ഈഥൻ ‘വേട്ട’ തുടങ്ങി; ആക്‌ഷൻ ‘എക്സ്‌ട്രാവഗൻസ’; റിവ്യൂ
Mission: Impossible 7
Mail This Article
1996 ലാണ് മിഷൻ ഇംപോസിബിൾ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. സാങ്കേത്തികത്തികവിന്റെ അങ്ങേയറ്റത്തെ സാധ്യതകളുടെ സഹായത്തോടെ ഇറങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് പുതിയൊരു ആക്‌ഷൻ ഹീറോയെ നൽകി. ഈഥൻ ഹണ്ട്...പിന്നീടങ്ങോട്ടൊരു ‘ഹണ്ടിങ്’ തന്നെയായിരുന്നു. മിഷൻ ഇംപോസിബിൾ ഏഴ് സിനിമകളിലെത്തി നിൽക്കുമ്പോൾ ഈഥൻ ഹണ്ട് ആയ ടോം ക്രൂസിന് പ്രായം അറുപത്തിയൊന്ന്. കഴിഞ്ഞ ഭാഗമായ ഫാളൗട്ടിൽ ജൂലിയയുടെ ചോദ്യത്തിന്, ലൂഥർ പറയുന്നൊരു ഡയലോഗ് ഉണ്ട്, ‘‘ഓ യു നോ, സെയിം ഓൾഡ് ഈഥൻ.’’...അതാണ് ഇവിടെയും പറയാനുള്ളത്, ദാ ആ കാണുന്ന കൊക്കയിലേക്ക് ചാടാൻ പറഞ്ഞാൽ മറിച്ചൊന്നു ചിന്തിക്കാതെ ചാടുന്ന ടോം ക്രൂസ്. ഇത്തവണയും പതിവു തെറ്റിക്കുന്നില്ല, അതിസാഹസിക രംഗങ്ങളുടെ നീണ്ടനിര തന്നെയാണ് സംവിധായകൻ ക്രിസ്റ്റഫർ മക്വയറും ടോം ക്രൂസും ഒരുക്കിയിരിക്കുന്നത്. തന്നോളം വരുന്ന വില്ലന്മാരെ തകർത്തുതരിപ്പണമാക്കുന്ന ഈഥന്‍ ഹണ്ടിന് ഇത്തവണ എതിരേണ്ടത് ഒരാളെയല്ല, ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ നിർമിതമായ മോസ്റ്റ് മോഡേൺ ആയുധത്തെയാണ്.
കഥയൊക്കെ പതിവുപോലെ ലോകത്തിനു തന്നെ ഭീഷണിയാകുന്ന ‘ന്യൂക്ലിയർ ബോംബ്’ തന്നെയാണ്. ആ ആധുനിക ആയുധം ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആകുലരായി ലോക രാജ്യങ്ങൾതന്നെ അതിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഏറ്റവും അപകടകരമായ നിലയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ആയുധവും അതിന്റെ താക്കോലും തേടിയുള്ള ഈഥൻ ഹണ്ടിന്റെ പരക്കം പാച്ചിലാണ് സിനിമ.
ഈഥന്റെ ഏറ്റവും അടുത്ത കൂട്ടുകാരായ ബെൻജിക്കും ലൂഥറിനും എൽസയ്ക്കുമൊപ്പം ഗ്രേസ് എന്ന പുതിയൊരു അംഗം കൂടി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഹയ്‌ലി ആട്‌വെൽ ആണ് ഗ്രേസിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നിർണായ കഥാപാത്രം കൂടിയായ ഗ്രേസിനെ ‘ഗ്രേസോടു’ കൂടി തന്നെ അവതരിപ്പിക്കാൻ ഹയ്‍ലിക്കായി. ടോം ക്രൂസും ഹയ്‍ലിയും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളും രസകരമായിട്ടുണ്ട്.
കഥ പറയുന്നതിൽ അൽപം ഇഴച്ചിൽ അനുഭവപ്പെടുമെങ്കിലും റോമിൽ തുടങ്ങുന്ന കാർ ചേസിങിലാണ് ഏഴാം ഭാഗത്തിനു തീ പിടിക്കുന്നത്. പിന്നീടങ്ങോട്ട് ഗിയർ ഷിഫ്റ്റ് ചെയ്തൊരു പോക്കാണ്. നോർവെയിലെ പാറക്കെട്ടിൽ നിന്നുള്ള ടോം ക്രൂസിന്റെ മോട്ടർജംപ് ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. വിഷ്വൽ ഇഫട്കളും സ്റ്റണ്ട് രംഗങ്ങളുമൊക്കെ യാഥാർഥ്യത്തോടെ തന്നെ സ്ക്രീനിൽ അവതരിപ്പിക്കുന്നു എന്നതാണ് കയ്യടി നേടുന്ന ഘടകങ്ങൾ.
തന്റെ കുടുംബാംഗത്തെപ്പോലെയാണ് ക്രിസ്റ്റഫർ മക്വയർ എന്ന് പല അഭിമുഖങ്ങളിലും ടോം ക്രൂസ് പറയാറുണ്ട്. ഇവരുടെ ഈ സൗഹൃദം തന്നെയാണ് ചിത്രത്തെ വേറിട്ടുനിർത്തുന്നതും. 2011ൽ പുറത്തിറങ്ങി ഗോസ്റ്റ് പ്രോട്ടോകളിൽ തിരക്കഥാകൃത്തായാണ് മക്വയർ ഈ സീരിസിലേക്കെത്തുന്നത്. പിന്നീടിതുവരെ മൂന്ന് ചിത്രങ്ങൾ മിഷൻ ഇംപോസിബിൾ സീരിസിൽ സംവിധാനം ചെയ്യുന്നു. ഏഴാം ഭാഗമായ ഡെഡ് റെക്കണിങ് രണ്ട് ഭാഗങ്ങളായാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.
ക്ലൈമാക്സിലെ ട്രെയിൻ ഫൈറ്റിനുവേണ്ടി ട്രെയിനിന്റെ ബോഗികൾ തന്നെ അണിയറപ്രവർത്തകർ നിർമിച്ചു. അത്രത്തോളം പെർഫക്ട് ആയ പ്രൊഡക്‌ഷൻ ഡിസൈൻ ആണ് സിനിമയുടേത്. മിഷൻ ഇംപോസിബിളിന്റെ ട്രേഡ് മാർക് ആയ ഫേക് മാസ്ക് ട്രിക്ക് രംഗങ്ങളൊക്കെ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ഇത്തവണയും ചെയ്തിരിക്കുന്നത്.
രണ്ട് മണിക്കൂർ നാൽപത്തിയഞ്ച് മിനിറ്റാണ് ദൈർഘ്യം. സംഭാഷണ രംഗങ്ങൾ കുറച്ചധികം ചിത്രത്തിലുണ്ട്. സിനിമയില്‍ വന്നുപോകുന്ന ഓരോ ചെറിയ കഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഗബ്രിയേലിന്റെ ഫ്രഞ്ച് അസാസിനായെത്തുന്ന പാരിസിനെ അവതരിപ്പിച്ച പോം ക്ലെമെന്റിഫ് ഒരുദാഹരണം മാത്രം.
അടുത്ത ഭാഗത്തേക്ക് ഉള്ളതെല്ലാം കൃത്യമായി ഒരുക്കിവച്ചാണ് മക്വയറും ടോം ക്രൂസും ഡെഡ് റെക്കണിങ് ആദ്യ ഭാഗം അവസാനിപ്പിക്കുന്നത്. തിയറ്റർ പോയി ഇരുന്ന് ആസ്വദിക്കാവുന്ന ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാണ് മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിങ് പാർട് വൺ.