ADVERTISEMENT

ഒരു അഭിനേതാവ് ഉള്ളിലുണ്ടെന്നു ആദ്യം തിരിച്ചറിഞ്ഞത് വാപ്പയാണെന്ന് ഫഹദ് ഫാസിൽ. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഫാസിലിനു തെറ്റു പറ്റിയിട്ടില്ലെന്നു തെളിയിക്കണമെന്നൊരു ചിന്ത ഉപബോധമനസിൽ ഉണ്ടായിരുന്നതായി ഫഹദ് പറഞ്ഞു. ഫിലിം കംപാനിയൻ സൗത്തിനു നൽകിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ തുടക്കക്കാലത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. 

"കഴിവുള്ള ഒരുപാടു പേരെ ഇൻഡസ്ട്രിക്കു നൽകിയ വ്യക്തിയാണ് എന്റെ വാപ്പ. അദ്ദേഹത്തിനു തെറ്റു പറ്റിയിട്ടില്ലെന്നു എനിക്കു തെളിയിക്കണമായിരുന്നു. അതെന്റെ ഉപബോധമനസിൽ ഉണ്ടായിരുന്നിരിക്കണം. ഞാൻ പോലും അറിയാതെ അതെന്റെ മനസിൽ കയറിക്കൂടിയതാകും. ഓർമ വച്ച കാലം മുതൽ കാണുന്നത് സിനിമയാണ്. വാപ്പയും സിദ്ദീഖ് ലാലുമായുള്ള സംഭാഷണങ്ങൾ എനിക്കോർമയുണ്ട്. ആ സമയത്തെ വീട്ടിലെ വർത്തമാനങ്ങൾ ഓർമയുണ്ട്. അവരുടെ തിരക്കഥാ ചർച്ചകൾ, അതു ഞാൻ നോക്കി നിന്നത്–ഇതെല്ലാം എനിക്ക് ഓർമയുണ്ട്," ഫഹദ് പറയുന്നു. 

വാപ്പയാണ് തന്റെയുള്ളിലെ നടന്റെ റിഥത്തിന് ഒരു പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്. "വാപ്പയും ഒരു സുഹൃത്തും തമ്മിലുള്ള ഒരു സംഭാഷണം ഒരിക്കൽ ഞാൻ കേൾക്കാനിടയായി. വാപ്പ പറഞ്ഞത്, എന്റെ റിഥം വളരെ പ്രത്യേകതയുള്ളതാണെന്നാണ്. പതിനെട്ടാം വയസിൽ എന്നെ ഓഡിഷൻ ചെയ്തപ്പോൾ, എന്റെ അഭിനയം കൃത്രിമമാണെന്നും ഓർഗാനിക് ആയി സംഭവിക്കുന്നില്ലെന്നും അദ്ദേഹത്തിന് തോന്നിയിരുന്നു. പക്ഷേ, എന്റെ റിഥം രസമുള്ളതായി അദ്ദേഹത്തിന് തോന്നി. ഞാനിപ്പോഴും എന്റെ റിഥത്തിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹം അത് അന്നേ മനസിലാക്കിയിരുന്നു. അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്. ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്. റിഥം എന്നു പറയുന്നത് ഒരു ഡയലോഗ് പറയുമ്പോഴുള്ള നിറുത്തലും പറച്ചിലിന്റെ ഒരു രീതിയുമൊക്കെയാണ്. ആ മോഡുലേഷനെ കുറിച്ച് ഇപ്പോഴും സംവിധായകർ ചോദിക്കാറുണ്ട്," ഫഹദ് പറയുന്നു. 

"എന്റെ ആദ്യത്തെ സിനിമ പരാജയപ്പെട്ടു. ഞാൻ അമേരിക്കയിൽ പോയി. ഞാൻ സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയില്ല. അമേരിക്കയിൽ ഞാൻ ജീവിതം തുടങ്ങി. എട്ടു വർഷം അവിടെ തുടർന്നു. തിരിച്ചെത്തിയപ്പോൾ എനിക്കൊരു ജോലി ആവശ്യമായി വന്നു. എന്തെങ്കിലും ചെയ്യണമല്ലോ. എൻജിനീയറിങ് പഠിക്കാൻ പോയി, അതു പാതിവഴിയിൽ വിട്ടാണ് ഫിലോസഫി ചെയ്തത്. ഇവിടെ വന്നപ്പോൾ ജോലി കിട്ടാനൊരു മാർഗവുമില്ല. അടുത്ത സർക്കിളുകളിൽ ഉള്ളവരെല്ലാം സിനിമയിലാണ്. സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം സിനിമയിലാണ്. ഞാൻ അവരുമായി ഇടപെഴുകാൻ തുടങ്ങി. അപ്പോഴാണ് എഴുത്തിന്റെ ശ്രമം നടക്കുന്നത്. സിനിമയുടെ എഴുത്തുപണികളിൽ ഞാനും ഭാഗമാകാൻ തുടങ്ങി. അപ്പോഴാണ് എന‌ിക്ക് ആദ്യ അവസരം ലഭിച്ചത്. മൃത്യുഞ്ജയം– ഞാൻ അത് ഒട്ടും ഗൗരവമായി എടുത്തില്ല. ഉദയേട്ടനും രഞ്ജിയേട്ടനും എന്നിൽ വിശ്വാസമുണ്ടായിരുന്നു. അതു കണ്ടിട്ടാണ് സമീർ വിളിക്കുന്നത്," ഫഹദ് തിരിച്ചു വരവിനെക്കുറിച്ച് വാചാലനായി. 

"എട്ടു വർഷത്തെ അമേരിക്കൻ ജീവിതത്തിൽ അഭിനയത്തെക്കുറിച്ച് ഞാനെന്തൊക്കെയോ മനസിലാക്കി വച്ചിരുന്നു. തിരിച്ചു വന്നിട്ട്, ആ മനസിലാക്കിയതു ചെയ്യുമ്പോൾ ആളുകൾക്ക് അതിഷ്ടമായി. അതെനിക്ക് സർപ്രൈസ് ആയിരുന്നു. വർക്ക് ചെയ്ത റൂട്ട് കൃത്യമായിരുന്നല്ലേ എന്ന ഫീലായിരുന്നു എനിക്ക്. ചാപ്പാക്കുരിശ്, 22എഫ്കെ, ഡയമണ്ട് നെക്ക്ലസ് എന്നിങ്ങനെ സിനിമകൾ സംഭവിച്ചു. പ്രേക്ഷകരുമായി ഒരു വിശ്വാസം സൃഷ്ടിക്കപ്പെട്ടു. ഞാൻ വിശ്വസിക്കുന്നത് ചെയ്യാനാണ് എനിക്കിഷ്ടം. 100 കോടി ക്ലബിൽ കയറുന്നതിലല്ല, പ്രേക്ഷകരെ രസിപ്പിക്കുക എന്നതിനാണ് മുൻതൂക്കം. അതൊരിക്കലും സിനിമയിൽ‌ മാറില്ല," ഫഹദ് വ്യക്തമാക്കി.  

അതേസമയം എഴുത്ത് തനിക്കു പറ്റുന്ന പണിയല്ലെന്നും ഫഹദ് പറഞ്ഞു. "ഞാൻ അമേരിക്കയിൽ പഠിക്കുന്ന സമയത്ത് വാപ്പ എന്നെ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. കാലാവസ്ഥ എങ്ങനെയുണ്ട്? ആരോഗ്യം ഓകെ അല്ലേ? ഹാപ്പി അല്ലേ?! ഇത്ര കാര്യങ്ങളെ ചോദിക്കൂ. അതു വച്ചൊരു സിനിമ ചെയ്യണം. ഞാനങ്ങനെ തിരക്കഥയൊന്നും എഴുതിയിട്ടില്ല. പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നല്ല ക്ഷമ വേണ്ട പണിയാണ്. എനിക്കത്രയും ക്ഷമയില്ല. ഭാവിയിൽ സംഭവിക്കുമോ എന്നുറപ്പില്ല. ഞാനെഴുതിയ സീൻ സിനിമയിൽ വന്നിട്ടൊന്നുമില്ല. ചില ഡയലോഗുകൾ ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, കൃത്യമായ എഴുത്ത് എനിക്കു പറ്റുന്ന പരിപാടിയില്ല," ഫഹദ് പറഞ്ഞു.  

"ഒരു അഭിനേതാവ് എന്ന നിലയിൽ ഇപ്പോഴത്തെ കഷ്ടപ്പാട് ലക്ഷ്വറിയാണ്. എപ്പോൾ വേണമെങ്കിലും എനിക്കു സെറ്റിൽ നിന്നു തിരിച്ചു പോകാം. വീണ്ടും ഷൂട്ട് ചെയ്യാം. ഇവിടെ ഞാനത്ര ഓർഗാനിക് അല്ല. ആവേശത്തിലെ ബോയ്സിന് ക്യാമറ എന്നു പറയുന്നത് വലിയൊരു സംഭവമല്ല. അവരുടെ തലമുറയിലെ എല്ലാവർക്കും അങ്ങനെയാണ്. അതുകൊണ്ട്, അവർക്ക് അതിനെക്കുറിച്ച് വലിയ ആശങ്കയോ ടെൻഷനോ ഇല്ല. കമൽ സാറിനെപ്പോലുള്ളവർ അനുഭവപരിചയത്തിലൂടെ ആർജ്ജിച്ചെടുത്തതാണ് അങ്ങനെയൊരു മനോഭാവം. ഈ രണ്ടിനും ഇടയിലാണ് ഞാൻ. കമൽ സാറിന്റെ അത്ര അനുഭവങ്ങളുമല്ല. ബോയ്സിനെപ്പോലെ ഓർഗാനികും അല്ല. അതിനെക്കുറിച്ച് ഞാൻ ബോധവാനാണ്. എന്റെ കംഫർട്ട് സോണിൽ വർക്ക് ചെയ്യുന്നതുകൊണ്ടാണ് എനിക്ക് ആ ലക്ഷ്വറി കിട്ടുന്നത്. അതെപ്പോഴും കിട്ടണമെന്നില്ല," ഫഹദ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com