ADVERTISEMENT

കോട്ടയത്തെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു കാണാതാകുന്ന ലൗലി മാത്തന്റെ വീട്ടിലെ വചനപ്പെട്ടിയിൽ നിന്നും എസ്ഐ ആനന്ദ് നാരായണന് ലഭിക്കുന്ന വചനമിതാണ്, ‘‘യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.’’ ആരംഭത്തിലുള്ള ഇൗ സീനിൽ നിന്നും ആകാംക്ഷ നിറയുന്ന അന്വേഷണ പരമ്പരയിലേക്കു പിന്നീടുള്ള സഞ്ചാരം. റിയലിസ്റ്റിക്കായി അതേ സമയം സിനിമാറ്റിക്കായി മുന്നോട്ടുള്ള പ്രയാണം. ഒടുവിൽ ആ വചനത്തെ അന്വർഥമാക്കുന്ന അവസാനം. 

‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ ചിത്രം ഒരു കറതീർന്ന കുറ്റാന്വേഷണ ത്രില്ലറാണ്. അതിമാനുഷികതയോ ഏച്ചുകെട്ടലോ ഇല്ലാതെ തിരക്കഥയിലും മേക്കിങിലും മികവു പുലർത്തി എടുത്തിരിക്കുന്ന സീറ്റ് എഡ്ജ് ത്രില്ലര്‍. ‘‘അജ്ഞാതമായത് എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. കാത്തിരിക്കുന്നത് അതറിയാനുള്ള ആകാംക്ഷയുമായാണ്. അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും.’’–ഈ ആകാംക്ഷ സിനിമയിലുടനീളം കൊണ്ടുവരാൻ തിരക്കഥാകൃത്തിനും സംവിധായകനുമായി. 

തൊണ്ണൂറുകളിലെ കോട്ടയമാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിങ്ങവനം എസ്ഐ ആയി ചാർജെടുക്കുന്ന ആനന്ദ് നാരായണന്റെ ആദ്യ കേസ് ആണ് ലൗലി മാത്തന്‍ തിരോധാനം. കോളജിൽ നിന്നും വീട്ടിലേക്കു മടങ്ങിയ ലൗലിയെ കാണുന്നില്ലെന്ന അച്ഛന്റെ പരാതിയിൽ ആനന്ദ് കേസന്വേഷണം ആരംഭിക്കുന്നു. തുടർന്നങ്ങോട്ടുള്ള അന്വേഷണത്തിൽ ആനന്ദും തന്റെ ടീമും നേരിടേണ്ടി വരുന്ന പരിമിതികളും വെല്ലുവിളികളുമാണ് സിനിമയുടെ ആദ്യ പകുതി പറയുന്നത്.

പ്രേക്ഷകനെ വളരെ പെട്ടന്നു തന്നെ കഥയുടെ ആഴങ്ങളിലേക്ക് തള്ളിവിടുന്ന കഥാപരിസരം. സിനിമയുടെ പീരിയഡ് പശ്ചാത്തലവും ഇതിനൊരു കാരണമാണ്. സാധാരണ കുറ്റാന്വേഷണ സിനിമകളില്‍ കണ്ടുവരുന്ന ചടുലമായ വേഗതയിലല്ല സിനിമയുടെ മേക്കിങ്. ആ േവഗതക്കുറവിനെ മേക്കിങുകൊണ്ട് മികച്ചതാക്കുന്നതും സിനിമയില്‍ കാണാം. 

രണ്ട് പ്രധാനപ്പെട്ട മർഡർ കേസുകളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമ, റിയലസ്റ്റിക് ഇൻവെസ്റ്റിഗേഷൻ മേക്കിങ് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഡാർക് മൂഡിലുള്ള സമീപനവും സിനിമയിലില്ല. തിരക്കഥയ്ക്കൊപ്പം നിൽക്കുന്ന മേക്കിങ്, അതിനെ താങ്ങിനിർത്തുന്ന ഛായാഗ്രഹണ മികവും സംഗീതവും കലാ സംവിധാനവും അഭിനേതാക്കളുടെ പ്രകടനവും. ഇതെല്ലാം ഒരുപോലെ മികച്ചതാകുന്ന സിനിമകൾ വളരെ കുറവാണ്. അതിനൊരു മകുടോദാഹരണമാണ് അന്വേഷിപ്പിൻ കണ്ടെത്തും.  

മിതമായ പ്രകടനം ആവശ്യമായ ശാന്തനായ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്ന ആനന്ദ് നാരായണൻ. അതുകൊണ്ട് തന്നെ ഒട്ടും ലൗഡ് ആകാതെ ആ കഥാപാത്രത്തെ ടൊവിനോ മികച്ചതാക്കി. ആനന്ദിന്റെ ടീമിലെ മൂന്ന് കോൺസ്റ്റബിൾസിനെ അവതരിപ്പിച്ച വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, പ്രമോദ് വെളിയനാട് എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ആനന്ദിന്റെ മേലുദ്യോഗസ്ഥന്മാരായി എത്തിയ കോട്ടയം നസീറും അസീസ് നെടുമങ്ങാടും കയ്യടി നേടുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. ബാബുരാജ്, ഷമ്മി തിലകൻ, സിദ്ദിഖ്, ഇന്ദ്രൻസ്, സാദ്ദിഖ്, വെട്ടുകിളി പ്രകാശ്, ഹരിശ്രീ അശോകൻ, നന്ദു, മധുപാൽ, പ്രേം പ്രകാശ്, അർഥന ബിനു, രമ്യ സുവി, അനഘ മായ രവി, ശരണ്യ എന്നിവരും അവരവരുടെ വേഷങ്ങളോട് പൂർണമായും നീതിപുലർത്തി.

കഥയ്ക്കു അനുയോജ്യമായ പശ്ചാത്തല സംഗീതം നൽകാൻ സന്തോഷ്‌ നാരായണനും കഴിഞ്ഞു. അവിടെയും മിനിമലായ സമീപനമാണ് സംവിധായകൻ സ്വീകരിച്ചത്. ഗൗതം ശങ്കറിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ഗ്രാമഭംഗി കാണുന്നതിനൊപ്പം തന്നെ അതിന്റെ നിഗൂഢത നിലനിർത്തുന്ന ഫ്രെയിമുകളാണ് സിനിമയുടെ സവിശേഷകളിലൊന്ന്. പ്രത്യേകിച്ചും, മരച്ചിനീ തോട്ടത്തിനു മുകളിലൂടെയുള്ള ഡ്രോൺ ഷോട്ട് അതിനൊരുദാഹരണം. രണ്ട് ടെറെയ്നിൽ നടക്കുന്ന കൊലപാതകങ്ങൾ. രണ്ടിനും വ്യത്യസ്തമായ ഛായാഗ്രഹണ ശൈലിയാണ് ഗൗതം സ്വീകരിച്ചിരിക്കുന്നത്. കളറിങിലും ഷോട്ട് ഡിവിഷനുകളിൽ പോലും ആ മാറ്റം കാണാം. ദിലീപ് നാഥിന്റെ കലാ സംവിധാനവും പ്രശംസനീയം.

ഡാർവിൻ കുര്യാക്കോസ് കഴിവുറ്റ സംവിധായകനാണെന്നതിൽ ഇനി തർക്കം വേണ്ട. ത്രില്ലിങ് മൊമന്റ് നിരവധിയുള്ള സിനിമയെ ഇത്ര എൻഗേജിങ് ആയി കൊണ്ടുപോകുന്നതിന് സംവിധായകൻ നടത്തിയ നിരീക്ഷണ പാടവം കയ്യടി അർഹിക്കുന്നു. തിരക്കഥയിൽ ഒരു പരീക്ഷണം നടത്തിയിട്ടുള്ള സിനിമയാണിതെന്ന് തിരക്കഥാകൃത്തായ ജിനു വി. ഏബ്രഹാം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ പരീക്ഷണമാണ് ഈ സിനിമയിൽ തനിക്കുള്ള എക്സൈറ്റ്മെന്റും അതേസമയം ഭയവുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഭയമേതുമില്ലാതെ പ്രേക്ഷകനിലേക്കും ആ ആകാംക്ഷ പടർത്താൻ ജിനുവിന്റെ എഴുത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകന്റെ ഊഹാപോഹങ്ങളെ തകർത്തെറിയുന്ന കഥാശൈലിയാണ് സിനിമയിൽ ജിനു സ്വീകരിച്ചത്. ഏച്ചുകെട്ടലുകളില്ലാതെ ഇങ്ങനെയൊരു തിരക്കഥ എഴുതിയ ജിനുവും അഭിനന്ദനം അർഹിക്കുന്നു. 

വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാതെ എത്തിയ സിനിമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിന്റെ കണ്ടന്റിലുള്ള അണിയറക്കാരുടെ ആത്മവിശ്വാസം തന്നെയാകാം അതിനു കാരണം. വയലൻസ് രംഗങ്ങളോ രക്തചൊരിച്ചിലുകളോ ഒന്നുമില്ലാതെ ആളുകളെ ആകാംക്ഷയുടെ പരകോടിയിൽ എത്തിക്കുന്ന സിനിമ തിയറ്ററിൽ തന്നെ കാണേണ്ട ഒന്നാണ്. 

വാൽക്കഷ്ണം: മൂന്ന് വർഷം മുമ്പിറങ്ങിയ ഈ സിനിമയുടെ ആദ്യ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ തന്നെ കഥയിലെ പ്രധാന ട്വിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

English Summary:

Anweshippin Kandethum Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com