ADVERTISEMENT

പൊതുപ്രവര്‍ത്തനത്തിന്റെ നേര് കക്ഷി രാഷ്ട്രീയത്തിനും അപ്പുറമാണ്. സ്‌നേഹത്തിന്റെ രാഷ്ട്രീയമാകും അവിടെ ചര്‍ച്ച ചെയ്യുക. നന്മയുടെ പതാകയാവും അവിടെ ഉയരങ്ങളിലേക്ക് പാറിപ്പറക്കുക. ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യങ്ങളൊക്കെയും നല്ല കാലത്തേക്കുള്ള പ്രതീക്ഷകളുമാകും. അത്തരമൊരു ഓര്‍മപ്പെടുത്തലാണ് അര്‍ജുന്‍ അശോകന്‍ ചിത്രമായ തീപ്പൊരി ബെന്നി. തമാശയും കുടുംബ ബന്ധങ്ങളുടെ ആര്‍ദ്രതയും പൊതുപ്രവര്‍ത്തനത്തിന്റെ പ്രസക്തിയുമൊക്കെ ചര്‍ച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്ല സിനിമയുടെ തീക്കനലാണ് സമ്മാനിക്കുന്നത്. ഒന്നു മനസ്സിരുത്തി കണ്ടാല്‍ ആവോളം ചിന്തിക്കാനും ആകാശത്തോളം പറയാനുമുണ്ടാകും രാജേഷ് ജോജി സംവിധാനം ചെയ്ത തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍.

രണ്ടു തലമുറകളിലൂടെയാണ് തീപ്പൊരി ബെന്നിയുടെ കഥ സഞ്ചരിക്കുന്നത്. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ കമ്യൂണിസ്റ്റും ജീവിതം മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ് മഹത്തരമാകുന്നതെന്ന് വിശ്വസിക്കുന്ന ആളുമാണ് വട്ടക്കുട്ടയില്‍ ചേട്ടായി. സ്വന്തം കുടുംബത്തെപ്പോലും മറന്ന് ചേട്ടായി ജീവിച്ചതത്രയും നാടിനുവേണ്ടി. ചേട്ടായിയുടെ അതിരുവിട്ട പൊതുസേവനത്തില്‍ അസ്വസ്ഥനാണ് മകൻ ബെന്നി. പിഎസ്‌സി പരീക്ഷയൊക്കെ എഴുതി സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന കേരളത്തിലെ ശരാശരി ചെറുപ്പക്കാരുടെ പ്രതിനിധി. ജീവിതം അന്തവും കുന്തവുമില്ലാതെ പോകുമ്പോള്‍ പിതാവിന്റെ ചെയ്തികളൊക്കെയും ബെന്നിയില്‍ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തി. ഇത് ബെന്നിയുടെ കുടുംബജീവിതത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനിടയില്‍ അവിചാരിതമായി ബെന്നിയുടെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ വന്നു ഭവിക്കുകയാണ്. അങ്ങനെ സാഹചര്യംകൊണ്ട് ബെന്നി തീപ്പൊരിയായി മാറുന്നു. ബെന്നിയുടെയും പിതാവിന്റെയും ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് തീപ്പൊരി ബെന്നി.

സിനിമയ്ക്കുള്ളിലും പുറത്തും വ്യക്തമായ രാഷ്ട്രീയമുണ്ട്. അപ്പോഴും സ്ഥിരം പൊതുപ്രവര്‍ത്തകരുടെ ജീവിതക്കാഴ്ചകളല്ല ചിത്രം പറയുന്നത്. പൊതുപ്രവര്‍ത്തനത്തിലെ തലമുറ മാറ്റവും അവര്‍ക്കിടയിലെ കാഴ്ചപ്പാടുകളുടെ വ്യത്യാസവുമൊക്കെ സിനിമയില്‍ കൃത്യമായി, രസകരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ മറക്കുന്ന പുതുലോകത്തിനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ബെന്നിയുടെ ജീവിതം. ആദ്യ പകുതിയിലെ പൊട്ടിച്ചിരികള്‍ക്ക് ഇടവേള നല്‍കി സിനിമ രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ കാണുന്നത് ജീവിതത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളാണ്. ചിരിച്ചും ചിന്തിച്ചും ഇടയ്ക്കിത്തിരി കണ്ണീരു വീഴ്ത്തിയുമൊക്കെ ബെന്നി കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറുകയാണ് സിനിമ അവസാനിക്കുന്നതോടെ.

നാട്ടിന്‍പുറത്തുകാരന്റെ ഭാവങ്ങളെ കൃത്യമായും മെയ്‌വഴക്കത്തോടെയും അടയാളപ്പെടുത്താന്‍ അര്‍ജുന്‍ അശോകന്റെ പ്രകടനത്തിനായിട്ടുണ്ട്. ബെന്നിയായി ചിരിപ്പിക്കാനും ആവോളം അഴിഞ്ഞാടാനും അര്‍ജുന് കഴിഞ്ഞു. ചേട്ടായി എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതത്തെ നോട്ടത്തിലും നടത്തത്തിലുമൊക്കെ പകര്‍ന്നാടാന്‍ ജഗദീഷിനും കഴിഞ്ഞിട്ടുണ്ട്. മികച്ച ക്യാരക്ടര്‍ വേഷത്തിലേക്ക് എത്തുമ്പോഴുള്ള ജഗദീഷിന്റെ മിന്നുന്ന പ്രകടനങ്ങളുടെ തുടര്‍ച്ചയാണ് ഈ ചിത്രവും. രൂപ മാറ്റത്തില്‍ പുതുഭാവമണിഞ്ഞ് ബേബിയായി ഷിജുവും പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നായിക ഫെമിന ജോര്‍ജിന്റെ പ്രകടനവും ശ്രദ്ധേയമാണ്.

സംവിധായകൻ രാജേഷ് ജോജിയുടെ തിരക്കഥ പ്രേക്ഷകരെ മുഷിപ്പില്ലാതെ ആദ്യാവസാനം പിടിച്ചിരുത്തുന്നുണ്ട്. അജയ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ഛായാഗ്രഹണം സിനിമയ്ക്ക് കൂടുതല്‍ മിഴിവേകുന്നതാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് സിനിമയുടെ നിര്‍മാണം. കോ-പ്രൊഡ്യൂസേഴ്‌സ്: റുവൈസ് ഷെബിന്‍, ഷിബു ബെക്കര്‍, ഫൈസല്‍ ബെക്കര്‍, സംഗീതം: ശ്രീരാഗ് സജി, എഡിറ്റര്‍: സൂരജ് ഇ.എസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com