ADVERTISEMENT

യങ് ആൻഗ്രി മെയ്‌ൽ ആൽഫ: സന്ദീപ് റെഡ്ഡി വാങ്കയുടെ നായകന്മാെരല്ലാം രക്തം തിളയ്ക്കുന്ന ക്ഷുഭിത യൗവനങ്ങളാണ്. സ്വഭാവം കൊണ്ടും കയ്യിലിരുപ്പു കൊണ്ടും അർജുൻ റെഡ്ഡിക്കും മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് ‘അനിമലി’ലെ രൺവിജയ് സിങ്. തന്റെ ചേച്ചിയെ റാഗ് ചെയ്ത വിദ്യാർഥികളെ പേടിപ്പിക്കാൻ മെഷീൻ ഗണ്ണുമായി കോളജിലെത്തിയ പന്ത്രണ്ടാം ക്ലാസുകാരൻ. അവൻ ഈ ലോകത്ത് ഒരാളെയാണ് ജീവനു തുല്യം സ്നേഹിക്കുന്നത്– അച്ഛനെ. തന്റെ അച്ഛൻ ലോകത്തെ ഏറ്റവും നല്ല അച്ഛനൊന്നുമല്ലെന്ന് വിജയ് സിങ്ങിനറിയാം. പക്ഷേ ലോകത്തെ ഏറ്റവും മികച്ച മകനാകാണ് വിജയ്‌യുടെ ആഗ്രഹം. ഇങ്ങനെ കേട്ടാൽ തോന്നും ഇതൊരു അച്ഛൻ–മകൻ സ്നേഹ ബന്ധത്തിന്റെ കഥയാകുമെന്ന്. എന്നാൽ മൂന്നു മണിക്കൂർ 20 മിനിറ്റില്‍ സന്ദീപ് റെഡ്ഡി ചെയ്തു വച്ചിരിക്കുന്നത് രക്തരൂഷിതമായ ഒരു ഗ്യാങ്സ്റ്റർ ചിത്രമാണ്. അടുത്തകാലത്ത് ബോളിവുഡിലിറങ്ങിയ ഏറ്റവും വയലന്റ് സിനിമ.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാളായ ബൽബീർ സിങ്ങിന്റെ രണ്ടാമത്തെ മകനാണ് രൺവിജയ് സിങ്. തന്റെ മകൻ ചെറുപ്പത്തിലേ വഴി പിഴച്ചുപോയെന്നു വിശ്വസിക്കുന്ന ബൽബീർ സിങ്ങിന് വിശ്വാസം മരുമകനായ വരുണിനെയാണ്. ഒരു ഘട്ടത്തിൽ കുടുംബത്തെ ഉപേക്ഷിച്ച് പ്രണയിനിയായ ഗീതാഞ്ജലിക്കൊപ്പം നാടുവിടുന്ന രൺവിജയ് തന്റെ അച്ഛനു നേരെ വധശ്രമം ഉണ്ടായ വാർത്തയറിഞ്ഞ് വീട്ടിലേക്കു തിരിച്ചെത്തുന്നു. പിന്നീടൊരു ‘ഗോഡ്ഫാദർ’ സമീപനമാണ് കാണാനാകുക. കുടുംബ ബിസിനസ് ഏറ്റെടുക്കുന്ന രൺവിജയ് തന്റെ പിതാവിന്റെ ശത്രുക്കൾക്കെതിരെ പ്രതികാര ബുദ്ധിയോടെ പാഞ്ഞടുക്കുകയാണ്. അത് അവനെ കൊണ്ടെത്തിക്കുന്നത് ക്രൂരനായ അബ്രാർ ഹക്കിലേക്കും.

‘അനിമൽ’ എല്ലാവരുടെയും ഇഷ്ട സിനിമ ആകണമെന്നില്ല, ചിലർക്ക് ഇഷ്ടമാകും, മറ്റുചിലർ വെറുക്കും. ഇതിനിടയിൽ നിൽക്കുന്നവർ കുറവാകും. കാരണം സന്ദീപ് റെഡ്ഡി വാങ്കയുടെ സിനിമ ഒരു മൃഗത്തെപ്പോലെയാണ്. മൃഗം കാടിന്റെ നിയമങ്ങളാണ് പാലിക്കുന്നത്. അവിടെ നീതിക്കോ സത്യസന്ധതയ്ക്കോ സ്ഥാനമില്ല. ഇവിടെ നിയമം മുഴുവൻ സന്ദീപ് റെഡ്ഡി വാങ്കയുടേതാണ്. വയലൻസും സ്ത്രീ വിരുദ്ധതയും ഇഷ്ടംപോലെ ഈ സിനിമയിലുമുണ്ട്. ഇതൊരു സന്ദീപ് റെഡ്ഡി വാങ്ക ‘യൂണിവേഴ്സിൽ’ നടക്കുന്ന കഥയാണെന്ന യാഥാര്‍ഥ്യത്തോടെ വേണം സിനിമയെ സമീപിക്കാൻ.

രൺബീർ കപൂറിന്റെ ഒറ്റയാൻ പ്രകടനമാണ് അനിമലിന്റെ കരുത്ത്. അർജുൻ റെഡ്ഡി പോലെ കരുത്തുറ്റ–ചങ്കൂറ്റം നിറഞ്ഞൊരു തിരക്കഥയല്ല അനിമലിന്റേത്. ഈ സിനിമയുടെ കഥ കേട്ടു കഴിഞ്ഞ ശേഷം ഓടി കുളിമുറിയിൽപോയി കണ്ണാടിയിൽ നോക്കി താൻ കരഞ്ഞുവെന്നാണ് രണ്‍ബീർ കപൂർ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്. രൺബീര്‍ കരഞ്ഞതിലും കാര്യമുണ്ട്. ഇതുപോലൊരു ‘വൃത്തികെട്ട’ കഥാപാത്രം ചെയ്യണമെങ്കിൽ രൺബീറിനെപ്പോലെ എല്ലാം തികഞ്ഞൊരു നടനേ സാധിക്കൂ. ‘വൃത്തികെട്ട’ കഥാപാത്രം എന്നു പറയാൻ കാരണം, ഈ സിനിമയുടെ ടൈറ്റിൽ തന്നെയാണ്. യഥാർഥത്തിൽ രൺവിജയ് സിങ് എന്ന മൃഗത്തിന്റെ പല ഘട്ടങ്ങളാണ് ഈ സിനിമയിലൂടെ പറയുന്നത്. 

സ്കൂള്‍ വിദ്യാര്‍ഥി മുതൽ അറുപതുകാരനായി വരെ രൺബീർ ഈ സിനിമയിലെത്തുന്നുണ്ട്. ബർഫി പോലുള്ള സിനിമകളിൽ രൺബീറിന്റെ മറ്റൊരു തലം കണ്ടിട്ടുണ്ടെങ്കിലും ഒരു ആല്‍ഫ മെയ്‌ലായുള്ള അദ്ദേഹത്തിന്റെ പ്രകടനം ഞെട്ടിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും ട്രെയിലറിൽ സ്വന്തം അച്ഛനെ അനുകരിച്ചുകാട്ടുന്ന രൺബീറിന്റെ രംഗം ഈ സിനിമയുടെ ക്ലൈമാക്സിനോടടുക്കുമ്പോഴാണ് കാണിക്കുന്നത്. അതുവരെ മൂന്ന് മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് രൺബീറിന്റെ പ്രകടനം മാത്രമാണ്. വില്ലനായ ബോബി ഡിയോളിന് ആകെ പത്തു മിനിറ്റാണ് സംവിധായകൻ നൽകിയത്. പക്ഷേ ഉള്ള സമയം ഒരൊന്നൊന്നര പ്രകടനമാണ് ബോബി കാഴ്ചവച്ചിരിക്കുന്നത്. മൂകനായ അബ്രാർ ഹക്ക് എന്ന കൊടും വില്ലന്റെ ഇൻട്രോ തന്നെ ഉദാഹരണം.

ബൽബീർ സിങ് ആയെത്തുന്ന അനിൽ കപൂർ ആണ് അനിമലിലെ മറ്റൊരു കാട്ടുതീ. പ്രായം അറുപത് പിന്നിട്ടെങ്കിലും സ്വാഗിലും സ്റ്റൈലിലും രൺബീർ കപൂറിനോട് കിടപിടിക്കുന്ന പ്രകടനമാണ് ഈ സിനിമയിലും അനില്‍ കപൂർ കാഴ്ചവയ്ക്കുന്നത്. ഡയലോഗ് ഡെലിവറിയിലും ലുക്കിലും രൺവിജയ് സിങ്ങിന്റെ അച്ഛനായി അദ്ദേഹം തിളങ്ങുന്നു. ട്രെയിലറിലെ ഒരു ഡയലോഗിലൂടെ ട്രോളിന് ഇരയായ നായിക രശ്മിക മന്ദാന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഭിനയ സിംഹങ്ങളായ രൺബീറിനും അനില്‍ കപൂറിനും മുന്നിൽ പിടിച്ചു നിൽക്കാനായി എന്നതാണ് ശ്രദ്ധേയമായ കാര്യം.

പിന്നീട് എടുത്തു പറയേണ്ടത് രൺവിജയ് സിങിന്റെ ടീം ആണ്. തന്റെ ആൽഫ ടീം. അച്ഛന്റെ ബന്ധത്തിലുള്ള സഹോദരന്മാരാണ് രൺവിജയ് സിങ്ങിന്റെ അംഗരക്ഷകർ. ഇവരുടെ കെമിസ്ട്രിയാണ് സിനിമയുടെ മറ്റൊരാകർഷണം. ത്രിപ്തി ദിംരി, ബബ്ലൂ പൃഥ്വിരാജ്, ശക്തി കപൂർ. പ്രേം ചോപ്ര, സുരേഷ് ഒബ്റോയ്, സിദ്ധാന്ത് കാർണിക്, സൗരഭ് സച്ച്ദേവ, വിവേക് ശർമ എന്നിവരാണ് മറ്റ് താരങ്ങൾ.

സാങ്കേതിക വിഭാഗങ്ങളിലെല്ലാം അനിമൽ മികച്ചു നിൽക്കുന്നു. അമിത് റോയിയുടെ ഛായാഗ്രഹണം, ഹർഷ്‌വർധൻ രാമേശ്വറിന്റെ പശ്ചാത്തല സംഗീതം ഇവയെല്ലാം ഗംഭീരമാണ്. സന്ദീപ് റെഡ്ഡി വാങ്കയാണ് എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്. 201 മിനിറ്റ് ദൈർഘ്യമുളള സിനിമ ഇത്രയധികം എന്റർടെയ്നറാകാൻ കാരണവും സന്ദീപിന്റെ എഡിറ്റിങ് തന്നെയാണ്.

തന്റെ വിമർശകരെ ചൊടിപ്പിക്കാൻ സന്ദീപ് മനഃപൂര്‍വം ചില വയലൻസ് രംഗങ്ങൾ ഉൾക്കൊളളിച്ചതുപോലെ തോന്നി. പ്രത്യേകിച്ചും ഇന്റർവെല്ലിനു മുമ്പുള്ള 18 മിനിറ്റ് നീണ്ട് നിൽക്കുന്ന ആക്‌ഷൻ സീക്വൻസിലെ ചില രംഗങ്ങള്‍. ചില ആക്‌ഷൻ സീക്വൻസുകൾ മികച്ച രീതിയിൽ സ്കോർ ചെയ്ത മാസ് മുഹൂർത്തങ്ങൾക്കൊപ്പം വളരെ നന്നായി കോറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. സുപ്രീം സുന്ദറാണ് ആക്‌ഷൻ കൊറിയോഗ്രഫി.

വിശ്വാസ വഞ്ചന, അവിഹിതം, സ്ത്രീവിരുദ്ധത, ദ്വയാർഥ സംഭാഷണം എന്നിങ്ങനെയുള്ള കാര്യങ്ങളെ മഹത്വവൽക്കരിക്കുന്ന നിരവധി രംഗങ്ങൾ ഈ സിനിമയിലുമുണ്ട്. വയലൻസിനു കഥയിൽ നൽകിയ പ്രാധാന്യം ഇമോഷൻസിനു കൂടി നൽകിയിരുന്നെങ്കിൽ തിരക്കഥയിലെ പാളിച്ചകൾ മറികടക്കാമായിരുന്നു. ഇതൊക്കെയാണെങ്കിലും അനിമൽ സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ എന്റർടെയ്നറാണ്.

അതിസമർഥമായി എഴുതിയ ആദ്യ പകുതിയിൽനിന്ന് പിന്നീട് സിനിമയുടെ വേഗം നഷ്ടമാകുന്നതുപോലെ തോന്നും. പിതാവിനു വേണ്ടി ഏതറ്റംവരെയും പോകാൻ തയാറാകുന്ന മകൻ. മകന്റെ അനന്തമായ സ്നേഹം ദൃശ്യമാണ്, പക്ഷേ അവന്റെ നിരാശയുടെ പിന്നിലെ സംഘർഷം ശരിയായി പറഞ്ഞുവയ്ക്കുന്നില്ല. രൺബീറിന്റെ കഥാപാത്രം ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, അനിൽ കപൂറിന്റെ കഥാപാത്രത്തോട് സംവിധായകൻ നീതിപുലർത്തുന്നില്ല. 

മൊത്തത്തിൽ,രൺബീർ ഷോയാണ് ‘അനിമൽ’. ഇങ്ങനെയൊരു കഥാപാത്രം ഏറ്റെടുത്ത് അവതരിപ്പിക്കാൻ കാണിച്ച ചങ്കൂറ്റം അഭിനന്ദനാർഹം. അച്ഛൻ-മകൻ ഇമോഷനൽ ഡ്രാമ എന്നതിലുപരി അതിഗംഭീരമായ അവതരണത്തോടുകൂടിയ ഗ്യാങ്സ്റ്റർ ചിത്രമായി ഇതിനെ ഓർക്കാം. രൺബീർ കപൂർ ആരാധകരനെന്നതിലുപരി സന്ദീപ് റെഡ്ഡി വാങ് ഫാൻ ആണെങ്കിൽ മാത്രം ‘അനിമൽ’ സിനിമാറ്റിക് അനുഭവമായേക്കാം.

വാൽക്കഷ്ണം: മൂന്ന് മണിക്കൂർ ഇരുപത് മിനിറ്റിടയിൽ ഒരു ടെയ്‌ല്‍ എൻഡ് സംവിധായകൻ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. 

English Summary:

Animal Review : Wild First Half

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com