യാചകയാത്ര സിനിമയാക്കാൻ ബോബി ചെമ്മണ്ണൂർ; ലാഭം ചാരിറ്റിക്ക്
Mail This Article
സൗദിയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അദ്ദേഹത്തിന്റെ ജീവിതവും സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ. ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സംവിധായകൻ ബ്ലെസിയുമായി ആദ്യഘട്ട ചർച്ച നടത്തിയെന്നും വാർത്താ സമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർ അറിയിച്ചു. സിനിമയിൽനിന്നു ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
‘‘പല സംഘടനകളും മനുഷ്യസ്നേഹികളും നടത്തിയ യാചക യാത്ര സിനിമയാക്കാനാണ് ഉദ്ദേശിക്കുന്നത്. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കാനാണിത്. ലോകത്തിനു തന്നെ മാതൃകയാകുന്ന കഥ. സംവിധായകൻ ബ്ലെസിയുമായി സിനിമയെക്കുറിച്ച് സംസാരിച്ചു. പോസിറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽനിന്നു ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനം.
സിനിമ എടുക്കേണ്ട എന്നു തീരുമാനിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ പലരും പല അഭിപ്രായങ്ങളും പറഞ്ഞതോടെയാണ് തീരുമാനം മാറ്റിയത്. പ്രളയവും നിപ്പയുമൊക്കെ സിനിമയായി മാറിയിരുന്നു. അതൊക്കെ നമ്മുടെ അനുഭവമാണ്. അങ്ങനെയുള്ള അഭിപ്രായങ്ങൾ വന്നപ്പോഴാണ് ഇതും സിനിമയാക്കാം എന്നു ചിന്തിച്ചത്. ഇത് തീർച്ചയായും ചാരിറ്റിക്കു വേണ്ടിയുള്ള സിനിമയാണ്.’’ ബോബി ചെമ്മണ്ണൂർ പറഞ്ഞു.
സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് പ്രവാസികളടക്കമുള്ള മലയാളികൾ കൈകോര്‍ത്ത് സമാഹരിച്ചത്. അതിലേക്ക് ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു. തുടര്‍ന്ന് ധനസമാഹരണത്തിനായി ബോബി ചെമ്മണ്ണൂര്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. അബ്ദുല്‍ റഹീം മോചിതനായി തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് ബോബി വാഗ്ദാനം നല്‍കിയിരുന്നു. അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ റോള്‍സ്‌റോയ്‌സ് കാറിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം.