സുനിച്ചൻ ഷാർജയിൽ, ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളില്ല: തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്
Mail This Article
ഭർത്താവ് സുനിച്ചനുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഇപ്പോഴും തങ്ങൾ ഭാര്യയും ഭർത്താവുമാണെന്നും നടി മഞ്ജു സുനിച്ചൻ. സുഹൃത്ത് സിമി ബാബുവിനൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയിൽ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. വിവാഹമോചിതയായോ, ബോഡി ഷെയിമിങ് കമന്റുകൾ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഇരുവരും പ്രതികരിക്കുന്നുണ്ട്.
‘‘ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്. വേർപിരിഞ്ഞിട്ടില്ല. വേർപിരിയുമ്പോൾ എല്ലാവരോടും പറയും. ഇപ്പോൾ എല്ലാം നന്നായി പോകുന്നു. സുനിച്ചൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ് പലരും ചോദിക്കുന്നത്. പക്ഷേ ഞങ്ങൾ തമ്മിൽ വിഷയങ്ങളൊന്നുമില്ല. എന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. ഡിവോഴ്സ് ആകാൻ ചാൻസില്ല. അങ്ങനെ ഞങ്ങൾ ആലോചിച്ചിട്ടും ഇല്ല. സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്.’’–മഞ്ജു സുനിച്ചൻ പറഞ്ഞു.
ബോഡി ഷെയിമിങ് കമന്റുകൾ വേദനിപ്പിക്കാറുണ്ടോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. തീർച്ചയായും ഉണ്ട് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ‘‘ബോഡി ഷെയിമിങ് കമന്റുകൾ വല്ലാതെ വിഷമിപ്പിക്കും. നമ്മൾ ഒരാളുടെ മുഖത്തുനോക്കി, ശവം, തടിച്ചി എന്നൊക്കെ പറയുമ്പോൾ ഉറപ്പായും വിഷമം തോന്നും. പക്ഷേ നിരന്തരം കേൾക്കുമ്പോൾ നമ്മൾ അതിനോട് കൂടിച്ചേരും.
എല്ലാവർക്കും ഇൻഫോരിയോരിറ്റി കോംപ്ലക്സ് ഉണ്ടാകും. കാരണം ചെറുപ്പം മുതൽ കേൾക്കുന്നതല്ലേ ഇതൊക്കെ. ഡാർക്ക് സ്കിൻ ടോണുള്ള ഒരാൾ ഫിൽട്ടറിട്ടാൽ അപ്പോൾ നിങ്ങൾ ചീത്ത പറയും. അവർ ഫിൽട്ടർ ഇടുന്നതിന് കാരണം നിങ്ങളാണ്. കാരണം അവൾ കൊള്ളില്ലെന്നാണ് നിങ്ങൾ പറയുന്നത്. അതിൽ നിന്ന് പുറത്തുകടക്കാൻ നല്ല പാടാണ്. ഞങ്ങളുടെ യുട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന് പേര് നൽകിയത് ഇൻഫീരിയോരിറ്റി കോംപ്ലക്സ് ഉണ്ടായത് കൊണ്ടല്ല. സഹതാപം കിട്ടാനുമല്ല. ഈ പേര് നല്ലതാണെന്ന് ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ്.
സിമി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്റെ ജീവിതത്തിന്റെ പല അവസരങ്ങളിലും സിമി എന്റെ നട്ടെല്ലായി കൂടെ നിന്നിട്ടുണ്ട്, എന്റെ കുടുംബത്തെ പോലെ. പൈസ തന്ന് സഹായിച്ചിട്ടുണ്ട്. പലതും ഞാൻ ഇപ്പോഴും തിരിച്ച് കൊടുത്തിട്ടില്ല. മാനസികമായി വീണുപോകുന്ന അവസരങ്ങളിലെല്ലാം ഞങ്ങൾ പരസ്പരം താങ്ങായിട്ടുണ്ട്. ഞാനും സിമിയും ഒരുമിച്ച് ഒരു ഷോയിൽ വന്നു, എന്നിട്ട് എനിക്ക് കരിയർ ഗ്രോത്ത് ഉണ്ടായി, അതിൽ സിമി വിഷമിച്ചിട്ടില്ലേയെന്ന് പലരും ചോദിച്ചു. ഒരിക്കലും ഇല്ല. സുഹൃത്തിന്റെ വളർച്ചയിൽ നിഷ്കളങ്കമായി ചിരിക്കാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.’’–മഞ്ജു സുനിച്ചൻ പറഞ്ഞു.