ADVERTISEMENT

സിനിമാ നിർമാണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് അന്തരീക്ഷ സൃഷ്ടി. കഥാപരിസരം പലപ്പോളും കൃത്രിമമായി നിർമിച്ചെടുക്കേണ്ടി വരാറുണ്ട്. തിരക്കേറിയ ഒരു സിറ്റിയോ മറ്റോ ദിവസങ്ങളോളം ഷൂട്ട് ചെയ്യേണ്ടി വരുമ്പോള്‍ അതിനുളള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് കലാസംവിധായകനും സഹായികളും നൂറുകണക്കിന് തൊഴിലാളികളൂടെ പിന്തുണയോട ഇത്തരത്തില്‍ സെറ്റുകള്‍ ഒരുക്കുന്നത്. പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന സ്വാഭാവികതയോടെ സെറ്റുകള്‍ നിർമിക്കുന്നതില്‍ വിരുതുളള കലാസംവിധായകര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. സിനിമ കാണുന്ന പ്രേക്ഷകന് താന്‍ കഥ ആവശ്യപ്പെടുന്ന അന്തരീക്ഷത്തില്‍ നില്‍ക്കുന്നു എന്ന തോന്നല്‍ ജനിപ്പിക്കുക എന്ന സുപ്രധാന ദൗത്യം തന്നെയുണ്ട് ഇത്തരം സെറ്റ് നിർമിതിക്ക്.

മുന്‍കാലങ്ങളില്‍ ഫിലിം സ്റ്റുഡിയോകളില്‍ സ്ഥിരമായി ഒരുക്കി വച്ച ക്രമീകരണങ്ങളിലായിരുന്നു സിംഹഭാഗവും ഷൂട്ടുകള്‍ സംഭവിച്ചിരുന്നത്. ഒരേ വീടുകള്‍ പല സിനിമകള്‍ ആവര്‍ത്തിച്ച് വരുന്നത് പോലും സമാനമായ സ്റ്റുഡിയോ സെറ്റുകളില്‍ ഷൂട്ട് ചെയ്യുന്നത് മൂലമാണ്. ലക്ഷങ്ങളും കോടികളും ചിലവിട്ട് സെറ്റുകള്‍ നിര്‍മ്മിക്കുന്ന പതിവ് അന്നും തമിഴ്-തെലുങ്ക്-ഹിന്ദി സിനിമകളിലുണ്ടായിരുന്നു. കാരണം വലിയ ബജറ്റില്‍ സിനിമകള്‍ നിർമിക്കാന്‍ അവര്‍ക്ക് മാത്രമേ സാധിച്ചിരുന്നുളളു. അന്ന് മലയാള സിനിമകളുടെ ബജറ്റും വിപണനസാധ്യതയും ഏറെ പരിമിതമായിരുന്നു. എ ക്ലാസ് തിയറ്ററുകള്‍ പോലും 35 എണ്ണത്തില്‍ ഒതുങ്ങി നിന്നിരുന്നു. പിന്നീട് ബി.സി. തീയറ്ററുകള്‍ ഇല്ലാതാവുകയും മള്‍ട്ടിപ്ലക്സ് അടക്കമുളള എ ക്ലാസ് തീയറ്ററുകളുടെ എണ്ണം 300–നും മേലെ അധികരിക്കുകയും വൈഡ് റിലീസിംഗ് സമ്പ്രദായം സംഭവിക്കുകയും ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയരുകയും ചെയ്തതോടെ കലക്ഷന്‍ മെല്ലെ വര്‍ദ്ധിച്ചു തുടങ്ങി.

പിന്നീട് സ്ഥിതിഗതികള്‍ പാടെ മാറി മറിഞ്ഞു. ഒടിടി-സാറ്റലൈറ്റ്-ഓവര്‍സീസ് റൈറ്റുകളും അന്യഭാഷ ഡബ്ബിംഗ് അവകാശങ്ങളും വേള്‍ഡ് വൈഡ് റിലീസും മറ്റുമായി മലയാള സിനിമയും കോടി ക്ലബ്ബുകളില്‍ സ്ഥാനം പിടിച്ചതോടെ വന്‍മുതല്‍ മുടക്കില്‍ സിനിമകള്‍ നിർമിക്കാമെന്നായി. സ്വാഭാവികമായും സെറ്റുകള്‍ നിർമിക്കുന്നതിനായി കൂടുതല്‍ പണം ചിലവഴിക്കാനുളള സാഹചര്യം ഒരുങ്ങി.എന്നാല്‍ ഇത്തരമൊരു അവസ്ഥയിലേക്ക് വരും മുന്‍പ് പരിമിതികളുടെ നടുവില്‍ നിന്ന് മികച്ച സെറ്റുകള്‍ ഒരുക്കുകയും യഥാർഥമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതിഭാനധനന്‍മാരായ കലാസംവിധായകര്‍ മലയാളത്തിലുണ്ടായിരുന്നു.

കൊന്നനാട്ട് മുതല്‍ സാബു സിറിള്‍ വരെ

കലാസംവിധാനം എക്കാലവും സിനിമയിലെ മർമപ്രധാനമായ ഒരു ഡിപ്പാര്‍ട്ടുമെന്റായിരുന്നെങ്കിലും മലയാള സിനിമയില്‍ കലാസംവിധാനം എന്ന പ്രക്രിയക്ക് അർഥവും ആഴവും പകര്‍ന്ന എടുത്തു പറയേണ്ട ഒരു വ്യക്തി എസ്.കൊന്നനാട്ട് ആണ്. കോഴിക്കോടുകാരനായ ഇദ്ദേഹം തട്ടിക്കൂട്ട് സെറ്റുകളില്‍ നിന്ന് മലയാള സിനിമയെ മോചിപ്പിക്കുകയും ഈ പ്രക്രിയക്ക് വലിയ ഗൗരവവും പ്രാധാന്യവും നല്‍കി മികച്ച സെറ്റുകള്‍ ഒരുക്കാന്‍ യത്‌നിച്ചവരില്‍ അഗ്രഗണ്യനാണ്. അദ്ദേഹത്തിന്റെ  സഹായിയായി സിനിമാ ജീവിതം ആരംഭിച്ച ഐ.വി.ശശി പില്‍ക്കാലത്ത് സ്വതന്ത്ര കലാസംവിധായകനാവുകയും ചലച്ചിത്രസംവിധായകനായി ഉയരുകയും ചെയ്തു. ഭരതനും ആദ്യകാലത്ത് കലാസംവിധായകനായിരുന്നു. ശശിയും ഭരതനും ചിത്രകാരന്മാര്‍ കൂടിയായിരുന്നതു കൊണ്ടാണ് ഈ മേഖലയിലേക്ക് അവര്‍ക്ക് പ്രവേശനം ലഭിച്ചത്. 

അന്ന് പടുകൂറ്റന്‍ സെറ്റുകള്‍ക്ക് പകരം സ്റ്റുഡിയോ ഫ്‌ളോറില്‍ തന്നെ വളരെ അമച്വറിഷായ സെറ്റ് ഒരുക്കുകയായിരുന്നു പതിവ്. നാടകങ്ങളുടെ രംഗപടം പോലെ പലപ്പോഴും കര്‍ട്ടനിലും മറ്റും ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തും തെര്‍മോകോളും കാര്‍ഡ്‌ബോര്‍ഡുകളും മറ്റും ഉപയോഗിച്ച് ചില ക്രമീകരണങ്ങള്‍ നടത്തി അതിന്‍മേല്‍ പെയിന്റ് അടിച്ചുമൊക്കെയാണ് പശ്ചാത്തല നിർമിതി ഒരുക്കിയിരുന്നത്. പുരാണകഥാചിത്രങ്ങള്‍ പോലെ വലിയ പശ്ചാത്തലഭംഗി ആവശ്യമായ സിനിമകളില്‍ പോലും കൊട്ടാരത്തിന്റെ അകത്തളവും തൂണുകളും മറ്റും വളരെ അപക്വമായി നിര്‍മ്മിച്ചിരിക്കുന്നത് കാണാം. കൊന്നനാട്ട് ഇത്തരം ബാലിശ സമീപനങ്ങളെ നിരാകരിക്കുകയും യാഥാർഥ്യ പ്രതീതിയുണര്‍ത്തുന്ന സെറ്റുകള്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. പെര്‍ഫക്ഷനിസ്റ്റുകളായ ചില സംവിധായകര്‍ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്തു.

അന്ന് വടക്കന്‍പാട്ടുകളും പുരാണകഥകളും അടിസ്ഥാനമാക്കി ഏറെ സിനിമകള്‍ നിർമിച്ചിരുന്ന ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കലാസംവിധാനം ഏറെ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിരുന്നു. അന്ന് കലാസംവിധാന സഹായി ആയിരുന്ന ഭരതനെ അദ്ദേഹം സ്വതന്ത്രനാക്കുകയും തന്റെ സിനിമകളില്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. ലക്ഷണമൊത്ത കലാകാരനായിരുന്നു ഭരതന്‍. അപാരമായ സൗന്ദര്യബോധം അദ്ദേഹത്തെ നയിച്ചിരുന്നു. ഉദയായുടെ ബാനറില്‍ നിര്‍മ്മിച്ച പൊന്നാപുരംകോട്ടയും ഗന്ധര്‍വ്വക്ഷേത്രവും പോലെ നിരവധി സിനിമകളില്‍ ഭരതന്റെ സവിശേഷമായ കരവിരുത് ദുശ്യമായിരുന്നു. അപ്പോഴും വിലങ്ങുതടിയായി നിന്നത് ബജറ്റിലെ പരിമിതികളായിരുന്നു. എത്ര വലിയ ചിത്രത്തിലും ഒരു നിശ്ചിത തുകയ്ക്ക് അപ്പുറം ചിലവഴിക്കാനുളള സാഹചര്യമില്ലായിരുന്നു. എന്നാല്‍ ഈ പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് പരമാവധി പൂര്‍ണ്ണത സാധ്യമാക്കാന്‍ പ്രതിഭാധനന്‍മാരായ കലാസംവിധായകര്‍ ശ്രമിച്ചിരുന്നു. ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പു, 70 എം.എം ചിത്രമായ പടയോട്ടം..എന്നിങ്ങനെ ആര്‍ട്ട് ഡയറക്ഷന് പ്രാധാന്യമുളള സിനിമകളില്‍ കുറ്റമറ്റ രീതിയില്‍ തങ്ങളുടെ കര്‍മ്മം നിര്‍വഹിക്കാന്‍ ഈ കലാകാരന്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. 

മെഗാസെറ്റുകളുടെ വരവ്

കാലാന്തരത്തില്‍ ഈ മേഖലയുടെ പ്രാധാന്യം മനസിലാക്കിയ സംവിധായകര്‍ കലാസംവിധാനത്തിനായി ഉയര്‍ന്ന ബജറ്റ് അനുവദിക്കാന്‍ നിർമാതാക്കളെ പ്രേരിപ്പിക്കുകയും പ്രഗത്ഭരായ ആര്‍ട്ട് ഡയറക്‌ടേഴ്‌സിനെ ഉപയോഗിച്ച് തങ്ങളുടെ സിനിമകളില്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കുകയും ചെയ്തു. തൊണ്ണൂറുകളിലാണ് ഈ മാറ്റം പ്രകടമായി തുടങ്ങിയത്. ക്രമേണ അതിന്റെ പ്രസക്തിയും സാധ്യതകളും കണ്ടെടുത്ത് കലാസംവിധാനത്തെ അതിനിര്‍ണ്ണായകമായ പ്രക്രിയയായി കണ്ട് വളര്‍ത്തിയെടുത്തവരില്‍ പ്രമുഖന്‍ സംവിധായകനായ പ്രിയദര്‍ശനാണ്. കെ.കൃഷ്ണന്‍കുട്ടിയായിരുന്നു ആദ്യകാല പ്രിയന്‍ സിനിമകളില്‍ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്. കിലുക്കം പോലുളള സിനിമകളില്‍ കുറഞ്ഞ ബജറ്റില്‍ നിന്നു കൊണ്ട് മികച്ച സെറ്റുകള്‍ നിര്‍മ്മിച്ചിരുന്ന ഇദ്ദേഹം വന്ദനം പോലുളള സിനിമകളില്‍ കുറെക്കൂടി മികച്ച ബജറ്റ് അനുവദിക്കപ്പെട്ടതിന്റെ റിസള്‍ട്ട് കൊണ്ടു വരികയും ചെയ്തു. വന്ദനത്തില്‍ ബാം ഗ്ലൂര്‍ സിറ്റിയുടെ ഒരു ഭാഗം അദ്ദേഹം കൃത്രിമമായി നിര്‍മ്മിച്ചെടുത്തത് വാസ്തവത്തില്‍ സെറ്റ് വര്‍ക്കാണെന്ന് അക്കാലത്ത് പലര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

guruvayur-ambalanadayil-aartwork

ഏതാനം മലയാള സിനിമകളിലും പ്രവര്‍ത്തിച്ച തോട്ടാധരണി എന്ന തമിഴ്  കലാസംവിധായകനാണ് സിനിമയിലെ സെറ്റ് വര്‍ക്കുകള്‍ക്ക് കലാപൂര്‍ണ്ണത നല്‍കുന്നതില്‍ ഗണനീയമായ സംഭാവനകള്‍ നല്‍കിയവരില്‍ പ്രമുഖന്‍. തമിഴ്-തെലുങ്ക് സിനിമകളില്‍  വലിയ ബജറ്റ് അനുവദിക്കപ്പെട്ടിരുന്നെങ്കിലും കൃത്രിമത്വം അനുഭവപ്പെടുന്ന മുഴച്ചുനില്‍ക്കുന്ന പ്രകടനപരമായ സെറ്റുകളായിരുന്നു മുന്‍കാലങ്ങളില്‍ നിർമിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ പല സിനിമകളും ഒരു ബാലേ കാണുന്ന ഇംപാക്ട് ആണ് ഉണ്ടാക്കിയിരുന്നതും. ഇത്തരം കാര്യങ്ങളുടെ പ്രാധാന്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചലച്ചിത്രകാരന്‍മാര്‍ തിരിച്ചറിയാതിരുന്നതോ അതിപ്രഗത്ഭരായ കലാസംവിധായകരുടെ അഭാവമാണോ എന്നറിയില്ല ഈ വിഭാഗത്തിന് അതിന്റെ തനത് അസ്തിത്വം സൃഷ്ടിക്കാന്‍ പ്രേരകമായ ഒരു സാഹചര്യമുണ്ടായില്ല. 

എന്നാല്‍ തോട്ടാധരണി സെറ്റ് വര്‍ക്കാണെന്ന് തിരിച്ചറിയാത്ത വിധം യാഥാര്‍ത്ഥ്യ പ്രതീതിയുണര്‍ത്തുന്ന തലത്തില്‍ കലാസംവിധാനം നിര്‍വഹിക്കുകയുണ്ടായി. മണിരത്‌നത്തെ പോലെ അന്തര്‍ദേശീയ നിലവാരമുളള ചലച്ചിത്രസംവിധായകരുടെ ആവിര്‍ഭാവം ഇക്കാര്യത്തില്‍ അവരെ പ്രചോദിപ്പിച്ചിരുന്നു എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ദളപതി, റോജാ തുടങ്ങിയ മണിരത്‌നം സിനിമകളില്‍ ഇതിന്റെ ഗുണഫലം ദൃശ്യമാവുകയും ചെയ്തു. റോജയില്‍ തീവ്രവാദികളുടെ താവളം അടക്കമുളള പലതും വലിയ തുക ചിലവഴിക്കാതെ തന്നെ മികച്ച ഔട്ട്പുട്ട് ഉണ്ടാക്കിയെടുത്ത പ്രതിഭാവിലാസത്തിന്റെ ഉത്തമനിദര്‍ശമാണ്. ഇന്ത്യന്‍ എന്ന സിനിമയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു.

അപ്പോഴും മലയാളത്തിന്റെ സ്ഥിതി അത്രയ്ക്ക് മെച്ചമെന്ന് പറയാന്‍ കഴിയില്ല. സെറ്റുകളില്‍ ഫര്‍ണിച്ചറുകള്‍ പിടിച്ചിടുന്നതും ഭിത്തിക്ക് പെയിന്റ് അടിക്കുന്നതും ജനല്‍കര്‍ട്ടനുകളും ഫ്‌ളവര്‍വെയ്‌സുകളും യഥാസ്ഥാനങ്ങളില്‍ വയ്ക്കുന്നതും വാള്‍പെയിന്റിംഗ്‌സ് തൂക്കുന്നതുമൊക്കെയായിരുന്നു അന്ന് സാധാരണ ചെറുകിട സിനിമകളില്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പണി. ക്രിയാത്മകമായ വലിയ സംഭാവനകള്‍ നല്‍കാന്‍ കെല്‍പ്പുളളവരെ ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നമ്മെ കാണിച്ചു തന്നവരില്‍ ഭരതന്‍ അടക്കമുളള ചില പഴയ സംവിധായകരുണ്ടെന്നത് വിസ്മരിക്കുന്നില്ല. വൈശാലിയില്‍ ഭരതനും വടക്കന്‍ വീരഗാഥയില്‍ ഹരിഹരനും മറ്റും കലാസംവിധാനത്തെ ഔചിത്യബോധത്തോടെ പ്രയോജനപ്പെടുത്തിയ സംവിധായകരാണ്. ഒരു ഘടകങ്ങളും മൂഴച്ചു നില്‍ക്കരുതെന്നും വേറിട്ട് നില്‍ക്കരുതെന്നും സ്‌റ്റോറി ടെല്ലിംഗിനും മൂഡ് ക്രിയേഷനുമായി ഉപയോഗിക്കുന്ന നിരവധി ഘടകങ്ങളില്‍ ഒന്നു മാത്രമായി അവര്‍ ആര്‍ട്ട് ഡയറക്ഷനെയും കണ്ടിരുന്നു. 

bhramayugam-artwork
ഭ്രമയുഗം സെറ്റ്

കലാസംവിധായകന്‍ തുടിച്ചു നിന്ന പ്രിയന്‍ സിനിമകള്‍

എന്നാല്‍ കടുത്ത ചായക്കൂട്ടുകള്‍ ഉപയോഗിച്ച് കഥ പറയാന്‍ ശ്രമിച്ച ഷോമാനായ പ്രിയദര്‍ശന്‍ ഒരുപടി കടന്ന് കലാസംവിധാനത്തെ തന്റെ സിനിമകളുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാക്കി. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കാണുന്നതു പോലെ വര്‍ണ്ണാഭവും മനോഹരവുമായ ഒരിടം ആ സിനിമ ചിത്രീകരിച്ച പൊളളാച്ചിയില്‍ ഒരിടത്തുമില്ല.  ആര്‍ട്ട് ഡയറക്ടറായ സാബു സിറിളിന്റെ സഹായത്തോടെ പ്രിയന്‍ അത് കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. അതേസമയം അങ്ങനെയൊരു ഗ്രാമം ഉണ്ടെന്ന തോന്നല്‍ ജനിപ്പിക്കാനും സാബു സിറിളിന് കഴിഞ്ഞു. ഒരു ഫെയറിടെയ്ല്‍ പോലെയാണ് തേന്മാവിന്‍ കൊമ്പത്തിന്റെ ഇതിവൃത്തം. ഏതോ ഒരു സുന്ദരമായ ഗ്രാമത്തില്‍ സംഭവിച്ചതോ സംഭവിക്കാത്തതോ ആയ കഥയെന്ന് തോന്നിക്കും വിധം ഫാന്റസിയുടെ ചെറുവിതാനമുളള കാല്‍പ്പകനികഭംഗി നിറഞ്ഞ ആവിഷ്‌കാര രീതിയും ആ സിനിമയ്ക്ക് അനുപേക്ഷണീയമായിരുന്നു. 

bhramayugam-art
ഭ്രമയുഗം സെറ്റ്

കഥാപാത്രങ്ങളുടെ കളര്‍ഫുളളായ വേഷവിധാനങ്ങളും ഛായാഗ്രഹകന്‍ ആനന്ദിന്റെ സഹായത്തോടെ ഫില്‍റ്ററുകളും മറ്റും ഉപയോഗിച്ച് ഫ്രെയിമുകള്‍ക്ക് ഓറഞ്ചിന്റെ ലാഞ്ജനയുളള പ്രത്യേക കളര്‍ടോണും മറ്റും നല്‍കി സൗന്ദര്യാത്മകമാക്കാന്‍ പ്രിയദര്‍ശന്‍ ശ്രമിച്ചെങ്കിലും അതിനെല്ലാമപ്പുറത്ത് സിനിമയുടെ ഓരോ ഫ്രെയിമിലും തുടിച്ചു നിന്ന ഭംഗി സാബു സിറിളിന്റെ അനുപമമായ കരവിരുതായിരുന്നു. കാലാപാനി എന്ന പീര്യഡ് ഫിലിമിലും സാബു സിറിളിന്റെ സിദ്ധികള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞു. ഒരു ചരിത്രസിനിമയുടെ ആധികാരികതയും വസ്തുതാപരതയും നഷ്ടപ്പെടാതെ അന്തരീക്ഷം ഒരുക്കാനും ഒപ്പം ചേതോഹരമായ ദൃശ്യങ്ങള്‍ രൂപപ്പെടുത്താന്‍ സഹായകമാം വിധം ആര്‍ട്ട് വര്‍ക്ക് രൂപപ്പെടുത്താനും ഒരേ സമയം സാബുവിന് സാധിച്ചു. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഫൂല്‍ ഫൂലയ്യ അടക്കമുളള പ്രിയന്‍ സിനിമകളിലും സാബു സിറിളിന്റെ സാന്നിധ്യം നിർണായകമായിരുന്നു. 

പ്രിയദര്‍ശന്‍ പ്രകടനപരമായി വിവിധ ഘടകങ്ങള്‍ അണിനിരത്തുന്ന സംവിധായകനായതു കൊണ്ടാവാം അദ്ദേഹത്തിന്റെ പല സിനിമകളിലും ആര്‍ട്ട് വര്‍ക്കുകള്‍ മുഴച്ചു നില്‍ക്കുന്നതായി കാണാം. എന്നാല്‍ പ്രിയന്‍ സിനിമകളൂടെ പൊതുസ്വഭാവം പരിഗണിക്കുമ്പോള്‍ അത് അനുചിതമായി തോന്നുകയുമില്ല. അയുക്തികമായ കഥാപരിസരവും  പ്രണയവും സ്വപ്നതുല്യമായ അന്തരീക്ഷവും എല്ലാം ഉള്‍പ്പെടുന്ന മായികമായ ഒരു ലോകമാണ് അദ്ദേഹം നമുക്ക് മുന്നില്‍ വയ്ക്കുന്നത്. എന്നാല്‍ കുറെക്കൂടി റിയലിസ്റ്റിക്കായ സമീപനമാണ് സിദ്ദിക്ക് ലാല്‍ തങ്ങളുടെ വിയറ്റ്‌നാം കോളനി എന്ന സിനിമയുടെ കലാസംവിധാനത്തില്‍ ഉപയോഗിച്ചിട്ടുളളത്. ഒരു ഹൗസിംഗ്  കോളനി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയില്‍ യഥാതഥ സ്വഭാവം പുലര്‍ത്തുന്ന ഒരു കോളനിയുടെ സെറ്റാണ് അവര്‍ ഒരുക്കിയിട്ടുളളത്. കാണികള്‍ക്ക് അതുമായി പെട്ടെന്ന് താദാത്മ്യം പ്രാപിക്കാനും കഴിഞ്ഞു. സിനിമ റിലീസ് ചെയ്ത് ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് അതൊരു സെറ്റ് വര്‍ക്കാണെന്ന് പോലും പലര്‍ക്കും മനസിലായത്.

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിനായി കലാസംവിധായകനായ പ്രേമചന്ദ്രന്‍ ഒരുക്കിയ ക്ഷേത്രത്തിന്റെ സെറ്റ് അതീവസുന്ദരമായിരുന്നു.യഥാര്‍ത്ഥ ക്ഷേത്രം എന്ന് തോന്നിപ്പിക്കും വിധം വിശ്വസനീയവുമായിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് യാത്രക്കാര്‍ ക്ഷേത്രത്തിന് സമീപം വാഹനം നിര്‍ത്തി കാണിക്കയിടുന്നതും തൊഴുത് പ്രാര്‍ത്ഥിക്കുന്നതും മറ്റും പതിവ് കാഴ്ചകളായിരുന്നു. പളളികളില്‍ ഷൂട്ടിംഗ് അനുവദനീയമായതു കൊണ്ട് സാധാരണ ഗതിയില്‍ ആരും പളളി സെറ്റിടാറില്ല. എന്നാല്‍ ക്യാപ്ടന്‍ രാജു ആദ്യമായി സംവിധാനം ചെയ്ത ഇതാ ഒരു സ്‌നേഹഗാഥ എന്ന സിനിമ ഒരു പുരോഹിതന്റെ ജീവിതകഥ പറയുന്ന ഒന്നായിരുന്നു. സ്വാഭാവികമായും അനേകദിവസങ്ങള്‍ പളളിയില്‍ ഷൂട്ട് ചെയ്യേണ്ടതായി വരും. ഇത് പരിഗണിച്ച് നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്ന് പളളിയുടെ ഒരു സെറ്റ് നിര്‍മ്മിച്ചു. ലക്ഷങ്ങള്‍ ചിലവഴിച്ച് ഒരുക്കിയ ആ സെറ്റും യഥാര്‍ത്ഥ പളളിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

കാലം മാറി കഥ മാറി സെറ്റുകളും മാറി

മലയാള സിനിമകളുടെ കലക്ഷന്‍ 50 കോടിയില്‍ നിന്ന് 100 കോടിയിലേക്കും അവിടെ നിന്ന് 150 കോടിയിലേക്കും പിന്നീട് 250 കോടിയിലേക്കും വളര്‍ന്ന പശ്ചാത്തലത്തില്‍ സിനിമകളുടെ ബജറ്റും കുതിച്ചുയര്‍ന്നു. ആര്‍ട്ട്‌വര്‍ക്കുകള്‍ക്ക് മര്‍മ്മ പ്രാധാന്യമുളള കഥകള്‍ പറയുന്ന സിനിമകളില്‍ അതിനായി ഗണ്യമായ തുക മാറ്റി വയ്ക്കാന്‍ നിർമാതാക്കള്‍ക്ക് മടിയില്ലാതായി. 100 കോടി ക്ലബ്ബ് സിനിമയായി മാറിയ 2018 വെളളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രമാണ്. ഇത്തരമൊരു കഥ പറയുമ്പോള്‍ ഹോളിവുഡിലും ഇതര ഇന്ത്യന്‍ഭാഷാ സിനിമകളിലും ഒരു ബിഗ്ബജറ്റ് മലയാള സിനിമയുടെ ടോട്ടല്‍ ബജറ്റിനേക്കാള്‍ വലിയ തുക നിർമാതാക്കള്‍ സെറ്റ് വര്‍ക്കിനായി ചിലവഴിച്ചുവെന്ന് വരും. എന്നാല്‍ താരതമ്യേന ചെറിയ തുക കൊണ്ട് വലിയ അത്ഭുതം തന്നെ സൃഷ്ടിച്ചു നിർമാതാക്കള്‍. യഥാർഥ വെളളപ്പൊക്കമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു സിനിമയില്‍ ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടത്. ഏതാനം ഏക്കര്‍ സ്ഥലത്ത് ചിറകെട്ടി വെളളം അവിടേക്ക് പമ്പ് ചെയ്തും മറ്റും ഒരുക്കിയ സെറ്റ് സിനിമയുടെ പൂര്‍ണ്ണതയ്ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ചിത്രത്തിലെ ഒരു പ്രധാനരംഗത്തില്‍ വരുന്ന ഹെലികോപ്റ്റര്‍ പോലും കലാസംവിധായകന്റെ സംഭാവനയാണെന്ന് അറിയുമ്പോള്‍ കലാസംവിധാനത്തിന് ചലച്ചിത്രനിർമിതിയിലുളള പ്രാധാന്യം വ്യക്തമാകും. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ കലക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് ദേശഭാഷാ ഭേദമെന്യേ എല്ലായിടങ്ങളിലും സ്വീകരിക്കപ്പെട്ട ചിത്രമാണ്. ഗുണാ കേവ്‌സില്‍ അകപ്പെട്ട ഒരാളുടെ അവസ്ഥ ചിത്രീകരിക്കുന്ന ഈ സിനിമയ്ക്കായി 4 കോടി മുടക്കി സെറ്റിട്ടത് കലാസംവിധായകനായ അജയന്‍ ചാലിശ്ശേരിയാണ് ഒറിജിനലിനെ വെല്ലുന്ന സ്വാഭാവികത എന്നതിനപ്പുറം അസാധാരണമായ ആ കിടങ്ങിന്റെ ഭയാനകത സൃഷ്ടിക്കാന്‍ കലാസംവിധായകന് കഴിഞ്ഞു. 

സിനിമ ഒരു മേക്ക് ബിലീഫ്

സിനിമ മേക്ക് ബിലീഫിന്റെ കലയാണ്. യഥാർഥത്തില്‍ ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് തോന്നിപ്പിക്കുകയാണ്. നടനും സംവിധായകനും ഒരു പരിധി വരെ ഛായാഗ്രഹകനും നിര്‍വഹിക്കുന്ന ദൗത്യം ഇതാണ്. ഒരിക്കലും സംഭവിക്കില്ലെന്ന് തോന്നിക്കുന്ന ഒരു കാര്യം പോലും അങ്ങനെയുണ്ടെന്ന് തോന്നിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയും. തേന്മാവിന്‍ കൊമ്പത്തിലെ ശ്രീഹളളി എന്ന ഇല്ലാത്ത ഗ്രാമം അങ്ങനെ ഉണ്ടായി പോയതാണ്. അവിടെയാണ് കലാസംവിധായകന്റെ മിടുക്ക്. ഗുണാകേവിന്റെ സ്ഥിതി അതല്ല. അത് യഥാർഥത്തിലുളളതും ഇന്നും നിലനില്‍ക്കുന്നതുമായ കറകളഞ്ഞ റിയാലിറ്റിയാണ്. അതിനെ കൃത്രിമമായി പുനസൃഷ്ടിക്കുക എന്നത് ബുദ്ധിയും ഭാവനയും അത്യദ്ധ്വാനവും സാങ്കേതിക ബോധവും എല്ലാം ഒത്തിണങ്ങിയ ഒരു കലാസംവിധായകന് മാത്രം കഴിയുന്നതാണ്. അക്കാര്യത്തില്‍ അജയന്‍ സമാനതകളില്ലാത്ത വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് വസ്തുത. 

തെലുങ്ക് സിനിമകളിലും മറ്റും കോടാനുകോടികള്‍ ചിലവഴിച്ച് രൂപപ്പെടുത്തുന്ന സെറ്റുകള്‍ പൊളിച്ച് മാറ്റാതെ ദീര്‍ഘകാലം സൂക്ഷിക്കുകയും ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുക്കുന്നതും ഇന്ന് സര്‍വസാധാരണമാണ്. ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ സിനിമയുടെ സെറ്റുകള്‍ ഈ തരത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഒരു ഭാഷാ സിനിമയില്‍ ഉപയോഗിച്ച സെറ്റ് അന്യഭാഷാ സിനിമകള്‍ക്കായി വീണ്ടും ഉപയോഗിക്കുന്നത് വളരെ പണ്ട് ഒരു പതിവായിരുന്നു. വലിയ തുക മുടക്കാന്‍ കെല്‍പ്പില്ലാത്ത പാവം നിര്‍മ്മാതാക്കള്‍ക്ക് ഇത്തരം സെറ്റുകള്‍ ഒരു അനുഗ്രഹമായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മാറ്റം സംഭവിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായതോടെ മറുഭാഷാ സിനിമകള്‍ മൊഴിമാറ്റി ഒ.ടി.ടിയില്‍ എത്തുകയും വ്യാപകമായി എല്ലാവരും കാണുകയും ചെയ്യുന്നു. അതിനാല്‍ ആവര്‍ത്തനങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കപ്പെടുകയും അത് സിനിമകളുടെ വിശ്വസനീയതയെ ബാധിക്കുകയും ചെയ്യും. പ്രേക്ഷകര്‍ക്ക് ഒരു ഫ്രഷ് എക്‌സ്പീര്യന്‍സ് സമ്മാനിക്കാനാണ് ഇന്ന് എല്ലാ ഭാഷകളിലുമുളള ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 

സിനിമ അടിസ്ഥാനപരമായി കാഴ്ചയുടെ വസന്തവും ഉത്സവവുമാണ്. പ്രകൃതിപ്പടങ്ങള്‍ അടക്കമുളള റിയലിസ്റ്റിക്ക് സിനിമകളില്‍ പോലും യാഥാർഥ്യപ്രതീതി ഉണര്‍ത്തുന്ന സെറ്റുകള്‍ നിർമിക്കപ്പെടേണ്ടതായി വരും. അസാധാരണമായ സെന്‍സിബിലിറ്റിയുളള കലാസംവിധായകരുടെ പങ്ക് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. മലയാളത്തിലെ സമീപകാലഹിറ്റുകള്‍ പലതിലും ആര്‍ട്ട് ഡയറക്ഷന് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. ഏറ്റവും പുതിയ ചിത്രമായ ഗുരുവായൂരമ്പലനടയില്‍ പേര് സൂചിപ്പിക്കും പോലെ  ഗുരുവായുര്‍ ക്ഷേത്രപശ്ചാത്തലത്തില്‍ ദിവസങ്ങളോളം ഷൂട്ട് ചെയ്യേണ്ടതാണ്. അതിനുളള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ തന്നെ സെറ്റിട്ട് ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയുണ്ടായി. അവിടെയും സെറ്റ് ഏത് യാഥാർ‌ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിധം റിയലിസ്റ്റിക്കായി സൃഷ്ടിക്കാന്‍ കലാസംവിധായകന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് സിനിമ കണ്ട പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങളും സെറ്റ് കാണാന്‍ ഒഴുകിയെത്തുന്ന ടൂറിസ്റ്റുകളും.

ലോക സിനിമയിലെ വലിയ ചിത്രങ്ങളിലൊക്കെ തന്നെ പഠനാര്‍ഹമായ സെറ്റ് വര്‍ക്കുകള്‍ കാണാന്‍ സാധിക്കും. കഥയുടെ പശ്ചാത്തലവും അന്തരീക്ഷസൃഷ്ടിയും ഒരുക്കുന്നതില്‍ ഈ സെറ്റുകള്‍ക്കുളള പ്രാധാന്യവും ആ സിനിമകള്‍ നമുക്ക് പറഞ്ഞു തരുന്നു. ടൈറ്റാനിക്ക് അടക്കമുളള എവര്‍ടൈം ഹിറ്റുകളില്‍ കലാസംവിധാനം സിനിമയുടെ നെടും തൂണായി മാറുന്നത് കാണാം. ആര്‍ട്ട് ഡയറക്ഷന്‍ എന്ന പ്രക്രിയയെ ഔചിത്യപുര്‍വം ഉപയോഗിക്കുന്ന സംവിധായകരെ സംബന്ധിച്ച് ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ബജറ്റ് കീറാമുട്ടിയല്ലാതായി കൊണ്ടിരിക്കുന്ന മലയാള സിനിമയിലും ആഗോള സിനിമകളോട് കിടപിടിക്കുന്ന ആര്‍ട്ട് മാജിക്കുകള്‍ കാണാന്‍ സാധിച്ചേക്കും.

English Summary:

The story environment often has to be artificially constructed. Taking into account the practical difficulties involved in shooting in a crowded city or other for several days, the art director and assistants prepare such sets with the support of hundreds of workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com