ADVERTISEMENT

‘‘ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..’’ കൊടുമൺ പോറ്റിയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നൊരു ചിരി. അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ? അതോ കൊലവിളിയുടെ വന്യതയാണോ? തിരിച്ചറിയാൻ കഴിയുന്നില്ല. മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയുമായാണ് ‘ഭ്രമയുഗ’ത്തിന്റെ വരവ്. പക്ഷേ ചിത്രത്തിലൊരിടത്തും മമ്മൂട്ടിയെന്ന നടനെ കാണാൻ കഴിയില്ല. കൊടുമൺ പോറ്റി എന്ന കഥാപാത്രം മാത്രം. അയാളുടെ ചിരി മാത്രം. ആരാണ് കൊടുമൺ പോറ്റി, എന്താണ് അയാളുടെ ഉദ്ദേശ്യം? മലയാളത്തിൽ ഇതുവരെ കണ്ട ഹൊറർ സിനിമകൾക്ക് ഒരു പടി മുകളിൽ നിൽക്കുന്ന അനുഭവമാണ് തിയറ്ററിൽ കാത്തിരിക്കുന്നത്.

അധികാരത്തിന്റെ ഹുങ്കോടെ നടക്കുന്ന കൊടുമൺപോറ്റി. തനിക്ക് അഭയം നൽകിയയാൾക്കു മുന്നിൽ നിസ്സഹായനായി നിൽക്കുന്നൊരു പാണൻ. അകത്തളത്തിൽ എപ്പോഴും പണിയെടുക്കുന്നൊരു വേലക്കാരൻ. ഭയത്തിന്റെ ചുരുളിൽനിന്ന് ഒരിക്കലും പുറത്തുകടക്കാൻ പറ്റാതെ കുടുങ്ങിക്കറങ്ങിപ്പോവുന്ന മനുഷ്യർ. കഥാപാത്രങ്ങളുടെയും കാണികളുടെയും മനസ്സു കൊണ്ട് പകിട കളിക്കുകയാണ് ‘ഭ്രമയുഗ’ത്തിലൂടെ സംവിധായകൻ.   

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ദക്ഷിണ മലബാറിലെവിടെയോ നടക്കുന്നൊരു കഥയാണിതെന്ന് തുടക്കത്തിൽ പറയുന്നുണ്ട്. തമ്പുരാന്റെ വീരകഥ പാടുന്ന പാണൻ യുദ്ധത്തിനിടെ രക്ഷപ്പെട്ട് നാടുവിടുന്നു. ഒരു കൊടുംകാടിനുള്ളിൽ രാത്രി ഭയപ്പെട്ട് അവൻ ഓടിയെത്തുന്നത് പഴയൊരു മനയിലാണ്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു മന. മൂന്നു നിലകളിലായി അനേകം അറകൾ. ഭയത്തിന്റെ നിഴലുകൾ നിറഞ്ഞ ഇടനാഴികൾ. നടുമുറ്റത്തുപോലും പുല്ല് തലയ്ക്കൊപ്പമെത്തിയ മന. തൂണുകളിൽ വേരുചുറ്റുന്ന ചെടികൾ. പിന്നീടങ്ങോട്ട് കെട്ടുപിണഞ്ഞുകിടക്കുന്ന യാത്രയാണ്. ഓരോ ചുവടിലും ഭയം. ഭയത്തിന്റെ ആ കോട്ടയ്ക്കു പുറത്തേക്കുള്ള വഴി എതിലേയാണ്?

വെറുമൊരു വാടകവീടും അതിൽ ഒരമ്മയും മകനും മാത്രമുള്ള നിസ്സാരമായ പശ്ചാത്തലം കൊണ്ട് ‘ഭൂതകാല’ത്തിലൂടെ മലയാളികളെ പേടിപ്പിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ. വീണ്ടുമൊരു കഥ പറയാൻ തിരഞ്ഞെടുത്തത് ഒരൽപം വിശാലമായ പശ്ചാത്തലമാണ്. ആ കഥ കണ്ടിരിക്കുന്നവർ ആകാംക്ഷയോടെ സീറ്റിന്റെ തുമ്പത്തെത്തുന്നു. മലയാളികൾ ഇതുവരെ കണ്ട ഹൊറർ സിനിമകളിൽനിന്നെല്ലാം വഴിതെറ്റിയുള്ള ഒരു സഞ്ചാരമാണ് ഭ്രമയുഗം. 

മമ്മൂട്ടിയെന്ന നടന്റെ പകർന്നാട്ടമാണ് സിനിമയുടെ നട്ടെല്ല്. അഥർവത്തിലെ മന്ത്രവാദിക്കു ശേഷം എത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അഭിനയത്തിലും ഇത്രയും കാലത്തെ തഴക്കവും വഴക്കവും മമ്മൂട്ടിയെ തേച്ചുമിനുക്കിയെടുത്തിട്ടുണ്ട്. എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ മമ്മൂട്ടിയും പുതുതലമുറയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ അർജുൻ അശോകനും തമ്മിലുള്ള മാറ്റുരയ്ക്കൽ കൂടിയാണ് ചിത്രം. കഴിഞ്ഞ വർഷത്തെ ഹൊറർ ഹിറ്റായ രോമാഞ്ചത്തിൽനിന്ന് അടിമുടി മാറിയ അർ‍ജുൻ അശോകനാണ് ഭ്രമയുഗത്തില്‍. ഇതുവരെ കണ്ടതിൽനിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് സിദ്ധാർഥ് ഭരതന്റേത്. സിദ്ധാർഥിലെ മികച്ച നടനെ പുറത്തെടുക്കാൻ‍ ഭ്രമയുഗത്തിനു കഴിയുന്നുണ്ട്. 

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി
ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി

മലയാളം ഹൊറർ സിനിമകളുടെ പതിവ് രീതികളൊന്നുമല്ല ഭ്രമയുഗത്തിന്. ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകൾ കാണികളുടെ മനസ്സിൽ ഭയത്തിന്റെ വിത്തുപാകുന്നുണ്ട്. കഥ പറഞ്ഞുപറഞ്ഞ പറഞ്ഞ് കാണികളെ സമ്മർദത്തിലേക്ക് വലിച്ചിടുകയാണ്. ആദ്യത്തെ ഇരുപതു മിനിറ്റു കൊണ്ട് കാണികളുടെ മനസ്സ് കഥാകൃത്ത് ഭയപ്പെടാൻ പാകത്തിൽ ഉഴുതുമറിച്ചിടുന്നു. പിന്നീടങ്ങോട്ട് കാണികൾ ഒന്നും ചിന്തിക്കേണ്ടിവരുന്നില്ല. ഇരുട്ടിലും വെളിച്ചത്തിലും തോരാതെ പെയ്യുന്ന മഴയിലുമൊക്കെയായി കാണികളും കഥാപാത്രങ്ങൾക്കൊപ്പം പോവുകയാണ്.

മമ്മൂട്ടി
മമ്മൂട്ടി

കഥാപാത്രങ്ങൾ അധികമൊന്നുമില്ല. വിരലിലെണ്ണാവുന്നവർ‍‍ മാത്രമാണുള്ളത്. ടി.ഡി. രാമക‍‍ൃഷ്ണനെഴുതിയ സംഭാഷണങ്ങൾ അധികമൊന്നുമില്ല. പക്ഷേ, അവയോരോന്നും കാണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്. കാലത്തെക്കുറിച്ച്, സമയത്തെക്കുറിച്ച്, വിധിയെക്കുറിച്ച്, വിശ്വാസത്തെക്കുറിച്ച്... ഓരോ നടത്തത്തിലും പതിയിരിക്കുന്ന മരണമെന്ന സത്യത്തെക്കുറിച്ച്. പാണൻ പാടുന്ന ഗാനങ്ങളുടെ വരികളും സിനിമയുടെ ഗതിക്കൊപ്പം സഞ്ചരിക്കുന്നു.

സാങ്കേതികത കൊണ്ട് ഞെട്ടിക്കുന്നുണ്ട് ഭ്രമയുഗം. കഥ പറയാൻ കറുപ്പും വെളുപ്പും തിരഞ്ഞെടുത്തതുതന്നെ മികച്ച തീരുമാനമാണെന്ന് അടിവരയിട്ടു പറയേണ്ടിവരും. എന്തുകൊണ്ടാണ് എ. വിൻസെന്റ് പതിറ്റാണ്ടുകൾക്കുമുൻ‍പ് സംവിധാനം ചെയ്ത പഴയ ഭാർഗവീനിലയം ബ്ലാക്ക്  ആൻഡ് വൈറ്റാണെങ്കിൽപ്പോലും ഇപ്പോഴും കാണുന്നവരുടെ മനസ്സിൽ ഭയമുണ്ടാക്കുന്നത് എന്ന് ഭ്രമയുഗം കാണുമ്പോൾ തിരിച്ചറിയാം. ക്യാമറാമാൻ ഷെഹ്നാദ് ജലാൽ നൂറിൽ നൂറു മാർക്കിന് അർഹനാണ്. സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവിയറും കഥയോട് നൂറുശതമാനം ആത്മാർഥത പുലർത്തിയിട്ടുണ്ട്.

മമ്മൂട്ടി
മമ്മൂട്ടി

മേൽക്കൂര തകർന്ന മനയിൽ മഴവെള്ളം കിനിഞ്ഞിറങ്ങുന്ന അകത്തളങ്ങൾ. ഈച്ചയാർക്കുന്ന കൊട്ടത്തളങ്ങൾ. ഒരു വൃത്തിയുമില്ലാതെ ഉണ്ടാക്കുന്ന ഭക്ഷണം. അറപ്പുണ്ടാക്കുന്ന തരത്തിൽ ഭക്ഷണം കഴിക്കുന്ന രീതി. ഇങ്ങനെയെല്ലാം അതിസൂക്ഷ്മമായി കാണികളുടെ മനസ്സിൽ വല്ലാത്തൊരു പശ്ചാത്തലം തിരക്കഥാകൃത്ത് സൃഷ്ടിക്കുന്നുണ്ട്. കലാസംവിധായകൻ ജ്യോതിഷ് ശങ്കർ മനസ്സറിഞ്ഞു പണിയെടുത്തിട്ടുണ്ട്.

   

ആദ്യപകുതിയിൽ നട്ടെല്ലിൽ മരവിപ്പുകയറ്റുന്ന കഥാസന്ദർഭങ്ങൾ സംവിധായകൻ കോർത്തിണക്കിയിരിക്കുന്നു. രണ്ടാംപകുതി കാത്തിരിക്കുന്ന നിഗൂഢതകളുടെ സത്യം തേടിയുള്ള യാത്രയിലേക്കാണ്. മുത്തശ്ശിക്കഥകളിൽ കേട്ടുതഴമ്പിച്ചൊരു വിശ്വാസത്തിന് വെള്ളിത്തിരയിൽ പ്രതിരൂപം സൃഷ്ടിക്കാനുള്ള രാഹുലിന്റെ ശ്രമം പ്രശംസനീയം. ഭയത്തിന്റെ എട്ടുകാലിവല നെയ്ത് അതിൽ കാണികളെ ഒരക്ഷരം മിണ്ടാൻ കഴിയാതെ കുരുക്കിയിടുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.  മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വ്യത്യസ്തമായ ഹൊറർസിനിമകളുടെ കൂട്ടത്തിൽ ഭ്രമയുഗം തലയുയർത്തിനിൽക്കും.

English Summary:

Bramayugam Malayalam Movie Review And Rating

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com