ADVERTISEMENT

സിനിമ–സീരിയൽ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗത്തിൽ നൊമ്പരക്കുറിപ്പുമായി നടി അശ്വതി. മനസ്സിലുള്ളതെന്തും പങ്കുവയ്ക്കാന്‍ കഴിയുന്ന സൗഹൃദം രഞ്ജുഷയുമായി ഉണ്ടായിരുന്നുമെന്നും രണ്ടാഴ്ച മുമ്പ് കൂടി തന്നെ വിളിച്ചിരുന്നതായും അശ്വതി പറയുന്നു.

‘‘സാധാരണ ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ പരിചയമുള്ളവരാണെങ്കിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കിൽ പ്രണാമം. പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓർക്കുന്നു അതോടെ അത് കഴിയുന്നു. പക്ഷേ അങ്ങനെ ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാൻ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയി അല്ലെങ്കിൽ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്നു പോയി..

2009 മുതൽ തുടങ്ങിയ സൗഹൃദം, നമുക്ക് കൂട്ടുകാർ ഒരുപാട് പേരുണ്ടാകാം, പക്ഷേ വളരെ ചുരുക്കം ചിലരോടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവയ്ക്കാൻ കഴിയുകയുള്ളു. എനിക്ക് അങ്ങനെ പങ്കുവയ്ക്കാൻ വിരലിൽ എണ്ണാൻ പറ്റിയ ചുരുക്കം പേരിൽ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ, രാവിലെ പിറന്നാൾ ആശംസകൾ മെസ്സേജ് ചെയ്ത്, അടുത്ത വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഓപ്പൺ ചെയ്തു നോക്കുമ്പോൾ കണ്ട ആ വാർത്ത ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നി.

അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു, ആർക്കോ ടൈപ്പ് ചെയ്തതിൽ പറ്റിയ അബദ്ധം, ‘ആശംസകൾ’ എന്നത് മാറിപ്പോയതായിരിക്കണേ എന്ന്, പക്ഷേ അല്ല, ഞങ്ങളെ ഒക്കെ വിട്ട് രഞ്ജുമ്മ പോയി...നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല... അതല്ലാതെ എനിക്കൊന്നിനും കഴിയുകയുമില്ല.

‘‘നാട്ടിൽ വരുമ്പോൾ നീ എന്നെ കാണാൻ വരില്ലേ?’’ രണ്ടാഴ്ച മുന്നേ കൂടി ചോദിച്ചു..

വരും..ഇനി നാട്ടിൽ വരുമ്പോൾ പറ്റില്ലല്ലോ. അതുകൊണ്ട് ഭൂമിയിലെ എന്റെ സമയം കഴിഞ്ഞു അങ്ങെത്തുമ്പോൾ ഞാൻ അന്വേഷിച്ചു വരും, നമുക്കന്നു കുറേ കാര്യങ്ങൾ പറഞ്ഞു ചിരിക്കാം, എന്നെ എന്നും പൊട്ടി പൊട്ടി ചിരിപ്പിച്ചിട്ടുള്ളത് പോലെ അന്നും ചിരിപ്പിക്കണം.’’–അശ്വതി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

English Summary:

Actress Aswathy Remembering Renjusha Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com