു. ഒരു യാഥാസ്ഥിതിക കുടുംബത്തിന് അക്കാലത്ത് സിനിമയില്‍ വരിക എന്നതൊന്നും തീരെ ഉള്‍ക്കൊളളാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ എന്റെയോ അനുവിന്റെയോ വിദൂരസ്വപ്നങ്ങളില്‍ പോലും സിനിമ എന്ന മായാലോകം കടന്നു വന്നിട്ടില്ല. അഥവാ ഞങ്ങള്‍ ആഗ്രഹിച്ചാലും ഏട്ടന്‍  അനുവദിക്കില്ലെന്ന കാര്യം ഉറപ്പായിരുന്നു.

English Summary:

Usha Rajan about her daughter Anaswara Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com