ADVERTISEMENT

തലൈവർ പടത്തിൽ ലോജിക്കിനു പ്രസക്തിയില്ല, സ്റ്റൈൽ മന്നന്‍ ഒന്നു ഞൊടിച്ചാൽ വായുവിൽ പറക്കുന്ന ഗുണ്ടകൾ, നേരെ വരുന്ന കത്തി അതേവേഗത്തിൽ പിടിച്ച് തിരിച്ചെറിയുന്ന സൂപ്പർസ്റ്റാർ. തലൈവരുടെ അമാനുഷികത ആരാധകർക്കു വിരുന്നെന്ന പതിവിന് ഒന്നുകൂടി അടിവരയിടുന്ന ചിത്രമാണ് രജനികാന്തിന്റെ ദർബാർ. രജനികാന്തിന്റെ സ്ക്രീൻ പ്രസന്‍സിലും എനർജിയിലും അനിരുദ്ധിന്റെ ‘അഡ്രിനാലിൻ’ ബിജിഎമ്മിലും മാത്രം മുന്നോട്ടുപോകുന്ന സിനിമ. അതിനപ്പുറം യാതൊരു പുതുമയുമില്ലാത്ത, കണ്ടുമടുത്ത പൊലീസ്–ഗ്യാങ്സ്റ്റർ ചിത്രം. 

 

DARBAR (Tamil) - Official Trailer | Rajinikanth | AR Murugadoss | Anirudh Ravichander | Subaskaran

കടുത്ത ആരാധകന്‍ എന്ന നിലയിൽ രജനിക്കു വേണ്ടി കാർത്തിക് സുബ്ബരാജ് ചെയ്ത ‘ട്രിബ്യൂട്ട്’ ആയിരുന്നു പേട്ട. അതേ ആവേശത്തിലാണ് സ്റ്റൈൽ മന്നന്റെ ആരാധകനെന്ന നിലയിൽ മുരുഗദോസും ദർബാർ െചയ്തിരിക്കുന്നത്. എന്നാൽ പേട്ടയിൽനിന്നു ദർബാറിലേക്കുള്ള ദൂരം കുറച്ചു കൂടുതലാണ്.

 

durbar-audience-review

മുംബൈ പൊലീസ് കമ്മിഷണർ ആദിത്യ അരുണാചലമായാണ് രജനി എത്തുന്നത്. മുംബൈ സിറ്റിയിലെ ഗുണ്ടകളെ ഒന്നൊന്നായി എൻകൗണ്ടറിൽ കൊന്നൊടുക്കുകയാണ് അരുണാചലം. തന്റെ ഉള്ളിൽ കത്തിക്കിടക്കുന്ന പകയുടെ കനലുകളാണ് അരുണാചലത്തിന്റെ കൊലവെറിക്കു കാരണം. മുംബൈ നഗരത്തിൽനിന്നു ലഹരി-പെൺ വാണിഭ മാഫിയകളെ തുടച്ചുനീക്കാൻ നിയമിതനാകുന്ന ആദിത്യ അരുണാചലത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമയുടെ ആദ്യ പകുതി മുന്നോട്ടുപോകുന്നത്.

 

Darbar Movie Rajinikanth Police Look Photos HD

‘വയസ്സായാലും ഉൻ സ്‌റ്റൈലും അഴകും ഉന്നൈ വിട്ടു പോകാത്’.. എന്ന ശിവഗാമിയുടെ (പടയപ്പ) ഡയലോഗിനെ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന പ്രകടനമാണ് ചിത്രത്തിൽ രജനിയുടേത്. അദ്ദേഹത്തിന്റെ സ്റ്റൈലും ആക്‌ഷൻ രംഗങ്ങളിലെ ചടുലതയും ഡയലോഗ് ഡെലിവറിയും തന്നെയാണ് ദർബാറിനെ ആവേശഭരിതമാക്കുന്നത്. ആ പ്രകടനം കാണുമ്പോൾ ഇപ്പോഴും പുതുമ തന്നെയാണ്. അടുത്ത കാലത്തുവന്ന രജനി ചിത്രങ്ങളിൽ ഏറ്റവും മികച്ച ആക്‌ഷൻ കൊറിയോഗ്രഫിയാണ് ദർബാറിലേത്. എന്നിരുന്നാലും ആക്‌ഷൻ രംഗങ്ങളിലും പ്രണയരംഗങ്ങളിലും ഒരേരീതി പിന്തുടരുന്നത് സംവിധായകർ തന്നെ മാറ്റിയെടുത്താൽ നന്നായിരിക്കും.

 

Darbar-Second-Look

ഇടവേള വരെ ചിത്രം അതിവേഗം മുന്നോട്ടുപോകുന്നു. ആദ്യ പകുതി കഴിഞ്ഞാൽ ചിത്രം ക്ലീഷെ സ്വഭാവത്തിലേക്കു വഴുതുന്നു. വികാരഭരിതമായ രംഗങ്ങളും ഊഹിക്കാവുന്ന കഥാഗതിയും ചിത്രത്തെ ശരാശരി നിലവാരത്തിൽ എത്തിക്കുന്നു.

 

നായികയായി എത്തുന്ന നയൻതാരയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ല. ലില്ലി എന്ന കഥാപാത്രമായി രണ്ടു ഗാനങ്ങളിൽ നൃത്തം ചെയ്യാൻ മാത്രമായി നയൻതാര വന്നുപോകുന്നു. നിവേദ തോമസ് തന്റെ കഥാപാത്രം ഭംഗിയായി ചെയ്തിട്ടുണ്ട്. അരുണാചലവും മകൾ വല്ലിയുമായുള്ള വൈകാരിക രംഗങ്ങൾ പ്രേക്ഷകരുടെ ഇഷ്ടം േനടും. സുനിൽ ഷെട്ടി ചെയ്ത ഹരി ചോപ്ര എന്ന വില്ലൻ കഥാപാത്രത്തിനു പ്രാധാന്യം നൽകാതിരുന്നതും ചിത്രത്തിനു വിനയായി. യോഗി ബാബു ചെയ്ത കഥാപാത്രത്തിന്റെ കൗണ്ടറുകൾ മാത്രമാണ് കോമ‍ഡി രംഗങ്ങളിലെ ഏക ആശ്വാസം. 

 

1992-ൽ പാണ്ഡ്യൻ എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തിയ ശേഷം ആദ്യമായാണു രജനീകാന്ത് സ്ക്രീനിൽ കാക്കിയണിയുന്നത്. അവതരണത്തിലെ ചടുലത തിരക്കഥയിലും പുലർത്തിയിരുന്നെങ്കില്‍ രജനിയുെട മറ്റൊരു സ്റ്റൈലിഷ് ത്രില്ലറായി ദർബാർ മാറുമായിരുന്നു.

 

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ. രജനിയുടെ അഴകൊട്ടും ചോരാതെ ഒപ്പിയെടുക്കാൻ സന്തോഷ് ശിവനു കഴിഞ്ഞു. സംഘട്ടന രംഗങ്ങളിലെ ക്യാമറ ചലനങ്ങൾ എടുത്തുപറയേണ്ടതാണ്.

 

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഒരുഘട്ടത്തിൽ രജനി കഴിഞ്ഞാൽ സിനിമയെ താങ്ങി നിർത്തുന്ന പ്രധാനഘടകം പശ്ചാത്തല സംഗീതമാണ്. ഗാനങ്ങളും നിലവാരം പുലർത്തി.

 

രജനിയിസം കാണാൻ ടിക്കറ്റെടുക്കുന്നവർക്ക് ദർബാർ ആഘോഷക്കാഴ്ച തന്നെയാണ്. രജനികാന്ത് എന്ന പ്രതിഭാസത്തിന്റെ താരമൂല്യം മാറ്റിവച്ചാൽ ചിത്രം ശരാശരിയെന്ന തോന്നലാവും സാധാരണ പ്രേക്ഷകനുണ്ടാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com