ദൃശ്യവിസ്ഫോടനം; ഓപ്പൺഹൈമർ റിവ്യു - Oppenheimer Review

Oppenheimer-review
SHARE

‘‘ഇപ്പോൾ ഞാൻ മരണമാവുന്നു. സർവലോക നാശകൻ...’’ ആയിരം സൂര്യൻമാർ ഒരുമിച്ചുകത്തുന്നതുപോലുള്ള ആറ്റംബോബ് പരീക്ഷണ സ്ഫോടനം നേരിട്ടു വീക്ഷിച്ച ശേഷം ഓപ്പൺഹൈമർ ഉരുവിടുന്ന ആ വരികൾ. വിശ്വരൂപ ദർശനസമയത്ത് കൃഷ്ണനുച്ചരിക്കുന്ന ‘‘കാലോഅസ്മി ലോകാ ക്ഷയകൃത്പ്രവിദ്ധോ...’’ എന്ന ഭഗവദ്ഗീതാ വാക്യം. തന്റെ പുതിയ സിനിമ ഓപ്പൺഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ തന്റെ വിശ്വരൂപദർശനം നടത്തുകയാണ്. ഇതിലും മികച്ചത് ഇനി വെള്ളിത്തിരയിൽ സംഭവിക്കുമോ?

ആറ്റംബോബിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൻഹൈമറിന്റെ ജീവിതകഥയുമായി വിഖ്യാതസംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്റുകളിൽ ദൃശ്യവിസ്ഫോടനം നടത്തിക്കഴിഞ്ഞു. ഒരു മനുഷ്യനു തന്റെ ജീവിതകാലത്ത് തിയറ്ററിൽ പോയിരുന്നു കാണാൻകഴിയുന്ന എറ്റവും മികച്ച ദൃശ്യാനുഭവമായി ഓപ്പൻഹൈമറിനെ വിശേഷിപ്പിക്കാം.

ഓപ്പൻഹൈമർ ഒരു സാധാരണ ബയോപിക്ക് അല്ല. സൈക്കോളജിയും കുറ്റാന്വേഷണവും ഒത്തൊരുമിക്കുന്ന തരത്തിലുള്ള കോർട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫർ നോളൻ സ്വീകരിച്ചിരിക്കുന്നത്. ഒരു മനുഷ്യൻ തന്റെ ചിന്തയും ബുദ്ധിയും ഉപയോഗിച്ച് രൂപം നൽകിയ ആറ്റംബോബ് എന്ന സർവലോകവിനാശകാരി എങ്ങനെ മനുഷ്യരാശിയെ ചുട്ടുപൊള്ളിച്ചുകൊണ്ട് ലോകത്തിന്റെ വഴി തിരിച്ചുവിട്ടുവെന്ന് നേരിട്ടു കാണേണ്ടിവന്ന മനുഷ്യനാണ് ഓപ്പൻഹൈമർ. അതുകൊണ്ടുതന്നെ ചിത്രത്തിൽ നോളൻ സ്വീകരിച്ച, പഴയ കാലവും പുതിയ കാലവും ഇഴപിരിയുന്ന കഥാഘടന കാണികളെ സീറ്റിൽ പിടിച്ചിരുത്തുമെന്നതു തീർച്ചയാണ്.

ബോംബ് സൃഷ്ടിച്ച ആ മനുഷ്യന്റെ മനസ്സാണ് ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ശരിതെറ്റുകൾക്കിടയിൽ ഒറ്റപ്പെട്ടുപോവുന്ന മനുഷ്യൻ. ശാസ്ത്രത്തോടുള്ള അടങ്ങാത്ത ഇഷ്ടം ഒരുവശത്ത്. താൻ സൃഷ്ടിച്ച ബോംബ് ഹിരോഷിമയിലും നാഗസാക്കിയിലും സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മറ്റൊരു വശത്ത്. ഫാഷിസത്തിനെതിരെ പോരാടിയ, കമ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുണച്ച ശാസ്ത്രജ്ഞൻ അമേരിക്കക്കുവേണ്ടി ആറ്റംബോബ് സൃഷ്ടിക്കേണ്ടി വരുന്നുവെന്ന യാഥാർഥ്യം.

Oppenheimer-nolan

ഓപ്പൻഹെയ്മറും ല്യൂയി സ്ട്രൗസും തമ്മിൽ നടന്ന ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ നട്ടെല്ല്. യുഎസ് ആറ്റോമിക് എനർജി കമ്മിഷൻ തലവനെന്ന അധികാരത്തിനായി സ്ട്രൗസ് നടത്തുന്ന കരുനീക്കങ്ങൾ. അമേരിക്കയോട് എത്രമാത്രം ഓപ്പൻഹെയ്മർ വിശ്വസ്തനാണെന്ന വിചാരണ. ഈ നീക്കങ്ങൾക്കിടയിൽ ആറ്റംബോബിലൂടെ താൻ ലോകത്തിനു നൽകിയ ആഘാതത്തെക്കുറിച്ച് ഓപ്പൻഹെയ്മർ വീണ്ടുവിചാരം നടത്തുകയാണ്.

‘ഇരുപതുവർഷം മുൻപ് ഫിസിക്സിനെ ഉപേക്ഷിക്കുകയും യുദ്ധോപകരണമുണ്ടാക്കുകയും ചെയ്യുന്ന’ ഓപ്പൺഹെയ്മർ ‘ശാസ്ത്രത്തിന്റെ മൊത്തവിൽപനക്കാരനാണെ’ന്ന് എതിരാളികൾ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ഇനിയൊരിക്കലും ഒരാളും ആറ്റംബോബിനേക്കാൾ വലിയ ബോംബുകളെക്കുറിച്ചോ യുദ്ധങ്ങളെക്കുറിച്ചോ സ്വപ്നം കാണരുതെന്ന ചിന്ത തലയിൽപേറി നടക്കുകയാണ് ഓപ്പൻഹെയ്മർ. താൻ തുടങ്ങിവച്ചതിനെ ഓപ്പൻഹെയ്മർ എവിടെവരെ കൊണ്ടെത്തിച്ചുവെന്ന് ഐൻസ്റ്റൈൻ പോലും ചിത്രത്തിലൊരിടത്ത് പറയുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റിനു മുന്നിൽ ചെന്നിരുന്ന് ഓപ്പൻഹൈമർ പറയുന്നത് ‘‘ എന്റെ കൈകളിൽ ചോര പുരണ്ടിരിക്കുന്നു’’വെന്നാണ്. ബോംബ് ഉണ്ടാക്കിയവനെയല്ല, ബോംബ് വർഷിച്ചവനെയാണ് ലോകം കുറ്റപ്പെടുത്തുകയെന്ന് പ്രസിഡന്റ് മറുപടി പറയുന്നുമുണ്ട്.

oppenheimer
CREDIT: Universal

ക്രിസ്റ്റഫർ നോളൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ സിലിയൻ മർഫിയും റോബർട് ഡൗണിയും എമിലി ബ്ലണ്ടും മുതൽ മാറ്റ് ഡാമൻ വരെ വെള്ളിത്തിരയിൽ വന്നുപോവുന്നവരെല്ലാം അസാമാന്യപ്രകടനമാണ് നടത്തുന്നത്. മൂന്നു മണിക്കൂർ ദൈർഘമുള്ള സിനിമ കണ്ടുതീർത്തതായി തിയറ്റർ വിടുമ്പോൾ തോന്നുന്നേയില്ല. അത്രയേറെ കാണികളെ പിടിച്ചുലയ്ക്കാൻ നോളനു കഴിയുന്നുണ്ട്. ക്യാമറയ്ക്കും പശ്ചാത്തലസംഗീതത്തിനും ഒരു സിനിമയെ എത്രമാത്രം മികച്ചതാക്കാൻ കഴിയും എന്ന് ഓപ്പൻഹൈമറിൽ കണ്ടറിയാം. എന്നാൽ അതിനേക്കാളെല്ലാം നിശ്ശബദ്ത എങ്ങനെയാണ് ഒരു സിനിമയുടെ ദൃശ്യാനുഭവത്തെ ഹൃദയത്തിൽ ആഴത്തിൽ അടയാളപ്പെടുത്തുകയെന്നു കൂടി ചിത്രം കാണിച്ചുതരുന്നുണ്ട്.

തീയറ്ററിന്റെ വലിയ സ്ക്രീനിൽ അനുഭവിച്ചറിയേണ്ട കാഴ്ചാനുഭവമാണ് ഓപ്പൺഹൈമർ. ഒരു മൊബൈൽഫോണിന്റെ ചതുരത്തിൽനിന്ന് ആ അനുഭവം ഒരിക്കലും കിട്ടില്ല. മൊബൈൽഫോണിൽ കാണുന്നതിലും ഭേദം ഈ സിനിമ കാണാതിരിക്കുന്നതാണ് എന്നത് ഉറപ്പാണ്. അതിനുവേണ്ടിത്തന്നെയാണ് ഐമാക്സിന്റെ വിശാലമായ ക്യാമറയിൽ നോളൻ ആറ്റംബോബിന്റെ ലോകം ഒപ്പിയെടുത്തിരിക്കുന്നത്.

English Summary: Oppenheimer movie review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS