ബോക്സ്ഓഫിസിൽ ഒരാവേശവുമില്ലാതെ ‘ബഡേ മിയാൻ’; കലക്‌ഷൻ റിപ്പോർട്ട്
Mail This Article
പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാന്’ ബോക്സ് ഓഫിസിൽ കാലിടറുന്നു. റിലീസ് ചെയ്ത് ആറാം ദിവസം സിനിമ ഇന്ത്യയിൽ നിന്നും വാരിയത് വെറും 2.25 കോടി രൂപയാണ്. മലയാള ചിത്രങ്ങളായ ആവേശവും രണ്ട് ആഴ്ച മുമ്പിറങ്ങിയ ആടുജീവിതം സിനിമയും ഇതിലും വലിയ കലക്‌ഷനിലാണ് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നും സിനിമ ഇതുവരെ നേടിയത് 45.55 കോടിയാണ്. ആദ്യ ദിനം ലഭിച്ചത് 15.5 കോടിയും. 320 കോടി ബജറ്റ് ഉള്ള സിനിമയെ സംബന്ധിച്ചടത്തോളം ഈ തുക തീർത്തും നിരാശപ്പെടുത്തുന്നതാണ്. സിനിമയുടെ ആഗോള കലക്‌ഷൻ 73 കോടിയാണ്.
ആക്‌ഷനും വലിയ സെറ്റും സ്റ്റൈലും ഉണ്ടെങ്കിലും ചിത്രത്തിനൊരു കഥയോ ആത്മാവോ ഇല്ലെന്ന് പ്രശസ്ത നിരൂപകനായ തരൺ ആദർശ് സ്വീറ്റ് ചെയ്തു. അഞ്ചിൽ രണ്ടാണ് തരൺ സിനിമയ്ക്കു നൽകിയ റേറ്റിങ്. ആളുകളെ ആകർഷിക്കുന്നതായി ഒരു ടിക്കറ്റ് ബുക്ക് ചെയ്താൽ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന പ്രത്യേക ഓഫറുകളും നിർമാതാക്കൾ ഇപ്പോൽ നൽകുന്നുണ്ട്.
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മോശം റിപ്പോർട്ട് ആണ് സിനിമയ്ക്കു ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ ആരാധകർ ആദ്യ ദിനം സിനിമയെ പിന്തുണച്ചെത്തിയെങ്കിലും പിന്നീട് ആരാധകരും കൈവിട്ടു.
പൃഥ്വിരാജിന്റെ പ്രകടനവും അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് കൂട്ടുകെട്ടിന്റെ ആക്‌ഷനുമാണ് സിനിമയുടെ ആകെയുള്ള പോസിറ്റിവ്. കൊടും വില്ലനായ കബീർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നു. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.
അലി അബ്ബാസ് സഫർ ആണ് സംവിധാനം. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. സംഗീതം മിശാൽ മിശ്ര. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് നിർമാണം.