സൈക്കിളിൽ വോട്ട് ചെയ്യാനെത്തി വിശാൽ; ഒന്നിച്ചെത്തി കാർത്തിയും സൂര്യയും
Mail This Article
ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സൂപ്പർസ്റ്റാർ രജനികാന്തും കമൽഹാസനും. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തിൽ എത്തിയാണ് താരങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. വിശാൽ സൈക്കിളിലാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. വർഷങ്ങൾക്കു മുമ്പ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് വലിയ വാർത്തയായിരുന്നു.
നടൻ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. കിൽപ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതി വോട്ട് രേഖപ്പെടുത്തിയത്. കാർത്തിയും സൂര്യയും ഒരുമിച്ചാണ് വോട്ട് ചെയ്യാനെത്തിയത്.
സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോളിങ് ബൂത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ആരാധകർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസനും വോട്ട് ചെയ്ത വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
വിക്രം, അജിത് കുമാർ, ശിവകാർത്തികേയൻ, ഗൗതം കാർത്തിക്, സംവിധായകരായ സുന്ദർ സി., വെട്രി മാരൻ, ശശികുമാർ, തൃഷ തുടങ്ങി നിരവധി താരങ്ങളാണ് വോട്ട് ചെയ്യാനെത്തിയത്.
‘ഗോട്ട്’ എന്ന തന്റെ പുതിയ സിനിമയുടെ റഷ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. റഷ്യയിലായിരുന്ന താരം അതിരാവിലെയാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ശേഷം ഉടൻ തന്നെ വോട്ട് െചയ്യാൻ കപലീശ്വരൻ നഗറിലെ നീലാങ്കരയിൽ എത്തുകയായിരുന്നു.
താരത്തെ നേരിൽ കാണാൻ വലിയ ജനത്തിരക്ക് ആണ് പോളിങ് ബൂത്തിൽ അനുഭവപ്പെട്ടത്. ജനങ്ങളുടെയും മീഡിയയുടെയും തിരക്കിനിടയിൽ ഏറെ പണിപ്പെട്ടാണ് വിജയ് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.