ADVERTISEMENT

വില്ലന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ട് ഒരു ത്രില്ലർ സിനിമ ഉദ്വേഗഭരിതമായി പറയാൻ സാധിക്കുമോ? നവാഗതനായ വിഘ്നേശ് രാജ സംവിധാനം ചെയ്ത 'പോർ തൊഴിൽ' കണ്ടാൽ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കും. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളുടെ വാർപ്പുമാതൃകയിൽ ഒരുക്കിയിട്ടും പ്രേക്ഷകർക്ക് ത്രില്ലടിപ്പിക്കുന്ന അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. അതിനു കാരണം, കഥ പറയുന്ന രീതിയും അഭിനേതാക്കളുടെ അസാധ്യ പ്രകടനവുമാണ്. അടുത്ത കാലത്ത് ഇറങ്ങിയ ത്രില്ലർ സിനിമകളിൽ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാൻ കഴിയുന്ന ഒന്നാണ് ‘പോർ തൊഴിൽ’. 

 

സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളിലേതു പോലെ ഒരു കൊലപാതക പരമ്പരയും അതിനു പിന്നിലെ കൊലയാളിയെ കണ്ടെത്തലുമാണ് സിനിമയുടെ പ്രമേയം. അതു പറയാൻ സംവിധായകൻ ഉപകരണമാക്കുന്നത് രണ്ടു പ്രധാന കഥാപാത്രങ്ങളെയാണ്. ശരത്കുമാർ അവതരിപ്പിച്ച ക്രൈം ബ്രാഞ്ച് എസ്.പി. ലോകനാഥനും സർവീസിൽ പുതുതായി പ്രവേശിച്ച പ്രകാശ് എന്ന പൊലീസ് ഓഫിസറും. അശോക് സെൽവനാണ് അൽപസ്വൽപം പേടികളുള്ള പൊലീസ് ഓഫിസർ പ്രകാശ് ആയെത്തുന്നത്. സർവീസിൽ സീനിയറും ഡിപ്പാർട്ട്മെന്റിൽ മിടുക്കനുമായ ലോകനാഥനെ കേസിൽ അസിസ്റ്റ് ചെയ്യുക എന്ന ദൗത്യമാണ് പ്രകാശിന് ഏറ്റെടുക്കേണ്ടി വരുന്നത്. ഇവരെ ഡോക്യുമെന്റേഷന് സഹായിക്കുകയാണ് നിഖില വിമലിന്റെ വീണ എന്ന കഥാപാത്രം. ട്രിച്ചിയിൽ നടക്കുന്ന കൊലപാതക പരമ്പര അന്വേഷിക്കുന്നതിനായി സ്പെഷൽ ഡെപ്യൂട്ടേഷനിൽ ഈ മൂവർ സംഘം ചെന്നൈയിൽനിന്നു യാത്ര തിരിക്കുന്നു. 

 

അശോക് സെൽവന്റെ പേടികളാണ് സിനിമയുടെ തുടക്കത്തിൽ പലപ്പോഴും കേസന്വേഷണത്തിന്റെ പിരിമുറുക്കത്തിന് അയവു വരുത്തുന്ന നർമ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നത്. ഒട്ടും ഏച്ചുകെട്ടലുകൾ ഇല്ലാതെ രസകരമായി ആ രംഗങ്ങൾ വന്നിട്ടുണ്ട്. ശരത്കുമാറിന്റെയും അശോക് സെൽവന്റെയും കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യാൻ വേണ്ടി പ്രത്യേകം രംഗങ്ങൾ തിരുകിക്കയറ്റാതെയാണ് ചിത്രം പുരോഗമിക്കുന്നത്. കേസന്വേഷണത്തിന്റെ വളർച്ചയിൽ ഈ കഥാപാത്രങ്ങളുടെ ഭൂതകാലവും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളുടെ കാരണങ്ങളും വെളിപ്പെടുന്നുണ്ട്. 

por-tozhil

 

വില്ലൻ എന്തുകൊണ്ട് ഈ കൊലപാതകങ്ങൾ ചെയ്യുന്നു എന്നതിന് എപ്പോഴും ഇത്തരം സിനിമകളിൽ ഒരു കഥയുണ്ടാകും. സംഘർഷഭരിതമായ ബാല്യകൗമാരങ്ങളായിരിക്കാം പലപ്പോഴും അതിക്രൂരരായ പരമ്പരക്കൊലയാളികളെ സൃഷ്ടിക്കുന്നത്. വേട്ടയാടുന്ന ഭൂതകാലം കൊണ്ട് നീതീകരിക്കാൻ കഴിയുന്നതാണോ ഒരു കുറ്റവാളിയുടെ പ്രവൃത്തിയെന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം തേടുന്നുണ്ട് ‘പോർ തൊഴിൽ’. കുറ്റവാളികളോട് സഹതാപമാണോ അനുകമ്പയാണോ കാണിക്കേണ്ടതെന്ന സമസ്യക്ക് ഭംഗിയേറിയ ഉത്തരം കാണിച്ചുകൊണ്ടാണ് ‘പോർ തൊഴിൽ’ അവസാനിക്കുന്നത്. ഒരു ത്രില്ലർ കഥയ്ക്കൊപ്പം ശക്തമായ ഇമോഷനൽ ട്രാക്ക് കൂടി സമാന്തരമായി കൊണ്ടുപോകുന്ന തിരക്കഥ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. 

nikhila-sarath-kumar

 

സംവിധായകൻ വിഘ്നേശ് രാജയും ആൽഫ്രഡ് പ്രകാശും ചേർ‌ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ തന്നെയാണ് ഈ സിനിമയിലെ ഹീറോ. ആരായിരിക്കും വില്ലൻ എന്ന ചോദ്യം ചോദിച്ച് പ്രേക്ഷകരെ ഏറെ നട്ടം തിരിക്കാതെയുള്ള സമീപനമാണ് സിനിമയുടെ ശരിക്കുള്ള ത്രിൽ സമ്മാനിക്കുന്നത്. വില്ലനെ 'കണ്ടു പിടിക്കാൻ' തയാറായി ഇരിക്കുന്ന പ്രേക്ഷകർക്കു മുമ്പിൽ ഇതാണ് വില്ലൻ എന്നു വെളിപ്പെടുമ്പോൾ, അടുത്തത് ഇനിയെന്തെന്ന ചോദ്യം തീർച്ചയായും ആകാംക്ഷ നിറയ്ക്കും. അവിടെയാണ് ‘പോർ തൊഴിൽ’ പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. അനുഭവപരിജ്ഞാനമുള്ള സീനിയർ ഓഫിസറും പുസ്തക പരിജ്ഞാനമുള്ള ജൂനിയർ ഓഫിസറും ചേർന്നു നടത്തുന്ന ആ കുറ്റാന്വേഷണത്തിൽ പ്രേക്ഷകരും ഒപ്പം ചേരും. ചടുലമായി നീങ്ങുന്ന ഈ അന്വേഷണത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. ചില നിശബ്ദതകൾ പോലും പ്രേക്ഷകരെ ഞെട്ടിക്കും. എന്നാൽ തിയറ്ററിൽ നിന്ന് കൂടെ കൂടുന്ന സിഗ്നേച്ചർ ബിജിഎം ഈ സിനിമ സമ്മാനിക്കുന്നില്ല. 

 

ശരത്കുമാർ, അശോക് സെൽവൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് സിനിമയുടെ നട്ടെല്ല്. ഇരു കഥാപാത്രങ്ങൾക്കും സിനിമയിൽ തുല്യപ്രാധാന്യമുണ്ട്. സീനിയർ ഓഫിസറുടെ നിഴലിൽ ഒതുങ്ങിപ്പോകാത്ത, എന്നാൽ കൃത്യമായ ഇടപെടൽ നടത്തുന്ന രണ്ട് ഓഫിസർമാരായി തന്നെ പ്രേക്ഷകർക്ക് അനുഭവപ്പെടും. ആർക്കും ഇഷ്ടം തോന്നുന്ന വിധമാണ് ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി. ശരത്കുമാറിന്റെ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ക്രൈം ബ്രാഞ്ച് എസ്.പി ലോകനാഥൻ. അദ്ദേഹത്തിന്റെ അനുഭവപരിചയവും സ്ക്രീൻ കരിസ്മയും മനോഹരമായി സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡയലോഗ് ഡെലിവറിയിലും പ്രകടനത്തിലുമുള്ള വഴക്കവും തെളിമയും പ്രേക്ഷകരെ പിടിച്ചിരുത്തും. 

 

ഇരുട്ടിനോടു ഭയമുള്ള, ആത്മവിശ്വാസക്കുറവുള്ള പൊലീസ് ഓഫിസർ പ്രകാശ്, അശോക് സെൽവന്റെ കയ്യിൽ ഭദ്രമായിരുന്നു. ചെറുതാണെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് നിഖില വിമലിന്റെ വീണ. ഏറെ അഭിനയപ്രാധാന്യമുള്ള വേഷമല്ലെങ്കിലും, നിഖിലയുടെ സാന്നിധ്യം നല്ല ചില മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. നിഖിലയ്ക്കു പുറമെ സന്തോഷ് കീഴാറ്റൂരും സുനിൽ സുഖദയും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 

 

ശ്രീജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ത്രില്ലർ സിനിമയുടെ വേഗവും ചടുലതയും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു എഡിറ്റിങ്. അതുപോലെ മികവേറിയതായിരുന്നു സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനും. കലൈസെൽവൻ ശിവജിയാണ് ക്യാമറ. രാത്രിക്കാഴ്ചകൾ ഭംഗിയായി തന്നെ അദ്ദേഹം പകർത്തിയിട്ടുണ്ട്. സംഘട്ടനരംഗങ്ങളും മികച്ചതായിരുന്നു. ഫീനിക്സ് പ്രഭുവിനായിരുന്നു സംഘട്ടനത്തിന്റെ ചുമതല. ചുരുക്കത്തിൽ, കോവിഡിനു ശേഷമിറങ്ങിയ ത്രില്ലർ സിനിമകളിൽ ഏറ്റവും മികച്ചതാണ് ‘പോർ തൊഴിൽ’. ആ ത്രില്ലിങ് അനുഭവം പൂർണമായ അർഥത്തിൽ ആസ്വദിക്കണമെങ്കിൽ തിയറ്റർ കാഴ്ച നഷ്ടമാക്കരുത്. 

English Summary: Por Tozhil Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com