ഉറക്കത്തിൽ എഴുന്നേറ്റിരിക്കുന്ന ഭർത്താവ്; ചിരിപ്പിച്ചും ഭയപ്പെടുത്തിയും സ്ലീപ്: ഐഎഫ്എഫ്കെ സ്പെഷൽ റിവ്യൂ
Sleep Review
Mail This Article
സൂ ജിനും ഹ്യുൺ സൂവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. മനോഹരമായ ഫ്ലാറ്റിൽ അവർ ഇരുവരും ജീവിതത്തിന്റെ വസന്തത്തിലൂടെ കടന്നുപോവുകയാണ്. ആഹ്ലാദം ഇരട്ടിപ്പിച്ച് സൂ ഗർഭിണിയാണെന്ന വാർത്ത എത്തുന്നു. ഹ്യുൺ പ്രശസ്ത നടൻ കൂടിയാണ്. എന്നാൽ, മറ്റേതൊരു പ്രഫഷനും പോലെയാണ് അയാൾക്ക് അഭിനയം. കൃത്യമായ ഷെഡ്യൂളിൽ ഒറ്റയ്ക്കു സെറ്റിൽ പോകുന്നു. തിരിച്ചുവരുന്നു. സൂ വീട്ടിൽ തന്നെ കഴിയുന്നു. എന്നാൽ, ഒരു രാത്രി സൂവിന് വിചിത്രമായ ഒരു രംഗത്തിനു സാക്ഷിയാകേണ്ടിവരുന്നു. ഹ്യുൺ ഉറക്കത്തിൽ കിടക്കയിൽ എഴുന്നേറ്റിരിക്കുന്നു. സംസാരിക്കുന്നു. പരിഭ്രാന്തയായി സൂ തട്ടിവിളിക്കുമ്പോൾ മറ്റൊരാൾ കൂടി അകത്തുണ്ട് എന്ന മന്ത്രിച്ച ശേഷം അയാൾ ഉറക്കത്തിലേക്കു മടങ്ങിപ്പോകുന്നു. ബാക്കിയെല്ലാം പതിവു പോലെ.
രാത്രിയുണ്ടായ സംഭവത്തെക്കുറിച്ചു പറഞ്ഞപ്പോൾ പിറ്റേന്ന് ഹ്യുണിന് അതേക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത രാത്രികളും ഹ്യുൺ ഉറക്കത്തിൽ എഴുന്നേറ്റു നടക്കുകയും വിചിത്രമായി പെരുമാറുകയും ചെയ്യുന്നതു തുടരുന്നു. ഒരു രാത്രി അയാൾ മുകൾ നിലയിലെ ബാൽക്കണിയിൽ നിന്ന് താഴെ വീഴാതെ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. അയാളുടെ ജീവൻ മാത്രമല്ല, തന്റെയും പിറക്കാനിരിക്കുന്ന കുട്ടിയുടെ ജീവനും ഹ്യുണിന്റെ നിദ്രാരാഹിത്യം അപകടമാണെന്നു മനസ്സിലായതോടെ ചികിത്സ തേടാൻ അവർ തീരുമാനിക്കുന്നു. വിഗദ്ധനായ ഡോക്ടർ അവർക്ക് എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു. കൃത്യമായ ചികിത്സയുണ്ട്. മരുന്നും. വീട്ടിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ നിർദേശങ്ങളും നൽകുന്നു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി അവർ ഹ്യുണിന്റെ രോഗത്തെ ഒരുമിച്ചു നേരിടാൻ തീരുമാനിക്കുന്നു. അവരുടെ ഫ്ലാറ്റിന്റെ വാതിലിൽ തന്നെ എഴുതിവച്ചിരിക്കുന്നതും അതുതന്നെയാണ്. ഒരുമിച്ച് നമ്മൾ അതിജീവിക്കും. അതു ജീവിതത്തിൽ പ്രായോഗികമാക്കാനാണ് അവരുടെ തീരുമാനം.
എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. ഒട്ടേറെ വെല്ലുവിളികളെ അതിജീവിക്കേണ്ടിയിരുന്നു. അവയോരാന്നായി ദൃശ്യവൽക്കരിക്കുന്നതോടെ, സ്ലീപ് എന്ന ദക്ഷിണ കൊറിയൻ ചിത്രം കോമഡിയിൽ നിന്ന് ഹൊറർ മൂവിയിലേക്കു വഴിമാറുന്നു. ജാസൻ യുവിന്റെ ആദ്യ ഫീച്ചർ ഫിലിമാണിത്. സംവിധാനവും രചനയും ജാസൻ തന്നെ. കാനിൽ ക്രിട്ടിക്സ് വീക്സ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം സെപ്റ്റംബറിൽ ദക്ഷിണ കൊറിയയിൽ റിലീസ് ചെയ്തപ്പോഴും മികച്ച അഭിപ്രായമാണു ലഭിച്ചത്.
ഹ്യൂണിന്റെ രോഗത്തിന് ചികിത്സ പുരോഗമിക്കുന്നുണ്ടെങ്കിലും അയാളുടെ സ്വാഭാവത്തിൽ വലിയ മാറ്റമൊന്നും വന്നതായി സൂവിന് തോന്നുന്നില്ല. അതവൾ അമ്മയെ അറിയിക്കുന്നതോടെ അവർ മന്ത്രവാദിയുടെ സഹായം തേടുന്നു. അതു കാര്യങ്ങൾ സങ്കീർണവും എന്നാൽ നിരർഥകവുമാക്കുകയാണ്. ഇതിനിടെ, ഫ്ലാറ്റിൽ നിന്ന് രാത്രിയുണ്ടാകുന്ന അപശബ്ദങ്ങളെക്കുറിച്ച് അയൽക്കാരി പരാതി പറയുന്നുണ്ട്. നേരത്തേ അവർക്കൊപ്പം പിതാവും താസമിക്കുന്നുണ്ടായിരുന്നു. അയാൾ മരിച്ചിട്ട് അധികം നാളുകളായിട്ടില്ല. മരണത്തിന്റെ വാർത്തയും പ്രേതങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസവും സൂവിൽ വലിയ മാറ്റങ്ങൾക്കു തുടക്കമിടുന്നു. അതോടെ, ഹ്യൂണിനെക്കാൾ വലിയ രോഗിയായി സൂ മാറുന്നു. സൂവിന് ജനിച്ച മിടുക്കിയായ കുട്ടിക്കുപോലും അവരുടെ നിലവിലെ പ്രശ്നങ്ങളെ പരിഹരിക്കാനോ കുറയ്ക്കാനോ പോലുമാവുന്നില്ല. മറിച്ച് കാര്യങ്ങൾ എല്ലാ നിയന്ത്രണവും വിട്ട് അതിസങ്കീർണമാവുകയാണ്.
സാധാരണ പോലെ കണ്ടിരിക്കാവുന്ന ചിത്രമല്ല സ്ലീപ്. മനഃശാസ്ത്ര സമീപനം ഒരുവേള പ്രേക്ഷകരെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നു. യഥാർഥത്തിൽ ആരാണ് രോഗി. ആർക്കാണ് പ്രശ്നങ്ങൾ. അവ നിദ്രാരാഹിത്യം മാത്രമാണോ അതോ ഗുരുതര മാനസിക പ്രശ്നങ്ങളാണോ. ആണെങ്കിൽ എന്താണു പരിഹാരം. തിരക്കഥയേക്കാൾ സംവിധാനത്തിന് മുഴുവൻ മാർക്കും കൊടുക്കാവുന്ന ചിത്രമാണ് സ്ലിപ്പ്. മൂന്നു നാലു കഥാപാത്രങ്ങളിലൂടെ, അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഉൾപ്പെടെ വിമർശ വിധേയമാക്കി മനുഷ്യമനസ്സിന്റെ അകത്തളങ്ങളിലെ ഇരുണ്ട ഇടനാഴികൾ ചിത്രം കാണിച്ചുതരുന്നു.
ഹാസ്യം ഒരിക്കൽപ്പോലും പൊട്ടിച്ചിരിപ്പിക്കുന്നതല്ല. കറുത്ത ഫലിതമാണ് ജാസൻ അവതരിപ്പിക്കുന്നത്. അവയ്ക്കിടയിലെ ഹൊറർ അംശങ്ങൾ ചിത്രത്തെ വ്യത്യസ്തമാക്കുന്നുമുണ്ട്. നമ്മൾ വെറും നമ്മൾ മാത്രമല്ല. മറ്റാരൊക്കെയോ നമ്മിലുണ്ട്. ചില സമയങ്ങളിൽ അവർ പുറത്തുവരാം. അതു നമ്മുടെ സ്വഭാവത്തെ മാറ്റുന്നു. മറ്റാരോ കൂടി അകത്തുണ്ട് എന്ന് ഹ്യുൺ പറഞ്ഞത് വെറുതെയല്ല. മുറിയിലെ അദൃശ്യവ്യക്തിയെക്കുറിച്ചല്ല അയാൾ പറഞ്ഞത്. നമ്മിൽ അധിവസിക്കുന്ന അപരവ്യക്തിത്തത്തെക്കുറിച്ചാണ്. അതേക്കൂറിച്ച് ജാഗ്രത പാലിക്കാൻ നാമെല്ലാം ബാധ്യസ്തരുമാണ് !