ADVERTISEMENT

ഒരു ചെറിയ തെറ്റിദ്ധാരണ പോലും ചിലപ്പോൾ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ചും ജ്യോതിഷപരമായ പൊരുത്തമില്ലെന്ന് മുൻകൂട്ടി പ്രവചിക്കപ്പെട്ടാൽ. പക്ഷേ മനപ്പൊരുത്തമൊരിക്കലും പ്രവചിക്കാൻ കഴിയില്ലെന്നും അവ കണ്ടെത്തേണ്ടത് ദമ്പതികളുടെ മാനസികാവസ്ഥയിലൂടെയാണെന്നും ഒരിക്കൽകൂടി പറയുകയാണ് ‘ഖുഷി’ എന്ന ചിത്രത്തിലൂടെ ശിവ നിർവാണ. ആചാരാനുഷ്ഠാനങ്ങളും ശാസ്ത്രവും ഒരു കുടുംബ ജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചേക്കാമെന്നും പുതുതലമുറ അവയെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും ചിത്രം പങ്കുവയ്ക്കുന്നു.

 

വ്യത്യസ്തമായ കുടുംബ പശ്ചാത്തലത്തിൽ നിന്നും വിവാഹിതരാകുന്നവരാണ് വിപ്ലവും ആരാധ്യയും. പ്രണയിച്ച് വിവാഹം കഴിക്കുന്ന ഇരുവരുടെയും ജീവിതത്തിൽ പിന്നീടുണ്ടാകുന്ന ചില സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ശാസ്‍ത്രഞ്‍ജനും യുക്തിവാദിയുമായ ലെനിൻ സത്യയുടെ മകനാണ് വിപ്ലവ്. യാത്ര ചെയ്യാനിഷ്ടപ്പെടുന്ന വിപ്ലവ് സ്വന്തം നാട്ടിൽ ജോലി കിട്ടിയെങ്കിലും അത് വേണ്ടെന്ന് വെച്ച് സ്ഥലംമാറ്റം നേടി കശ്മീരിലേക്ക് പോകുന്നു. സുഹൃത്തിനൊപ്പം കശ്മീർ സന്ദർശിക്കാൻ എത്തുന്ന ആരാധ്യയോട് വിപ്ലവിന് ഇഷ്ടം തോന്നുകയും അവളെ സ്വന്തമാക്കണമെന്ന ആഗ്രഹമോടെ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. മതപണ്ഡിതനും വാഗ്‍മിയുമായ ശ്രീനിവാസിന്റെ മകളാണ് ആരാധ്യ. 

 

kushi-trailer

ജോലി സംബന്ധമായ കാര്യങ്ങൾക്കിടയിൽ കശ്മീർ സന്ദർശിക്കാൻ പോകുന്ന ആരാധ്യയാകട്ടെ അവളുടെ ഐഡൻറിറ്റി വിപ്ലവിനു മുൻപിൽ മറച്ചുവച്ച് സഹോദരനെ തേടി പാക്കിസ്ഥാനിൽ നിന്നും കശ്മീരിൽ എത്തിയ ഒരു മുസ്‌ലിം യുവതിയായി അഭിനയിക്കുന്നു. വിപ്ലവിന്റെ ഇഷ്ടം മനസ്സിലാക്കുന്ന ആരാധ്യ നാട്ടിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് അവളുടെ ഇഷ്ടം അയാളെ അറിയിക്കുന്നു. പരമ്പരാഗതമായി ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന ബ്രാഹ്മിൻ കുടുംബാംഗമായ ആരാധ്യയും യുക്തിവാദിയായ വിപ്ലവും തമ്മിലുള്ള ബന്ധം ഇരു കുടുംബങ്ങളെയും അറിയിച്ച് വിവാഹം നടത്താൻ ഇരുവരും തീരുമാനിച്ചുറപ്പിക്കുന്നു. തുടക്കത്തിൽ എതിർപ്പ് പറയാത്ത കുടുംബം ഇരുവരുടെയും ജാതകം നോക്കുന്നതോടെ വിവാഹത്തിൽ നിന്നും പിന്മാറുന്നു. എന്നാൽ പ്രണയം സത്യമാണെന്നും അത് പിന്തുടരാനാണ് തങ്ങളുടെ താൽപര്യമെന്നും പിന്നീടുണ്ടാവുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ തങ്ങൾക്ക് കഴിയും എന്ന വിശ്വാസത്തോടെ വിപ്ലവും ആരാധ്യയും മുന്നോട്ട് പോകുന്നു. പ്രണയവിവാഹവും വിവാഹത്തിന് ശേഷമുള്ള പ്രണയവും അതിലെ പ്രശ്നങ്ങളുമാണ് ഖുഷിയുടെ രണ്ടാം പാതിയിൽ പറയുന്നത്.

 

ശാസ്‍ത്രമാണ് സത്യമെന്ന് പറയുന്ന ലെനിന്റെ ഭാര്യ കടുത്ത ദൈവ വിശ്വാസിയാണ്. വിശ്വാസവും യുക്തിയും വൈവാഹിക ജീവിതത്തിൽ എങ്ങനെയാണ് ബന്ധപ്പെട്ടുകിടക്കുന്നതെന്നും കുടുംബജീവിതത്തിന്റെ ഇഴയെടുപ്പം എങ്ങനെ കാത്തുസൂക്ഷിക്കാമെന്നും ആരാധ്യയുടെയും വിപ്ലവിന്റെയും ജീവിതത്തിലൂടെ ചിത്രം പങ്കുവെക്കുന്നു. ഭാര്യഭർതൃ ബന്ധം എന്നാൽ വെറുമൊരു ബന്ധം മാത്രമല്ലെന്നും ജീവിതാവസാനം വരെ ഒറ്റക്കെട്ടായി നിൽക്കേണ്ടവരാണ് എന്നും ചിത്രം പങ്കുവെക്കുന്നു.

 

വിപ്ലവായി വിജയ് ദേവരകൊണ്ടയും ആരാധ്യയായി സാമന്തയും സ്ക്രീനിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സാമന്തയും വിജയ് ദേവരകൊണ്ടയും  ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മുൻചിത്രങ്ങളുടെ പരാജയം അഭിനയത്തെ ബാധിക്കുന്നില്ല എന്ന് പറയുന്ന വിധത്തിലുള്ള ഇരുവരുടെയും തിരിച്ചുവരവാണ് ഖുഷിയിലൂടെ സംഭവിച്ചിരിക്കുന്നത് എന്ന് പറയാം.

 

ലെനിൻ സത്യയായി സച്ചിൻ ഖഡേകറും ശ്രീനിവാസ് റാവുവായി മുരളി ശര്‍മയും വിപ്ലവിന്റെ വിശ്വാസിയായ അമ്മയായി ശരണ്യയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നു. വിപ്ലവിന്റെ അധ്യാപകരായ തോമസും സോയയുമായെത്തുന്ന ജയറാമും രോഹിണിയും സുഹൃത്തായ ശരണ്യയും ചിത്രത്തിൽ അവരവരുടെ ഭാഗം ഗംഭീരമാക്കി. വെണ്ണെലാ കിഷോർ, രാഹുൽ രാമകൃഷ്ണ, ലക്ഷ്മി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

 

കശ്മീരിന്റെയും ആന്ധ്രയുടേയും കേരളത്തിന്റെയും മനോഹരമായ ഭൂപ്രദേശങ്ങൾ പശ്ചാത്തലമാകുന്ന പാൻ ഇന്ത്യൻ ചിത്രമായ ഖുഷിയുടെ ഛായാഗ്രാഹകൻ മുരളിയാണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം നിർവഹിച്ച ഖുഷിയിലെ ഗാനങ്ങൾ ചിത്രം റിലീസ് ആവുന്നതിന് മുൻപ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായിമാറിയിരുന്നു. ലളിതമായ ആഖ്യാന ശൈലി പിന്തുടരുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ ശിവ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പ്രണയവും വിവാഹവും പ്രമേയമാകുന്ന ചിത്രമായ ഖുഷിയിൽ അനാവശ്യ സന്ദർഭങ്ങളും ക്ലീഷേകളും ഒഴിവാക്കാൻ ശിവ ശ്രമിച്ചിട്ടുണ്ട്. 

 

പ്രണയവും വിവാഹവും അതിനുശേഷമുള്ള ജീവിതവും ഒക്കെ പ്രമേയമാക്കുന്ന ഖുഷി കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റുന്ന ഒരു ഫീല്‍ ഗുഡ് എന്റർടെയ്നറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com