ADVERTISEMENT

കുറ്റവും ശിക്ഷയും വിധിക്കാൻ നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ ചിലപ്പോഴൊക്കെ നിരപരാധികൾക്ക് നീതി നിഷേധിക്കപ്പെടാറുണ്ട്.  അത്തരമൊരു പ്രമേയമാണ് നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘അഭ്യൂഹം’.  അജ്മൽ അമീർ, രാഹുൽ മാധവ്, ജാഫർ ഇടുക്കി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം കറ തീർന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

 

റബ്ബർ ടാപ്പിങ് തൊഴിലാളിയാണ് ജയരാജൻ. ഭാര്യയും എട്ടുവയസ്സുമുള്ള മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം. ഭീതിപ്പെടുത്തുന്ന ഒരു ഭൂതകാലത്തിലെ ഓർമ്മപ്പൊട്ടുകൾ ചിലപ്പോഴൊക്കെ ജയരാജനെ അലോസരപ്പെടുത്താറുണ്ട്. അതിലെ കഥാപത്രം ജയിലിൽ കഴിയുന്ന രാജൻ എന്ന അച്ഛനാണ്. കള്ളക്കേസിൽ ജയരാജന്റെ അച്ഛൻ ജയിലിലായിട്ട് വർഷങ്ങൾ പിന്നിട്ടു. കോടതിയിൽ തെളിവുകൾ സംസാരിച്ചപ്പോൾ രാജനുവേണ്ടി സംസാരിക്കാൻ ആരുമുണ്ടായില്ല. കുടുംബത്തെ കാണാൻ കൂട്ടാക്കാതെ ജയിലിൽ കഴിയുന്ന അച്ഛനെ മകനും എന്നോ തമ്മിൽ മറന്നുകഴിഞ്ഞു. പക്ഷേ അച്ഛന്റെ ഓർമ്മപ്പെടുത്തലുമായി ഒരിക്കൽ ജയരാജന് ഒരു ഫോൺ കോൾ വരുന്നു. അഡ്വക്കേറ്റ് മഞ്ജരി വെളിപ്പെടുത്തിയ ചില വിവരങ്ങൾ വീണ്ടും ജയരാജനെ അച്ഛന്റെ ഓർമ്മകളിലേക്ക് കൂടിക്കൊണ്ടുപോയി.  നിരപരാധിയായ അച്ഛനെ രക്ഷിക്കണമെന്ന ചിന്ത ജയന്റെ മനസ്സിന് എന്തും നേരിടാൻ പോന്ന ശക്തിപകരുകയായിരുന്നു.

 

ഒരിടവേളയ്ക്കു ശേഷം അജ്മൽ അമീർ മലയാളത്തിൽ ജയരാജൻ എന്ന ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചെത്തുകയാണ്.  നിസ്സഹായനായ ജയരാജനും അച്ഛന് വേണ്ടി എന്തും ചെയ്യാൻ പുറപ്പെടുന്ന മകനുമായി അജ്മൽ മികവുറ്റ പ്രകടനം കാഴ്ചവച്ചു. ഉയർന്ന പൊലീസ് ഓഫിസർ ഡെന്നിസ് ആയി രാഹുൽ മാധവ് കയ്യടി നേടുന്ന അഭിനയമാണ് പുറത്തെടുത്തത്. പതിവുപോലെ ജാഫർ ഇടുക്കി രാജൻ എന്ന കഥാപാത്രത്തെ വിസ്മയകരമായി പ്രതിഭലിപ്പിച്ചു.  കോട്ടയം നസീർ ആണ് ചിത്രത്തിൽ അഭിനയം കൊണ്ട് വേറിട്ട് നിന്നത്. ഇതുവരെ കണ്ട കോമഡി കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പരുക്കനും അത്യന്തം ദുരൂഹത പേറുന്നതുമായ എ ഡി ജി പി ജോയ് ഫിലിപ്പ് എന്ന കഥാപാത്രത്തെ അതിശയകരമായ കയ്യടക്കകത്തോടെ കോട്ടയം നസീർ അഭിനയിച്ചു ഫലിപ്പിച്ചു. ആത്മീയ രാജൻ ആണ് അഡ്വക്കറ്റ് മഞ്ജരിയായി എത്തുന്നത്.  അനിത എന്ന കഥാപാത്രമായി മാൽവി മൽഹോത്രയും കോൺസ്റ്റബിൾ ദേവസ്യയായി പ്രമോദ് വെളിയനാടും നല്ല പ്രകടനം കാഴ്ചവച്ചു. ജോൺ കൈപ്പള്ളിൽ, നന്ദു, വിജയകുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

ഇതുവരെ പരിചിതമായ അന്വേഷണാത്മക സിനിമകളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് നവാഗത സംവിധായകനായ അഖിൽ ശ്രീനിവാസ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്.  ലളിതമായൊരു കഥാതന്തുവില്‍ നിന്ന് സസ്പെൻസ് നിലനിർത്തി ഏറെ ത്രില്ലടിപ്പിക്കുന്ന കാഴ്ചാനുഭവത്തിലേക്ക് ചിത്രമെത്തുന്നുണ്ട്.  ക്ലൈമാക്സിനോട് അടുക്കുമ്പോൾ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന കഥാ സന്ദർഭങ്ങൾകൊണ്ട് സങ്കീർണമാണ് ചിത്രം. ഛായാഗ്രഹണവും എഡിറ്റിംഗും ചിത്രത്തെ മികച്ച കാഴ്ചാനുഭവമാക്കി മാറ്റുന്നു.  പശ്ചാത്തല സംഗീതവും ത്രില്ലറിന്റെ മൂഡ്‌ നിലനിർത്താൻ സഹായിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആനന്ദ് രാധാകൃഷ്ണനും നൗഫൽ അബ്ദുള്ളയും ചേർന്നാണ്.  

 

ആദ്യാവസാനം കാണികളെ പിടിച്ചിരുത്തുന്ന ഒരു കുറ്റാന്വേഷണ സിനിമയാണ് ‘അഭ്യൂഹം’. ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ പേരിൽ ജീവിതം നഷ്ടപ്പെടുന്ന ചിലരുടെ കഥ പറയുന്ന ചിത്രം മനസ്സിന്റെ ആഴമേറിയ നിഗൂഢ തലങ്ങളിലേക്കുള്ള ഒരു സാഹസിക യാത്രകൂടിയാണ്. ജീവിതത്തോടുളള ആർത്തി കൊണ്ട് ചിലർ കുറ്റകൃത്യം ചെയ്യുമ്പോൾ മറ്റു ചിലർ അതേ കാരണം കൊണ്ട് കുറ്റം തെളിയിക്കാൻ ഏതറ്റം വരെയും പോകുന്ന കഥ പറയുന്ന അഭ്യൂഹം ഫാമിലി ക്രൈം ഡ്രാമ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക് നിരാശയില്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com