ADVERTISEMENT

സജ്ന നൂറുമായുള്ള വിവാഹമോചനം വ്യക്തിപരമായി വേദന നിറഞ്ഞതാണെന്ന് നടനും മുന്‍ ബിഗ് ബോസ് താരവുമായ ഫിറോസ് ഖാൻ. ‘‘പത്തുവർഷത്തോളം കൂടെ നിന്ന ആൾ അകന്നു പോകുമ്പോഴുണ്ടാകുന്ന ശൂന്യത വളരെ വലുതാണ്. ഇതൊക്കെ ഒരനുഭവമാണ്. എന്റെ ജീവിതത്തിൽ സംഭവിച്ച പല വിഷയങ്ങളും തരണം ചെയ്തിട്ടുണ്ട്. ഇതും കടന്നുപോകും.’’–ജാങ്കോ സ്പേസ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഫിറോസ് ഖാൻ വെളിപ്പെടുത്തി.

‘‘പത്ത് വർഷത്തെ ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയാണ്. സജ്ന നൽകിയ അഭിമുഖത്തിൽപോലും അവളെന്നെ ഒരു കുറ്റം പോലും പറയുന്നില്ല. സജ്ന കുട്ടിത്തമുള്ള കുട്ടിയാണ്, അങ്ങനെ ചിന്തിച്ച് സംസാരിക്കാനൊന്നും അറിയില്ല. അവതാരക പലകാര്യങ്ങളും ചോദിച്ചിട്ടും അവളൊന്നും മിണ്ടിയില്ല. അവൾക്ക് ഞാൻ എന്താണെന്ന് അറിയാം. എനിക്കും അവൾ എന്താണെന്ന് അറിയാം. ഞങ്ങളെ സംബന്ധിച്ച് കരിയറിനുമൊക്കെ ഇതായിരിക്കും നല്ലതെന്ന് തോന്നി. അവളൊരു കുട്ടിത്തമുള്ള കുട്ടിയാണ്. ഒരു പൂമ്പാറ്റയെ പറന്നുനടക്കാൻ അവൾക്ക് ഇഷ്ടമായിരിക്കാം. ആ സ്‌പേസ് നൽകുന്നതിന് എനിക്ക് പരിമിതിയുണ്ട്. അത് എന്റെ കുഴപ്പമാണ്. അവളുടെ ആഗ്രഹം ഒരു തെറ്റല്ല.

ഒരു പരിധി കഴിഞ്ഞാൽ പലതും അപകടമാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് എന്റെ കുറവായിരിക്കാം, പക്ഷേ ഞാൻ അങ്ങനെയാണ് പഠിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ പറക്കാൻ എനിക്ക് അനുവദിക്കാൻ കഴിയില്ല. ഇതുവരെ എന്റെ പരിധിക്കുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ ഞാൻ നൽകിയിട്ടുണ്ട്. എന്നാൽ അങ്ങനെ പറക്കാൻ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അതുകൊണ്ട് ആ സ്പേസ് കൊടുക്കുകയേ നിവർത്തിയുള്ളു. അങ്ങനെ സ്നേഹത്തോടെ തന്നെ എടുത്ത തീരുമാനമാണ്.

അവൾ ഇപ്പോൾ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതാണ് ഞാനും ആഗ്രഹിക്കുന്നത്. ഈ പത്ത് വർഷം ഞാൻ സജ്നയെ സ്നേഹിച്ചിട്ട് ഇപ്പോൾ കുറ്റം പറഞ്ഞാൽ എന്താണ് അർഥം. ഒരുദിവസം കൊണ്ട് ഒരാൾ എന്റെ മനസ്സിൽ കയറിക്കഴിഞ്ഞാൽ പിന്നെ അയാൾ തെറ്റിപ്പോയാലും അയാളെ കുറ്റം പറയില്ല. ആ ഒരു ദിവസത്തെ സ്നേഹം മതി എനിക്ക്. അപ്പോൾ എന്റെ ഹൃദയത്തിന്റെ ഭാഗമായി പത്ത് വർഷം കൂടെ നിന്ന സജ്നയെപ്പറ്റി എന്തു പറയാനാണ്. അതുപോലെ ചിലയിടങ്ങളിൽ നമ്മൾ തോറ്റ് കൊടുക്കുന്നതാണ് നല്ലത്. അതിന് ഒരു വിജയത്തിന്റെ സുഖമുണ്ട്. ഞാൻ തോറ്റവനാണ് എന്നല്ല അതിനർഥം. അദ്ദേഹം പറഞ്ഞത് ഞാൻ അംഗീകരിച്ചു, അതിന് സമ്മതിച്ചു. അതാണ് ഞാൻ ഉദേശിച്ചത്. അദ്ദേഹത്തിന് നല്ലത് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പത്ത് വർഷമെന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ്. അത്രയും നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ആളല്ലേ.

ഞങ്ങൾ തമ്മിൽ യാതൊരു ഈഗോ ക്ലാഷും ഇല്ല. വിവാഹശേഷമാണ് അവൾ ഈ ഫീൽഡിലേക്ക് വരുന്നത്. കരിയറിൽ ഞാൻ അവളെ വളർത്തി എടുക്കുകയായിരുന്നില്ലേ അവിടെ ഈഗോ ക്ലാഷിന്റെ ആവശ്യമില്ല. ലൈംഗികജീവിതത്തിന്റെ കാര്യത്തിൽ ആണെങ്കിൽ അതിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക. ഇപ്പോഴും ഞങ്ങൾക്കിടയിൽ വിളിയോ സംസാരമോ ഒന്നും ഉണ്ടാവില്ലല്ലോ. കാരണം, പറ്റിക്കപ്പെടുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ കാര്യം. അപ്പോൾ അതുമല്ല. അങ്ങനെ ഇവർ ഈ പറയുന്ന കാര്യങ്ങൾ ഒന്നുമല്ല. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് വിവാഹമോചനം എന്നത് പലരുടെയും ധാരണയാണ്. അതല്ലാത്ത കാരണങ്ങൾ കൊണ്ടും ആളുകൾ വേർപിരിയാം. അത് ഓരോരുത്തരുടെയും ജീവിത സാഹചര്യമാണ്.

സജ്നയുടെ കരിയർ ഒരു വിഷയമല്ല. അതിൽ ഫോക്കസ് നൽകണം എന്നാണ് പറഞ്ഞത്. കാരണം ഇനിയിപ്പോൾ ഒറ്റയ്ക്കുള്ള ഒരു യാത്ര ആണല്ലോ. ഇത്രയും നാളും നമ്മുടെ ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു ആള്‍. അതിന്റെ പകുതി പോയി. ഒരാളും ഒരാൾക്കും പകരമാവില്ല. നാളെ മറ്റൊരാൾ ജീവിതത്തിലേക്ക് വന്നാലും സജ്‌നയ്ക്ക് പകരമാവില്ല. അദ്ദേഹം പോയതിൽ എനിക്ക് ദുഃഖമുണ്ട്. അഞ്ചാറ് മാസമായി ഞങ്ങൾ ഈ ഡിവോഴ്സ് എന്ന പ്രോസസിലൂടെ പോവുകയാണ്. ഒരുപക്ഷേ വേറൊരാള്‍ വന്നാൽ പോലും സജ്നയ്ക്ക് പകരമാകില്ല, സജ്നയ്ക്കും അങ്ങനെ തന്നെയാകും. അത് വേദന തന്നെയാണ്.

പത്തുവർഷത്തോളം കൂടെ നിന്ന ആൾ പോകുമ്പോഴുണ്ടാകുന്ന ശൂന്യത വളരെ വലുതാണ്. ഇതൊക്കെ ഒരനുഭവമാണ്. എന്റെ ജീവിതത്തിൽ സംഭവിച്ച പല വിഷയങ്ങളും ഹീൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതും കടന്നുപോകും. വിവാഹമോചനമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഒരു ചാനലിന്റെ മുമ്പിൽ വന്ന് ഇതൊക്കെ പറയണമെന്ന് ആഗ്രഹിച്ചിരുന്നില്ല. സജ്ന വന്നു പറഞ്ഞതിന്റെ മറുപടിയായിട്ടല്ല ഞാനിതൊക്കെ പറയുന്നത്. സജ്‌ന പറഞ്ഞതിന് ക്ലാരിറ്റി ഇല്ലാത്തത് കൊണ്ട് പലരും അതിനെ വളച്ച് ഒടിച്ചു. ഇക്ക ചതിച്ചു, പെണ്ണുപിടിയനാണ് എന്നൊക്കെ ചിലർ വാർത്ത കൊടുത്തു. അതൊക്കെ ഭയങ്കര മോശമാണ്. എന്റെ കുടുംബക്കാരും ഇതൊക്കെ കാണുന്നുണ്ട്. അതുകൊണ്ടാണ് ഇതെല്ലാം പറയണമെന്ന് തോന്നിയത്. ഈ വാർത്തകളും പലരും വളച്ചൊടിക്കും. സജ്നയ്ക്ക് മറുപടി കൊടുക്കാനൊന്നും വന്നതല്ല.

സജ്‌ന എല്ലാവരോടും ഓപ്പൺ ആയി ഇടപെടും. കുട്ടിത്തമുള്ള ആളാണ്. പക്ഷേ മറ്റുള്ളവർ അങ്ങനെ കാണണമെന്നില്ല. ഞാൻ അതിനെയൊക്കെ ഒരു ലിമിറ്റിൽ നിർത്തുമായിരുന്നു. അവൾ അതുപോലെ നിന്നാൽ പലരും മിസ്‌ബിഹേവ് ചെയ്‌തേക്കും. ചതിക്കുഴികളില്‍ പെട്ടേക്കാം. അതുകൊണ്ട് അക്കാര്യത്തിൽ ഞാൻ ഉപദേശിച്ചിട്ടുണ്ട്. ഇനി ഞാൻ നിനക്കൊപ്പമില്ലെന്നും പറഞ്ഞിട്ടുണ്ട്. അവൾ നല്ല രീതിയിൽ പോകാനാണ് ആഗ്രഹിക്കുന്നത്. സമൂഹം എന്താണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട് ഞാൻ കുറച്ച് കാര്യങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ട്.’’ ഫിറോസ് ഖാൻ അഭിമുഖത്തിൽ പറഞ്ഞു.

English Summary:

Firoz Khan opens up about his divorce with Sajna Noor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com