ADVERTISEMENT

സമൂഹത്തിനു മുന്നിൽ തുറന്ന പുസ്തകമായി നടിക്കുന്ന പലരുടെയും യഥാർഥ സ്വഭാവം മറ്റൊന്നാകാം. ഇതാണ് 'ഫാമിലി' എന്ന സിനിമയുടെ സാരാംശം. പത്രത്തിലും ടിവിയിലുമൊക്കെ മിക്കപ്പോഴും കാണുകയും വായിക്കുകയും ചെയ്യുന്ന, ആവർത്തിക്കപ്പെടുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സോണിയുടെയും കുടുംബത്തിന്റെയും കഥയാണ് ഫാമിലി പറയുന്നത്. ചിത്രം രാജ്യാന്തര ചലച്ചിത്ര മേളകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. 

ഒരു മലയോരഗ്രാമമാണ് കഥാപശ്ചാത്തലം. നാട്ടിൽ പൊതുസമ്മതനാണ് അധ്യാപകനായ സോണി. നാട്ടിലെ കാര്യങ്ങളിൽ മുൻനിരയിൽ സോണിയുണ്ടാകും. എല്ലാവർക്കും നല്ല അഭിപ്രായം. പക്ഷേ നാട്ടുകാർക്ക് അറിയാത്ത ഒരു ഇരുണ്ട മുഖം സോണിക്കുണ്ട്. തന്റെ ആ ദുഃശീലം നാട്ടുകാരിൽനിന്ന് മറച്ചുപിടിക്കാൻ സോണി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  ഒരിക്കൽ പിടിക്കപ്പെട്ടു എന്ന് കരുതിയവേളയിലും തന്റെ 'നന്മമര പ്രതിച്ഛായ' മൂലം സോണി വഴുതി രക്ഷപ്പെടുന്നുണ്ട്. രണ്ടാംപകുതിയിൽ, അവിവാഹിതനായ സോണിക്ക് നാട്ടിൽ ചില ചുറ്റിക്കളികളുണ്ടെന്ന് വീട്ടുകാർ അറിയുന്നതോടെ കഥ അടുത്ത വഴിത്തിരിവിലേക്ക് പോകുന്നു. യുപി സ്‌കൂളിൽ അധ്യാപകനായി ജോലിക്കു ചേരുന്ന ദിവസം, സോണിയുടെ കണ്ണിലെ തിളക്കത്തിലാണ് 'ശേഷം ചിന്ത്യം' എന്ന രീതിയിൽ ചിത്രം പര്യവസാനിക്കുന്നത്.

മികച്ച തിയറ്റർ-ഡ്രാമ പശ്ചാത്തലമുള്ള നടനാണ് വിനയ് ഫോർട്ട്. അതിഭാവുകത്വമില്ലാതെ കഥാപാത്രത്തെ പകർന്നാടുന്നതിലുള്ള മികവ് ഫാമിലിയിൽ പ്രകടമാണ്. സോണിയെ വിനയ് ഗംഭീരമാക്കി. വാണിജ്യസിനിമയുടെ രസക്കൂട്ടുകൾ ഇല്ലെങ്കിലും അഭിനയസാധ്യതയുള്ള ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള മികവ് പ്രശംസനീയമാണ്. പ്രത്യക്ഷത്തിൽ സൽഗുണസമ്പന്നനായ, സാഹചര്യം ഒത്തുവരുമ്പോൾ ഡാർക്ക് ഷെയ്ഡ് പുറത്തുവരുന്ന സോണിയെ വിനയ് ഗംഭീരമാക്കി. ദിവ്യപ്രഭ, മാത്യു തോമസ്, നിൽജ കെ. ബേബി, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിവ്യപ്രഭയും സ്വാഭാവികത്തനിമയോടെ കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ സാങ്കേതികമേഖലകൾ നിലവാരം പുലർത്തുന്നു. സംവിധാനവും എഡിറ്റിങ്ങും ഡോൺ പാലത്തറ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ ആസ്വാദനതലം ഉയർത്തുന്നത് ഛായാഗ്രഹണവും പശ്ചാത്തലസംഗീതവുമാണ്. പലയിടത്തും സംഭാഷണത്തേക്കാൾ മൗനം ഘനീഭവിച്ച ഫ്രയിമുകളിലൂടെയാണ് ചിത്രം കഥ പറയുന്നത്. മലയോര ഗ്രാമത്തിന്റെ ഭംഗി, വന്യത, നാട്ടുകാരുടെ ജീവിതം, വിശ്വാസാചാരങ്ങൾ ഇവയെല്ലാം മനോഹരമായി ചിത്രത്തിൽ പകർത്തിയെടുത്തിട്ടുണ്ട്.

don-vinay-forrt

കഥാപാത്രത്തിന്റെ മാനസികവ്യവഹാരങ്ങൾ വെളിവാക്കുന്ന അന്തരാർഥമുള്ള സംഭാഷണങ്ങളാണ് മറ്റൊരു സവിശേഷത. ഒരുവേള 'സ്‌കൂളിലെ മുതിർന്ന കുട്ടികളെ പഠിപ്പിക്കാമോ' എന്ന് സോണിയോട് ചോദിക്കുമ്പോൾ 'ചെറിയ കുട്ടികളാണെങ്കിൽ എളുപ്പമായിരുന്നു' എന്ന് പറയുന്നത് ഉദാഹരണം. 

മലയാളിയുടെ അടക്കിപ്പിടിച്ച ലൈംഗിക തൃഷ്ണകളും തെറ്റായ ഇടത്തുള്ള അതിന്റെ തുറന്നുവിടലുകളും പുതിയകാലത്ത് ഏറെ പ്രസക്തമായ കാഴ്ചയാണ്. ചുരുക്കത്തിൽ, ആട്ടിൻതോലിട്ട ചെന്നായകൾ ഏത് സമൂഹത്തിലും എല്ലാക്കാലവും പതുങ്ങിയിരിപ്പുണ്ടാകുമെന്ന് ചിത്രം ഓർമിപ്പിക്കുന്നു.

English Summary:

Family Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com