ADVERTISEMENT

ഒടിടി പ്ലാറ്റ്‌ഫോം ഡിമാന്‍ഡ് ചെയ്യുന്ന കോണ്‍സപ്റ്റ് ആന്‍ഡ് മേക്കിങ് സ്‌റ്റൈലിനെക്കുറിച്ച് വ്യാപകമായി നിലനില്‍ക്കുന്ന പൊതുബോധത്തെ മറികടക്കുന്ന വെബ്‌സീരിസാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്ത പേരില്ലൂര്‍ പ്രിമിയർ ലീഗ്. നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍പ്രൈമും ഹോട്ട്‌സ്റ്റാര്‍ തന്നെയും നാളിതുവരെ റിലീസ് ചെയ്ത വെബ് സീരിസുകളൊക്കെത്തന്നെ പറയാന്‍ ശ്രമിച്ചത് നഗരവത്കൃതരായ മനുഷ്യരുടെ ജീവിതമാണ്. അപ്പര്‍ഹൈക്ലാസ് സൊസൈറ്റിയുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്ന പോഷ്ടച്ചുളള അന്തരീക്ഷം നിലനിര്‍ത്തുന്ന കഥയും കഥാന്തരീക്ഷവുമായിരുന്നു ഇക്കാലമത്രയും വെബ്‌സീരിസുകളില്‍ ആവിഷ്‌കരിച്ചിരുന്നത്.

ഗ്രാമവും ഗ്രാമീണരും ഗ്രാമീണാന്തരീക്ഷവും പുതുതലമുറ സിനിമകളില്‍നിന്നു തന്നെ ഏറെക്കുറെ നിഷ്‌കാസനം ചെയ്യപ്പെട്ട ഒരു കാലത്ത് ഒരു പരിധി വരെ ആ കുറവ് പരിഹരിച്ചത് ദിലീഷ് പോത്തന്‍ സിനിമകളായിരുന്നു. എന്നാല്‍ സീരിസുകള്‍ ഒരു കാലത്തും ഒരു വഴിമാറി നടത്തത്തിന് മിനക്കെട്ടതില്ല. ആ കുറവ് നികത്തിയിരിക്കുകയാണ് പേരില്ലൂരിലൂടെ ഹോട്ട്‌സ്റ്റാര്‍. ഒരു സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമകളിലെ ഗ്രാമ്യബിംബങ്ങള്‍ പശ്ചാത്തല നിര്‍മിതിക്കും ക്യാരക്ടര്‍ ഫോര്‍മേഷനും ഉപയോഗിക്കുന്നു എന്നതൊഴിച്ചാല്‍ പേരില്ലൂര്‍ ഒരു പഴഞ്ചന്‍ പ്രൊഡക്ടല്ല.സ്‌ക്രിപ്റ്റിങ്ങിലും മേക്കിങ് സ്‌റ്റൈലിലും നവതലമുറ സിനിമകളുടെ ഗുണപരമായ മാറ്റങ്ങളും സമീപനങ്ങളും നിലനിര്‍ത്തുന്ന, ഗ്രാമാന്തരീക്ഷത്തില്‍ കഥ പറയുന്ന ആധുനിക സൃഷ്ടി തന്നെയാണ് പേരില്ലൂര്‍.

കഥയിലെ അപ്രതീക്ഷിത വഴിത്തിരിവുകള്‍ അവതരിപ്പിച്ച രീതി തന്നെ നോക്കാം. നായകന്‍ ആദ്യം പോയി കണ്ട പെണ്ണിനെ ഇഷ്ടപ്പെട്ടെന്ന് വീട്ടുകാരെ അറിയിക്കുകയും പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞ് മറ്റൊരു വീട്ടില്‍ കയറിയ വഴിക്ക് ചായയുമായി വന്ന പെണ്ണ് കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നുമ്പോള്‍ പ്ലേറ്റ് മറിച്ചു വയ്ക്കുന്നതും ആദ്യം കണ്ട പെണ്ണ് പോര എന്ന അര്‍ഥത്തില്‍ കാല് മാറുന്നതും പിന്നീട് മനസില്‍ കയറിയ സുന്ദരി മറ്റൊരാളുടെ ഭാര്യയാണെന്ന് അറിഞ്ഞ് ഇളിഭ്യനാവുന്നതും ആദ്യം കണ്ട പെണ്ണിനെ തന്നെ ആലോചിച്ചാലോ എന്ന് പുനര്‍വിചിന്തനം ചെയ്യുന്നതും മറ്റും രസകരമായും ട്വിസ്റ്റ് എന്ന നാട്യമോ കോലാഹലമോ ഇല്ലാതെ വളരെ സ്വാഭാവികമായും സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ അവതരിപ്പിച്ചിരിക്കുന്നു. തിരക്കഥാകൃത്തിന്റെ ക്രാഫ്റ്റും ഇവിടെ എടുത്തു പറയേണ്ടതാണ്.

മറ്റൊരു എപ്പിസോഡില്‍ പെണ്ണ് കാണാന്‍ പോകുന്നിടത്ത് ചെക്കനും പെണ്ണിനും തനിച്ച് സംസാരിക്കാന്‍ അവസരം ലഭിക്കുന്നു. നമുക്ക് പുറത്തിറങ്ങി നടന്നുകൊണ്ട് സംസാരിച്ചാലോ എന്ന് പെണ്ണ് ചോദിക്കുമ്പോള്‍ വളരെ സ്വാഭാവികമായ ഒന്നായേ ചെക്കന്‍ അതിനെ കാണുന്നുള്ളു. എന്നാല്‍ പുറത്ത് ഇറങ്ങുമ്പോള്‍ വഴിയാത്രക്കാരന്‍ എന്ന നാട്യത്തില്‍ അതിലേ വന്ന യുവാവ് പെണ്‍കുട്ടിയെ ബൈക്കിന് പിന്നിലിരുത്തി മുങ്ങുന്നു. അവര്‍ നേരെ പോകുന്നത് കല്യാണപ്പന്തലിലേക്കാണ്. ചെറുക്കനും പെണ്‍വീട്ടുകാരും അവരെ പിന്‍തുടരുന്നതും അവിടെ നിന്ന് സദ്യ കഴിക്കേണ്ടി വരുന്നതും മറ്റും നൈസര്‍ഗികമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നതാണ് പേരല്ലൂര്‍ ടീമിന്റെ നേട്ടം.

ഗ്രാമ്യകഥയുടെ ആധുനിക ഭാഷ്യം

ഗ്രാമീണ കഥാ സ്‌പെഷലിസ്റ്റുകളായ നമ്മുടെ പല മുതിര്‍ന്ന സംവിധായകരും നേരിടുന്ന ഒരു പരാധീനതയുണ്ട്. ഇതിവൃത്തത്തിലെ പഴഞ്ചന്‍ സമീപനം പലപ്പോഴും അവതരണത്തിലേക്കും കടന്നു വരുന്നു. പരിഷ്‌കാരം തൊട്ടുതീണ്ടാത്ത ഗ്രാമ്യകഥകള്‍ പറയുന്നവരുടെ മനസ്സിലും ആധുനിക ചലച്ചിത്ര സങ്കേതങ്ങളെക്കുറിച്ചും പരിചരണ രീതികളെക്കുറിച്ചുമുളള അജ്ഞത നിലനില്‍ക്കുന്നു എന്ന് സാരം. ലോകഭാഷകളിലെ അത്യന്താധുനിക സിനിമകള്‍ കണ്ട് ശീലിച്ച പുതുതലമുറ ഇത്തരം സൃഷ്ടികളെ സഹതാപത്തോടെ നോക്കി കാണുന്നു. തങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ന്യൂജന്‍ മേക്കിങ് രീതികളെ അനാവശ്യമായി വിമര്‍ശിച്ചുകൊണ്ട് പല സീനിയേഴ്‌സും തടിതപ്പുന്നു. ഇത് ഒരു തരം ജനറേഷന്‍ ഗ്യാപ്പിന്റെ പ്രശ്‌നമാണ്.

‘‘പേരില്ലൂര്‍ സമാനജനുസിലുളള സൃഷ്ടികളുടെ പൊതുധാരയില്‍ നിന്നും പല തലങ്ങളില്‍ വേറിട്ട് നില്‍ക്കുന്നു’’

എന്നാല്‍ പ്രവീണ്‍ ചന്ദ്രന്‍ ഇത്തരം പരിമിതികളുടെ തടവുകാരനല്ല. പുതുതലമുറ സംവിധായകന്‍ എന്ന നിലയില്‍ സീരിസുകളുടെ ആവിഷ്‌കരണ രീതിയില്‍ ഏതൊരു ന്യുജന്‍ സിനിമകളോടും കിടപിടിക്കും വിധം പുതുമയാര്‍ന്ന സമീപനവും സാങ്കേതിക മേന്മയും പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.ഫ്രെയിം കോംപോസിഷനിലും ഷോട്ട് പ്ലാനിങ്ങിലും മറ്റും ദീക്ഷിക്കുന്ന സൗന്ദര്യാത്മകത ഏറെ ശ്രദ്ധേയമാണ്.

അഭിനയിക്കാനറിയാത്ത നിഖില

നടീനടന്‍മാരുടെ പ്രകടനം പരിശോധിച്ചാല്‍ മുന്നിട്ട് നില്‍ക്കുന്നത് നായികയായ നിഖില വിമല്‍ തന്നെയാണ്. പ്രണയം, പ്രതീക്ഷ, നിരാശ, ഔത്സുക്യം, നടുക്കം, ഭയം, ഈര്‍ഷ്യ, അസ്വസ്ഥത, പിണക്കം, പരിഭവം, വിദേഷം, വിസ്മയം, കൗതുകം.... എത്രയെത്ര ഭാവങ്ങളാണ് ഞൊടിയിടയ്ക്കുളളില്‍ നിഖില അനായാസമായി സാക്ഷാത്കരിക്കുന്നത്. അഭിനയിച്ച് തകര്‍ക്കുന്ന നടിയല്ല നിഖില. ബിഹേവിങ്ങാണ് അവരുടെ ആയുധം. അഭിനയിക്കാതെ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്താന്‍ അവര്‍ക്ക് സാധിക്കുന്നു.

bikhila

വിജയരാഘവന്‍ പൊതുവെ നന്നായിട്ടുണ്ടെന്ന് പറയാമെങ്കിലും പതിവു പോലെ അമിതാഭിനയത്തിലേക്ക് വഴുതിവീഴുന്ന ഭാവഹാവാദികള്‍ ചിലയിടങ്ങളിലെങ്കിലും ഒരു കല്ലുകടിയാകുന്നുണ്ട്. പരുക്കന്‍ കഥാപാത്രങ്ങള്‍ ശീലിച്ച സണ്ണി വെയ്ന്‍ പേരല്ലുരില്‍ ചില്ലറ നെഗറ്റീവ് ഷേഡുളള ഒരു മൃദു കാമുകനാണ്. നര്‍മത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ അവതരിപ്പിക്കാനുളള അവസരങ്ങളും സണ്ണിക്ക്  വീണുകിട്ടുന്നുണ്ട്. മിതത്വം പാലിച്ചുകൊണ്ട് അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും സണ്ണിയുടെ കരിയര്‍ ബെസ്റ്റ് എന്ന് പറയാനില്ല. ശരാശരിക്ക് അല്‍പ്പം മുകളിലുളള പ്രകടനം മാത്രം. ‘അപ്പന്‍’ പോലുളള സിനിമകളില്‍ കസറിയ സണ്ണി ആ തലത്തില്‍ നിന്നും വളരുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

അശോകന് എക്കാലവും ഒരു തനത് ശൈലിയുണ്ട്. മിതത്വത്തിന്റെ മുഖാവരണം കൊണ്ട് അദ്ദേഹം അതിനെ എന്നും തേച്ചുമിനുക്കി എടുത്ത് പുതിയതെന്ന് തോന്നും വിധം അവതരിപ്പിക്കുന്നു. ഒരു സീനില്‍ സന്തോഷം കൊണ്ട് മതിമറന്ന് നൃത്തം ചെയ്യുന്നുണ്ട് അശോകന്‍. മറ്റാരെങ്കിലുമാണെങ്കില്‍ അരോചകമായി തോന്നാവുന്ന ആ ഭാവചലനങ്ങള്‍ വളരെ രസകരവും മനോഹരവുമായി അദ്ദേഹം അവതരിപ്പിക്കുന്നു. കാലത്തിന് തോല്‍പ്പിക്കാനാവാത്ത ഒന്നാണ് അശോകനിലെ നടന്‍.

rj-vijitha-shamla2
ഷംലയായി എത്തിയ വിജിത

വിവിധ ഘടകങ്ങളുടെ സമന്വയം

തിരക്കഥയാണ് ഈ സീരിസിലെ മറ്റൊരു പ്രധാന ഘടകം. ഏതോ വലിയ കാര്യം പറയാന്‍ പോകുന്നു എന്ന മട്ടില്‍ അനാവശ്യ ബില്‍ഡ് അപ്പുകള്‍ നല്‍കുന്ന രീതിയാണ് പല സീരിസുകളും അവലംബിക്കാറുളളത്. എന്നാല്‍ പേരല്ലൂര്‍ ഒരു നദി ഒഴുകും പോലെ അനായാസമായി കഥ പറയാന്‍ ശ്രമിക്കുന്നതിനിടയില്‍ അവിചാരിതമായി ചില വഴിത്തിരിവുകള്‍ കടന്നു വരുന്നു. ട്വിസ്റ്റുകളെ ശബ്ദായമാനമാക്കാതെ, ബില്‍ഡ്അപ്പ് ഷോട്ടുകളിലൂടെ പര്‍വതീകരിക്കാതെ കഥയുടെ ഭാഗം എന്ന മട്ടില്‍ സ്വാഭാവികമായി അവതരിപ്പിക്കുന്നു എന്നതാണ് തിരക്കഥയുടെ മേന്മ. തിരക്കഥയുടെ ക്രാഫ്റ്റിലെ ഇത്തരം കയ്യടക്കവും കയ്യൊതുക്കവും അതിന് യോജിച്ച ദൃശ്യഭാഷ പകര്‍ന്നു നല്‍കിയ സംവിധായകനും തമ്മിലുളള സിങ്ക് തന്നെയാണ് ഈ സീരിസിന്റെ മികവ്.

ഛായാഗ്രഹണം ഗ്രാമ്യത്തനിമ വൃത്തിയായി ഒപ്പിയെടുക്കാന്‍ ശ്രമിക്കുമ്പോഴും ഒരിടത്തും പ്രകടനപരമാവുന്നില്ല. ഈ ഔചിത്യബോധം തന്നെയാണ് ഒരു മികച്ച ഛായാഗ്രഹകന്റെ അടിസ്ഥാനപരമായ മേന്മകളില്‍ പ്രധാനം. അതും പേരില്ലൂരിന് അവകാശപ്പെടാം. കലാസംവിധാനം, പശ്ചാത്തലസംഗീതം എന്നീ ഘടകങ്ങളെല്ലാം കഥാകഥനത്തിന് ഇണങ്ങും വിധത്തില്‍ ഒട്ടും മുഴച്ചു നില്‍ക്കാതെ പാകത്തില്‍ സന്നിവേശിപ്പിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. എഡിറ്റിങ് എന്ന പ്രക്രിയയുടെ സാന്നിധ്യം പുറമെ അറിയാത്ത വിധം ദൃശ്യഖണ്ഡങ്ങളെ സംയോജിപ്പിക്കുന്നതിലെ മിടുക്കും എടുത്തു പറയേണ്ടതാണ്. മാധ്യമബോധമുളള ഒരു സംഘം ചെറുപ്പക്കാരുടെ തീവ്രയത്‌നങ്ങളുടെ ആകത്തുക തന്നെയാണ് ഈ സീരിസ്.

nikhila-vijitha

ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ഇതിലെ അന്തരീക്ഷ സൃഷ്ടിയാണ്. ഒരു ഗ്രാമീണ കഥ പറയുമ്പോള്‍ പ്രേക്ഷകന്‍ ആ ഗ്രാമത്തില്‍ ചെന്നിറങ്ങിയ പ്രതീതി ജനിപ്പിക്കാന്‍ കഴിയണം. സീനുകളും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും മാത്രം പിന്‍തുടരാതെ ഗ്രാമ്യാന്തരീക്ഷത്തിന്റെ തനിമയും നിറവും രൂപപ്പെടുത്താന്‍ ശ്രദ്ധിച്ചിരിക്കുന്നു. ഓരോ സീനിലും കഥാഭൂമിക എന്ന പോലെ തത്തുല്യമായ പ്രാധാന്യത്തോടെ അവിടെ വ്യാപരിക്കുന്ന കഥയില്‍ അപ്രധാനമായ മനുഷ്യരുടെ പോലും പ്രവൃത്തികളും ചലനങ്ങളും ഭാവങ്ങളു,ം ആവിഷ്‌കരിക്കുന്നു സംവിധായകന്‍.

rj-vijitha-shamla6

ത്രില്ലര്‍ സീരിസുകള്‍ കണ്ട് ശീലിച്ച കുടുംബപ്രേക്ഷകരെ കൂടുതലായി ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാന്‍ ഇത്തരം സീരിസുകള്‍ ഉപയുക്തമാകും എന്ന് തന്നെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ഏതിലും വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാവാം. വിഖ്യാത ചലച്ചിത്രകാരന്‍ ഡേവിഡ് ലീന്‍ ഒരിക്കല്‍ പറഞ്ഞതു പോലെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു കലാസൃഷ്ടി ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും ആകെത്തുക വിലയിരുത്തുമ്പോള്‍ മുഷിപ്പില്ലാതെ ഒരു നനുത്ത ചിരിയോടെ കണ്ടിരിക്കാവുന്ന സീരിസാണിത്. അതിനുമപ്പുറം ആഴമേറിയ ചില തലങ്ങള്‍ പേരില്ലൂരിലുണ്ട്.

മിതത്വത്തിന്റെ ഭംഗി

കളര്‍സ്‌കീം അടക്കമുളള കാര്യങ്ങളില്‍ വേറിട്ട പരീക്ഷണങ്ങള്‍ക്ക് മുതിരുന്നില്ല പേരില്ലൂര്‍. സീരിസിന്റെ പ്രമേയം അത് ആവശ്യപ്പെടുന്നുമില്ല. ഡി.ഐ പോലുളളള നവസാങ്കേതികവിദ്യയുടെ പരിണിതഫലമായ ദൃശ്യസൗകുമാര്യം ഗ്രാമീണതയുടെ തനത് ഭംഗി പ്രോജ്ജ്വലിപ്പിക്കാന്‍ സഹായകമാകുന്നു. വിഷ്വല്‍ ഗിമ്മിക്കുകളേക്കാള്‍ ഔചിത്യപൂര്‍ണമായ വിഷ്വല്‍ മൗണ്ടിങ്ങിനാണ് പ്രവീണ്‍ മൂന്‍തൂക്കം നല്‍കിയിരിക്കുന്നത്. നമ്മുടെ പല സിനിമകളും അനവസരത്തിലുളള ഏരിയല്‍ ഷോട്ടുകളുടെ അനാവശ്യമായ ആഘോഷമാണ്. എന്നാല്‍ കഥാസന്ദര്‍ഭം ആവശ്യപ്പെടുന്നയിടങ്ങളില്‍ മാത്രം ഉപരിതലദൃശ്യങ്ങള്‍ സന്നിവേശിപ്പിച്ചുകൊണ്ടും അനാവശ്യ ബില്‍ഡ് അപ്പ് ഷോട്ടുകള്‍ ഒഴിവാക്കാനുളള മിതത്വവും ഔചിത്യവും പാലിച്ചുകൊണ്ടും ദൃശ്യമാധ്യമത്തിന് മേല്‍ ഉയര്‍ന്ന ധാരണയുളള ഒരു ചലച്ചിത്രകാരന്റെ കയ്യൊപ്പിട്ട സീരിസ് തന്നെയാണ് പേരില്ലൂര്‍.

നര്‍മ രസപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന സീരിസ് ഒരു ഘട്ടത്തിലും നമ്മെ പൊട്ടിച്ചിരിപ്പിക്കുകയല്ല പകരം ഹൃദയാന്തരത്തില്‍ നനുത്ത ചിരിയുതിര്‍ക്കുകയാണ് ചെയ്യുന്നത്. ഹോട്ട്‌സ്റ്റാറിന്റെ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് മെയിന്റൈന്‍ ചെയ്തുകൊണ്ട് തന്നെ മലയാളിത്തമുളള യുണിക്ക് ആയ കഥ പറയാനും എല്ലാ വിഭാഗം പ്രേക്ഷകരെയും പിടിച്ചിരുത്താനും ശ്രമിക്കുന്നു പേരില്ലൂര്‍ ടീം. എന്നാല്‍ കേവലം ഒരു ക്രൗഡ് പുളളര്‍ എന്ന തലത്തില്‍ നിന്ന് ചില ഘടകങ്ങളില്‍ ഈ സീരിസ് വേറിട്ട് നില്‍ക്കുന്നു.

aju-bacha

കാലത്തിന്റെ കണ്ണാടി

വെബ് സീരിസുകള്‍ ഏതെങ്കിലും ഒരു കാലത്തെയോ ദേശത്തെയോ അടയാളപ്പെടുത്തുകയോ രാഷ്ട്രീയം പറയുകയോ പതിവില്ല. ഉപരിപ്ലവവും ഉപരിതലസ്പര്‍ശിയുമായ രസക്കാഴ്ചകള്‍ക്കാണ് അവ പൊതുവെ മുന്‍തൂക്കം നല്‍കാറുളളത്. കേവലം എന്റര്‍ടൈനര്‍ എന്നതിനപ്പുറം ആഴമേറിയ ദൗത്യങ്ങള്‍ അതിന്റെ ലക്ഷ്യവുമല്ല. എന്നാല്‍ പേരില്ലൂര്‍ ഇവിടെ വേറിട്ട ചില സാമൂഹ്യദൗത്യങ്ങള്‍ നിര്‍വഹിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഭരണവര്‍ഗത്തിന്റെ പരിചേ്ഛദമാണ് ഈ സീരിസിലെ പഞ്ചായത്ത് പ്രസിഡണ്ട്. പുറമെ നിസ്വാര്‍ത്ഥ ബഹുജനസേവകന്‍ എന്ന വ്യാജപ്രതിച്ഛായ സൃഷ്ടിച്ചെടുത്തുകൊണ്ട് അദ്ദേഹം സംഘടിപ്പിക്കുന്ന മുട്ടയ്‌ക്കൊരു കോഴി എന്ന പദ്ധതി പോലും തനിക്ക്  വേണ്ടപ്പെട്ടവര്‍ക്ക് കോഴി വിതരണം ചെയ്യാനുളള ഒരു അടവാണ്.

രഹസ്യമായി കൈക്കൂലി വാങ്ങിക്കൊണ്ട് അക്ഷയ കേന്ദ്രം തുടങ്ങാനുളള ലൈസന്‍സ് നല്‍കുകയും ഒപ്പം നിലവിലുളളത് പൂട്ടിക്കുകയും ചെയ്യുന്നതൊക്കെ സമകാലീനാവസ്ഥകളുടെ നേര്‍ക്കുളള ചില ഒളിഞ്ഞുനോട്ടങ്ങളാണ്. അതുപോലെ രാഷ്ട്രീയത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണകള്‍ പോലുമില്ലാത്ത പലരും അനന്തരാവകാശി എന്ന തിണ്ണമിടുക്കില്‍ അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റുന്ന ജുഗുപ്‌സാവഹമായ കാഴ്ചകള്‍കള്‍ക്ക് നമ്മുടെ നാട് നിത്യവും സാക്ഷിയാണ്. പേരില്ലൂരില്‍ നിഖില വിമല അവതരിപ്പിക്കുന്ന കഥാപാത്രവും സമാന അവസ്ഥയുടെ പ്രതീകമാണ്. മൈക്കിന് മുന്നില്‍ നിന്ന് നാലക്ഷരം പറയാന്‍ അറിയാത്ത ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അറിയാത്ത കേവലം ഒരു സ്ഥിരം ജോലയില്‍ ജീവിതസുരക്ഷിതത്വം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി അമ്മാവന്‍ പൊതുപ്രവര്‍ത്തകനായിരുന്നു എന്ന ഏക കാരണത്താല്‍ അതിലേക്ക് നിര്‍ബന്ധപൂര്‍വം വലിച്ചിഴക്കപ്പെടുകയാണ്. രാജഭരണം പോലെ അനന്തരാവകാശിയെ അരിയിട്ട് വാഴിക്കുന്ന അധികാരമോഹികള്‍ ഇതൊക്കെ ഒരു അവകാശം പോലെ സ്വയം ധരിക്കുകയും പൊതുജനങ്ങളുടെ മേല്‍ ഇത്തരം നപുംസകങ്ങളെ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നതോ പാവപ്പെട്ട ജനങ്ങളും. ഇത്തരം ഭീതിദമായ അവസ്ഥകളെ ഒരു സറ്റയറിന്റെ മുഖാവരണമണിയിച്ചു കൊണ്ട് കലാപരമായി ആവിഷ്‌കരിക്കുന്നു പേരില്ലൂര്‍. ഇത്തരം കാര്യങ്ങള്‍ ധ്വനിപ്പിക്കാനുളള വേദി കൂടിയായി ഇവിടെ വെബ് സീരിസ് എന്ന ആധുനിക കലാരൂപം മാറുന്നു.

കുലീനമായ നര്‍മ്മത്തിലൂടെയാണ് ആഖ്യാനം നിര്‍വഹിച്ചിട്ടുളളത്. പൊട്ടിച്ചിരികള്‍ മാറ്റ നിര്‍ത്തി നനുത്ത ചിരി വിതറുന്ന കഥാസന്ദര്‍ഭങ്ങള്‍.

മരണരംഗത്ത് പോലും നര്‍മം വിതറാന്‍ കഴിയുന്നു എന്നതും ഒരു അപൂര്‍വതയാണ്. അഴിമതി വീരനായ വൃദ്ധനേതാവ് മരണവീട്ടില്‍ വരുമ്പോള്‍ മരിച്ചയാളുടെ ഭാര്യ വിലപിക്കുന്നത് ഇങ്ങനെയാണ്. 'പ്രായമായ എത്രയോ ആളുകളുണ്ട് ഈ നാട്ടില്‍...എന്നിട്ടും എന്റെ കുമാരേട്ടനെ മാത്രമേ കൊണ്ടുപോകാന്‍ തോന്നിയുളളല്ലോ എന്റീശ്വരന്‍മാരേ...' ബഷീറിയന്‍ ശൈലിയോട് കിട നില്‍ക്കുന്ന ഇത്തരം നര്‍മ്മോക്തിയിലുടെ തിരക്കഥാകൃത്ത് വെബ് സീരിസ് എന്ന ആര്‍ട്ട് ഫോമിനെ വേറൊരു വിതാനത്തിലേക്ക് ഉയര്‍ത്തുന്നു.

വൈരുധ്യങ്ങളില്‍ നിന്നാണ് കഥകളുടെ രസനീയത ജനിക്കുന്നതെന്ന് പറയപ്പെടാറുണ്ട്. പേരല്ലൂരില്‍ തിരക്കഥാകൃത്ത് അവതരിപ്പിക്കുന്ന വൈരുദ്ധ്യം തോല്‍ക്കാന്‍ ആഗ്രഹിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കഥാനായിക എന്നതാണ്. മത്സരിക്കാനും തോല്‍ക്കാനും അവര്‍ക്ക് അവരുടേതായ കാരണങ്ങളുമുണ്ട്. അത്തരമൊരു അവസ്ഥാ പരിണതിയിലുടെ സഞ്ചരിക്കുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പുതുമ. പഞ്ചായത്ത് പ്രസിഡണ്ട് അവര്‍ക്ക് എതിരായ അന്വേഷണത്തിന് സ്വയം കൈപൊക്കുന്നതും മറ്റും മുന്‍പ് ഉപയോഗിക്കപ്പെടാത്ത കഥാസന്ദര്‍ഭങ്ങളാണ്.

പാത്രസൃഷ്ടിയിലെ വൈവിധ്യം

അന്ധവിശ്വാസം അടക്കമുളള സാമൂഹ്യവിപത്തുകളെ കണക്കറ്റ് പരിഹസിക്കാനും സീരിസ് ഉപയോഗപ്പെടുത്തുന്നുണ്ട്. മറ്റൊരാളുടെ വിവാഹം എന്ന് നടക്കുമെന്ന് കവടി നിരത്താന്‍ വന്നിരിക്കുന്ന ജോത്സ്യന് ഒരു ഫോണ്‍കോള്‍ വരുന്നു. അയാളൂടെ കാമുകിക്ക് ഗള്‍ഫില്‍ ജോലിയുളള ഒരാളുടെ ആലോചന വരുമ്പോള്‍ പ്രായോഗികമതിയായ അവള്‍ അതിന് സമ്മതം മൂളി പോലും. അന്യരുടെ ഭാവി പ്രവചിക്കുന്ന ജോത്സ്യന്‍ സ്വന്തം ഭാവി വഴിമാറുന്നത് കണ്ട് കവടി വാരിക്കെട്ടി തത്ക്കാലം രക്ഷപ്പെടുന്ന രംഗം ആരിലും ചിരിയുണര്‍ത്തും. മനുഷ്യന്റെ അജ്ഞതയെയും നിസഹായതയെയും ഒരേ സമയം പ്രതിഫലിപ്പിക്കുന്നുണ്ട് ഈ സീനില്‍.

nikhila-3

പ്രശ്‌നം വയ്പ്പിക്കുന്ന നായകന്റെ അമ്മ ആകെ തകര്‍ന്ന് ഓടിപ്പോകുന്ന ജോത്സ്യനോട് ദക്ഷിണ...ദക്ഷിണ എന്ന് വിളിച്ചു കൂവുന്നുണ്ട്. അയാള്‍ അത് കേള്‍ക്കുന്നതായി ഭാവിക്കുന്നില്ല. ഉടന്‍ അമ്മ മകനോട് വേഗം അയച്ച് കൊടുക്കൂട്ടോ എന്ന് പറയുന്നു. സ്വന്തം ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന് ജോത്സ്യന്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടും അയാളില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഇത്തരം സാധുക്കളുടെ പരിതാപകരമായ അവസ്ഥയും കയ്യൊതുക്കത്തോടെ ചിത്രീകരിച്ചിരിക്കുന്നു. പാത്രസൃഷ്ടിയിലെ വൈവിധ്യവും സമഗ്രതയുമാണ് പേരില്ലൂരിന്റെ മറ്റൊരു ഹൈലൈറ്റ്. ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ നാം കണ്ടുമുട്ടാനിടയുളള എല്ലാത്തരം കഥാപാത്രങ്ങളെയും അവരുടെ രുപഭാവങ്ങളും ചലനങ്ങളും പ്രകൃതവും അടക്കം സമര്‍ത്ഥമായി പകര്‍ത്തി വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

ഇതൊക്കെ പറയുമ്പോഴും പേരില്ലൂര്‍ പണിക്കുറ്റം തീര്‍ത്ത ഒരു ശില്‍പ്പമെന്ന് അര്‍ഥമില്ല. സമകാലിന യാഥാര്‍ത്ഥ്യങ്ങളെ ഒരു ആക്ഷേപഹാസ്യകഥയുടെ ചിമിഴില്‍ നിഗൂഹനം ചെയ്യുന്നു എന്നതാണ് ഈ സീരിസിന്റെ മുഖ്യസവിശേഷത. അതിനുമപ്പുറം ഇടയ്‌ക്കെങ്കിലും പ്രേക്ഷകന്റെ ഉളളുലയ്ക്കുന്ന ഒരു അനുഭവം പ്രദാനം ചെയ്യാന്‍ പേരില്ലൂരിന് കഴിയുന്നില്ല. നര്‍മ രസപ്രധാനമായി കഥ പറയുമ്പോഴും ഒരു മിന്നലാട്ടം പോലെ ഇടയ്ക്കിടെ കാണികളുടെ ഹൃദയത്തെ ഒന്ന് ഉലയ്ക്കും വിധം നൊമ്പരപ്പൊട്ടുകള്‍ വാരി വിതറി മികച്ച ഫീല്‍ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രങ്ങളൂടെ മുഖമുദ്ര. എന്നാല്‍ സമാനെൈശലിയുടെ പിന്‍തുടര്‍ച്ചയെന്ന് പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന പേരില്ലൂരിന് ആ ദൗത്യം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല. എന്നിരിക്കിലും കേരളീയ ഗ്രാമങ്ങളുടെ തനത് ഭംഗി ആവാഹിക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഉള്‍ക്കൊളളുന്ന ഒരു സീരിസ് ഒരുക്കി എന്നതാണ് പേരില്ലുരിനെ വേറിട്ടതാക്കുന്നത്.

സ്ത്രീയുടെ കരുത്തും ബോധ്യവും

സ്ത്രീശാക്തീകരണത്തിന്റെ ഒരു സവിശേഷ നിമിഷവും ഈ സീരിസ് വിഭാവനം ചെയ്യുന്നു. ഒരിക്കല്‍ തന്നെ നിരാകരിച്ച യുവാവ് വീണ്ടും വിവാഹാഭ്യർഥനയുമായി വരുമ്പോള്‍ പെണ്‍കുട്ടി പറയുന്നു. ‘ഇനി അവന്‍ ഉടുത്തൊരുങ്ങി എന്റെ മുന്നില്‍ വന്നു നില്‍ക്കട്ടെ.ആണുകാണല്‍. എനിക്ക് ഓകെയാണെങ്കില്‍ ഞാന്‍ പറയാം’. ചാട്ടുളി പോലെ തീക്ഷ്ണമായ കഥാസന്ദര്‍ഭമാണിത്.

ഈ സീരിസിലെ ഏറ്റവും ഗൗരവമാര്‍ന്ന ഒരു മുഹൂര്‍ത്തമുണ്ട് കഴിഞ്ഞതെല്ലാം മറന്ന് ശ്രീക്കുട്ടനെ ചെക്കന്‍ കാണാന്‍ ചെന്ന മാളു അവനുമായി സമരസപ്പെട്ടു എന്ന് തോന്നിപ്പിച്ച ശേഷം അവര്‍ സ്വകാര്യമായി സംസാരിക്കവെ തന്റെ പിച്ച്ഡി പഠനം മുടക്കിയത് ശ്രീക്കുട്ടനാണെന്ന് ഉറപ്പിക്കുന്നു. തുടര്‍ന്ന് ശ്രീക്കുട്ടന്‍ പറയുന്നു. ‘അത് നന്നായില്ലേ. അത് നടന്നിരുന്നെങ്കില്‍ നമുക്ക് ഇങ്ങനെ ഒരുമിക്കാന്‍ കഴിയുമായിരുന്നോ?’ എന്ന്. തുടര്‍ന്ന് മാളവിക ആ ബന്ധം വേണ്ടെന്നു വച്ച് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഇറങ്ങിപ്പോവുകയാണ്. സ്ത്രീയുടെ ലക്ഷ്യങ്ങള്‍ക്കൂം സ്വപ്നങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത ആണധികാരത്തിന്റെ സങ്കുചിത വൃത്തങ്ങളില്‍ അഭിരമിക്കുന്ന ഒരാളുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന മാളുവിന്റെ ഉറച്ചബോധ്യമാണ് ഈ സീനിലുടെ ചിത്രീകരിക്കുന്നത്.

ഈ തലത്തില്‍ ബഹുമുഖമായ വായനകള്‍ക്ക് സാധ്യത തുറക്കുന്ന നിരവധി അടരുകളുളള ഒരു സീരിസ് തന്നെയാണ് പേരില്ലൂര്‍. സീരിസുകള്‍ പൊതുവെ സീര്യസ് സമീപനം പുലര്‍ത്തുന്നില്ല എന്ന വിമര്‍ശനത്തെ മറികടക്കും വിധം നര്‍മ്മത്തിന്റെ പുറംതോടില്‍ പൊതിഞ്ഞ് ഗൗരവപൂര്‍ണമായ അനവധി ചിന്തകള്‍ പങ്ക് വയ്ക്കുന്നു പേരില്ലൂര്‍.

സൈലന്റ്  ട്വിസ്റ്റുകള്‍ എന്ന മെത്തേഡ് അപ്ലൈ ചെയ്യുക വഴി കഥാഖ്യാനത്തില്‍ ഒരു പുതിയ സരണി തുറക്കുകയാണ് തിരക്കഥാകൃത്തായ ദീപു പ്രദീപ്.  ഓരോ സന്ദര്‍ഭത്തിലും നമ്മുടെ പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങള്‍ അത്ര സ്മൂത്തായാണ് അദ്ദേഹം സന്നിവേശിപ്പിച്ചിട്ടുളളത്. ടെയ്‌ലര്‍, സൈക്കോ ബാലന്‍ എന്നീ കഥാപാത്രങ്ങള്‍ക്കൊക്കെ കഥയില്‍ കൃത്യമായ സ്‌പേസ് നല്‍കിയിരിക്കുന്നു എന്നതും ശ്രദ്ധേയം. കഥയുടെ വളര്‍ച്ചയെയും വികാസത്തെയും നേരിട്ട് ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യാത്ത അപ്രധാന കഥാപാത്രങ്ങള്‍ക്ക് പോലും കഥാപരിസരം നിര്‍മ്മിച്ചെടുക്കുന്നതില്‍ നല്‍കുന്ന പങ്കാണ് തിരക്കഥയുടെ മികവ്.

ashokan-3

ദിശാബോധം നല്‍കുന്ന നായകന്‍

തയ്യല്‍ക്കാരന്‍ കോഴിയെ പിന്‍തുടരുന്ന രംഗം അരോചകമായി തോന്നി. സീരിസിന്റെ പൊതുഘടനയില്‍ നിന്നും വേറിട്ട് നിന്ന ആ സീനില്‍ സ്ലാപ്റ്റിക് കോമഡിയുടെ സാധ്യതകള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും വിജയിച്ചതായി അനുഭവപ്പെട്ടില്ല. ചിലയിടങ്ങളിലെ മന്ദതാളം എടുത്തു പറയാതെ വയ്യ. പലപ്പോഴും പ്രേക്ഷകനില്‍ ഉദ്വേഗം സൃഷ്ടിക്കാനോ ആദ്യന്തം അവന്റെ ശ്രദ്ധയും ഔത്സുക്യവും നിലനിര്‍ത്താനോ കഴിയുന്നില്ലെന്ന ന്യൂനതയും പേരില്ലൂരിനുണ്ട്. തീയറ്ററുകളില്‍ നിന്ന് ലഭിക്കാത്ത ആസ്വാദനക്ഷമതയുടെ ഉയര്‍ന്ന തലം തേടിയാണ് കാണികള്‍ സീരിസുകളെ ആശ്രയിക്കുന്നത്. ആദ്യന്തം പിടിച്ചിരുത്തുന്ന സമീപനം അവര്‍ പ്രതീക്ഷിക്കുക സ്വാഭാവികം. എന്നിരുന്നാലും മുഷിപ്പും വിരസതയുമില്ലാതെ കഴിയുന്നത്ര രസകരമായി കഥ കൊണ്ടുപോകാന്‍ ഒരു പരിധി വരെ  അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്‌സ്, സ്‌ക്രിപ്റ്റ് എഡിറ്റേഴ്‌സ് എന്നിവരുടെ പ്രസക്തി ഇവിടെയാണ്. പാശ്ചാത്യരാജ്യങ്ങളില്‍ ലിറ്റററി എഡിറ്റേഴ്‌സ് എന്നതു പോലെ തിരക്കഥകളിലും എഡിറ്റിങിന്റെ സാധ്യതകള്‍ ഉപയോഗിക്കാറുണ്ട്. മടുപ്പുളവാക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി കൂടുതല്‍ രസപ്രദമായ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ക്രിയേറ്റീവ് പേഴ്‌സണ്‍സാണ് ഇത്തരം ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നത്. മലയാളത്തിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്.

perilloor-premiere-league-22

കഥാന്ത്യത്തിലെ ഏറെ ശ്രദ്ധേയമായ ഒരു ട്വിസ്റ്റും ശ്രദ്ധേയം

അധ്യാപികയാകാനായി പഞ്ചായത്ത് പ്രസിഡന്റിന്റെ ജോലിയില്‍ നിന്ന് ഒളിച്ചോടി പോകുന്ന മാളുവിനോട് ശ്രീക്കുട്ടന്‍ ചോദിക്കുന്നു. കുറച്ച് കുട്ടികള്‍ക്ക് പാഠം പഠിപ്പിക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് ഒരു നാടിനെ നന്നാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് എന്ന്. ഇത്രയും സെന്‍സിബിലിറ്റി നിനക്കുണ്ടായിരുന്നോയെന്ന് അവള്‍ അവനോട് തിരിച്ച് ചോദിക്കുന്നുമുണ്ട്. തനിക്ക് വലിയ തിരിച്ചറിവ് പകര്‍ന്നു നല്‍കിയ അവനെ ആ നിമിഷം മുതല്‍ അവള്‍ ഇഷ്ടപ്പെട്ട് തുടങ്ങുന്നു. വ്യക്തിജീവിതം തന്റെ സ്വകാര്യതയുടെ പരിമിതവൃത്തത്തിലേക്ക് മാത്രമായി ഒതുങ്ങിപ്പോകാതെ അത് സമൂഹത്തിന് കൂടി ഉപയുക്തമാവുന്ന തരത്തിലേക്ക് പരിവര്‍ത്തിപ്പിക്കണമെന്ന മഹത്തായ സന്ദേശം കൂടി മുദ്രാവാക്യ സ്വഭാവമില്ലാതെ കഥാകഥനത്തില്‍ അന്തര്‍ലീനമാക്കി കൊണ്ട് പേരില്ലൂര്‍ പ്രിമിയർ ലീഗ് നിര്‍വഹിക്കുന്നത്.

nikhila

സാമൂഹിക പ്രതിബദ്ധതയും ഗ്രാമ്യത്തനിമയും വെബ് സീരിസുകള്‍ക്കും അന്യമല്ലെന്ന പുതിയ ദിശാബോധം കൂടി ഹോട്ട് സ്റ്റാറിന്റെ ഈ നിര്‍മ്മിതി പ്രേക്ഷകര്‍ക്ക് മുന്‍പാകെ വയ്ക്കുന്നു. ട്വിസ്റ്റുകളെ സമീപിക്കുന്ന രീതിയില്‍ തിരക്കഥാകൃത്ത് പരീക്ഷിക്കുന്ന പുതിയ സ്‌റ്റൈല്‍ ക്ലൈമാക്‌സിലുമുണ്ട്. അത് എന്താണെന്ന് പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല. അവിടെയും തിരക്കഥയുടെ മര്‍മം അറിഞ്ഞ് കളിക്കാന്‍ കഴിയുന്നു എന്നതാണ് ഈ വെബ്‌സീരിസിന്റെ സവിശേഷത.

പ്രണയത്തെക്കുറിച്ചും മനുഷ്യമനസിനെ സംബന്ധിച്ചും കൃത്യമായ ഒരു നിരീക്ഷണവും സീരിസ് മുന്നോട്ട് വയ്ക്കുന്നു. കഥ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് കുട്ടിക്കാലം മുതല്‍ താന്‍ പ്രണയിച്ച ശ്രീക്കുട്ടനോട് മാളു  പറയുന്നു.

perilloor-premiere-league-2

‘‘എനിക്ക് നിന്നോട് വെറുപ്പാണ്. പക്ഷേ എന്റെയുളളിലെ ആ ഇഷ്ടം ഒട്ട് പോകുന്നുമില്ല’’- മലയാള തിരക്കഥകളില്‍ ശ്രീനിവാസന്‍ മാത്രം പരീക്ഷിച്ച ഒരു രീതിശാസ്ത്രമാണിത്. കഥാപാത്രങ്ങളുടെ മനസ്സും അവരുടെ ഭാഷയും യാഥാര്‍ത്ഥ്യങ്ങളിലൂന്നി നിന്നുകൊണ്ട് പ്രേക്ഷകന് മുന്നില്‍ യഥാതഥമായ ഒരു അനുഭവം തുറന്നിടുക. വിയോജിപ്പുകള്‍ പ്രകടമാക്കി കൊണ്ട് തന്നെ ദീപുവും പ്രവീണും കൂടി തുറന്നിടുന്ന ഈ ലോകം പ്രതീക്ഷകളുടേതാണ്.

English Summary:

Perilloor Premier League: The perfect blend of humor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com