‘തോൽവി’യൊരു ആഘോഷമാണ്; തോൽവി എഫ്സി റിവ്യു
Tholvi FC Review
Mail This Article
തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായെത്തുന്ന ചിത്രമാണ് തോൽവി എഫ്സി. തിരക്കഥാകൃത്തും നടനുമായ ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്ത തോൽവി എഫ്സി ഒരു ഫാമിലി കോമിക് ഡ്രാമയാണ്. ജോണി ആന്റണിയും ഷറഫുദ്ദീനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം തൊട്ടതെല്ലാം പൊട്ടിപ്പാളീസാകുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
ഓഹരി വിപണിയിൽ ഭാഗ്യപരീക്ഷണം നടത്തുന്ന കുഴിമടിയനായ ഗൃഹനാഥനാണ് കുരുവിള. ലൈബ്രേറിയനായ ഭാര്യ ശോശാമ്മയാണ് വീട് പുലർത്തുന്നത്. അല്പസ്വല്പം എഴുതുന്ന ശോശയുടെ ക്രൈം നോവൽ അച്ചടിക്കാൻ അവർ പ്രസാധകരെ സമീപിക്കുന്നെങ്കിലും അവിടെ ശോശയും പരാജയപ്പെടുകയാണ്. മൂത്തമകൻ ഉമ്മൻ എൻജിനീയറിങ് പാസ്സായിട്ടും ചായയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു ബിസിനസുകാരനാണ്. ഇളയ മകൻ തമ്പി ഒരു ഫുട്ബോൾ ടീം പരിശീലകനാകാൻ ആണ് ശ്രമിക്കുന്നുണ്ടെങ്കിലും ശരിയായ ഒരു ടീമിനെ വാർത്തെടുക്കാൻ അവനും കഴിയുന്നില്ല. ഇങ്ങനെ തോൽവി കൂടപ്പിറപ്പായ കുരുവിളയെയും കുടുംബത്തെയും അപ്പാടെ മാറ്റിമറിക്കുന്ന ചില സംഭവങ്ങളുണ്ടാകുന്നു. തോൽവിയുടെ നിരാശയും പേറി ജീവിക്കുന്നതിനിടെ ചിലർ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി അവരുടെ ജീവിതത്തിലേക്ക് വഴിതെറ്റി വരികയാണ്.
ചിത്രത്തിൽ കുരുവിള എന്ന അച്ഛൻ കഥാപാത്രമായാണ് ജോണി ആന്റണി എത്തുന്നത്. പതിവുപോലെ തന്റെ നർമശൈലികൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ ജോണി ആന്റണിക്ക് കഴിഞ്ഞു. മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ് കോരയും മികച്ച പ്രകടനം കാഴ്ചവച്ചു. തമ്പിയുടെ സുഹൃത്ത് മറിയം ആയി എത്തുന്നത് മീനാക്ഷി രവീന്ദ്രൻ ആണ്. ശോശ എന്ന അമ്മക്കഥാപാത്രമായി ആശാ മഠത്തിൽ ശ്രീകാന്ത് തിളങ്ങി. അൽത്താഫ്, ജിനു ബെൻ, അമിത് മോഹൻ, അനുരാജ് ശ്രീജിത്ത് ബാബു, ശ്രീകാന്ത് മോഹൻ, ജോമോൻ ജ്യോതിർ എന്നിവരോടൊപ്പം പൂനം ഗുരുങ് എന്ന നോർത്തീസ്റ്റ് താരവും ചിത്രത്തിലുണ്ട്. മികച്ച പ്രകടനവുമായി കെവിൻ ഗീ, എവിൻ ഗീ എന്നീ ഇരട്ട കുട്ടിത്താരങ്ങളും കാർത്തി വി എസ്, ഡിലൻ ഡെറിൻ തുടങ്ങി നിരവധി ബാലതാരങ്ങളും ചിത്രത്തെ കൊഴുപ്പിക്കുന്നുണ്ട്.
ഫീൽ ഗുഡ് സിനിമയുടെ പട്ടികയിൽ ഇടം പിടിക്കാവുന്ന ചിത്രമാണ് ജോർജ് കോരയുടെ തോൽവി എഫ്സി. കുടുംബ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെങ്കിലും കഥാപാത്രങ്ങളും സംഭവങ്ങളും രസകരമായി തുന്നിച്ചേർക്കുന്നതിൽ സംവിധായകൻ വിജയിച്ചോ എന്ന് സംശയമുണ്ട്. ശ്യാമപ്രകാശ് എം എസാണ് ചിത്രത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം നിർവ്വഹിച്ചിരിക്കുന്നത്.
സിബി മാത്യു അലക്സ് സംഗീത സംവിധാനം നിർവഹിച്ച തോൽവി എഫ്സിയിലെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമാണ് ചിത്രത്തിലെ ഗാനങ്ങൾ പകരുന്നത്. ശിഥിലമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന തോൽവി എഫ്സി പ്രേക്ഷകരുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന, നല്ലൊരു മെസ്സേജ് പകരുന്ന നിഷ്കളങ്കമായ സിനിമയാണ്.