93ാം വയസ്സിൽ തന്റെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ക്ലിന്റ് ഈസ്റ്റ്‌വുഡ്

Mail This Article
ആറരപതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിന് വിരാമമിടാനൊരുങ്ങി ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റ്‌വുഡ്. വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയ്ക്കായി സംവിധാനം ചെയ്യുന്ന ‘ജൂറര്‍ നമ്പർ ടു’ ആണ് ഇതിഹാസ താരത്തിന്റെ കരിയറിലെ അവസാന ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന സിനിമാ ജീവിതത്തിനാണ് വിരാമമായത്. 93-ാം വയസ്സിലും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം മനസ്സിൽ സൂക്ഷിക്കുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്റെ കരിയറിലെ അവസാന ചിത്രമായി ഒരുക്കുന്നത് ഒരു കോർട്ട് റൂം ഡ്രാമയാണ്. നിക്കോളാസ് ഹോൾട്ട് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പൂർത്തിയായെങ്കിലും സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഒരു കൊലപാതക വിചാരണയുടെ പശ്ചാത്തലത്തിലുള്ള കോർട്ട് റൂം ഡ്രാമയാണ് ജൂറർ നമ്പർ 2. ഹോൾട്ടിന് പുറമെ സോയി ഡച്ച്, കീഫർ സതർലാൻഡ്, ഗബ്രിയേൽ ബാസോ, ലെസ്ലി ബിബ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
2021ൽ റിലീസ് ചെയ്ത ക്രൈ മാച്ചോ ആണ് ക്ലിന്റ് ഇതിനു മുമ്പ് സംവിധാനം ചെയ്ത ചിത്രം. അൺഫോർഗിവൻ, മില്യൺ ഡോളർ ബേബി, മിസ്റ്റിക് റിവർ, അമേരിക്കൻ സ്‌നൈപ്പർ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സ്രഷ്ടാവായ അദ്ദേഹം പ്രേക്ഷകർക്കായി ഒടുവിൽ കാത്തുവച്ചിരിക്കുന്നത് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികളും.
2008ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ ടൊറിനോയ്ക്ക് ശേഷം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വാര്‍ണര്‍ ബ്രദേഴ്സിനായി മാത്രമാണ് ക്ലിന്റ് ഈസ്റ്റ്്വുഡ് സിനിമയൊരുക്കിയിട്ടുള്ളത്. ഇന്‍വിക്റ്റസ്, സള്ളി, അമേരിക്കന്‍ സ്നൈപ്പര്‍ തുടങ്ങിയ ഹിറ്റുകള്‍ പിറന്നതും ഈ കൂട്ടുകെട്ടിലാണ്. പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന സിനിമാ ജീവിതത്തിൽ നാൽപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം.