ADVERTISEMENT

അന്ന് ആ വരികൾ കുറിക്കാനായി ഇരിക്കുമ്പോൾ അടങ്ങാത്ത ആഗ്രഹം തന്നെയായിരുന്നോ പാട്ടിന്റെ പാലാഴി തീർത്ത ആ തൂലികയെ ചലിപ്പിച്ചിരുന്നത്? ജീവിച്ച് കൊതി തീരുംമുമ്പേ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുമെന്ന് ആ കാതിലാരോ മുന്നറിയിപ്പേകിയിരുന്നോ? മനുഷ്യന്റെ ചിന്തകൾക്കുമപ്പുറത്തേക്കാണല്ലോ കാലത്തിന്റെ  കൂട്ടിക്കിഴിക്കലുകൾ... അല്ലെങ്കിലും ഈ ഭൂമിയിൽ ജീവിച്ച് കൊതി തീർന്നതായി ആരെങ്കിലുമുണ്ടോ? ദേഹി വിട്ടകലും മുമ്പ് ദേഹമൊന്നു പിടയ്ക്കുമത്രേ! ഭയന്നിട്ടല്ല, ഇട്ടെറിഞ്ഞു പോകാനുള്ള മനസ്സില്ലായ്മ... കൊതിയൊടുങ്ങിയിട്ടില്ലാത്തതിന്റെ പരിഭവം കാട്ടൽ... അസമയത്തെ കൂട്ടിക്കൊണ്ടുപോകലിനെ ചെറുക്കാനുള്ള അവസാന ശ്രമം...

‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം... ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം.....’ വാക്കിന്റെ മനോഹര സഞ്ചയങ്ങൾ കൊണ്ട് കാവ്യവഴിയിൽ ഇന്ദ്രജാലം കാട്ടിയ വയലാർ കുറിച്ച വരികൾ. കേൾവിയുടെ തീരങ്ങളിലും ഇന്ദ്രധനുസ്സിന്റെ തൂവലുകൾ കൊഴിഞ്ഞു വീഴുന്നു... അനുഭൂതികളുടെ മേച്ചിൽപ്പുറങ്ങളിൽ കുളിരുപകർന്ന് ചന്ദ്രകളഭപ്പെയ്ത്തും! സംശയമില്ല, ദൈവം ഒരു പാട്ടെഴുത്തുകാരനായി ഈ ഭൂമിയിൽ പിറന്നിട്ടുണ്ടെങ്കിൽ അത് വയലാർ തന്നെ. ഏതു കാലത്തിന്റെ കടം കൊണ്ട കാൽപനികതയ്ക്കാവും പതിറ്റാണ്ടുകളെ സുരഭിലമാക്കിയ ആ എഴുത്തഴകിനോട് കിടപിടിക്കാൻ! മരണമില്ലാത്ത ഗാനങ്ങളും മാനുഷികതയുടെ മന്ത്രം പേറുന്ന ചിന്തകളും സമ്മാനിച്ച് കാലത്തിന്റെ കുസൃതിയിൽ നടന്നകന്ന അതേ വർഷമാണല്ലോ ഒരു യാചന പോലെ ആ വരികൾ അന്ന് വയലാർ കുറിച്ചത്!

ഈ മനോഹര തീരത്ത് ഇനി ഒരു ജന്മം കൂടി വേണമെന്ന്  അവസാനത്തോടടുക്കുമ്പോൾ ആരിലും തോന്നുന്ന മോഹം... എന്തുവേണമെങ്കിലും പകരം നൽകാൻ ഒരുക്കമെങ്കിലും തരില്ലെന്നുറപ്പിച്ച കാലത്തോട് വെറുതെ കലഹിക്കാമെന്നതുമാത്രം മിച്ചം! ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമില്ലാതെ, ഒരു യാചനയ്ക്കും മുഖം കൊടുക്കാതെ, എത്ര തന്നെ മുഖം കോട്ടിയാലും കാലം തന്റെ ചെയ്തികൾ തുടരും.... വില്വാദ്രിയിലെ പുനർജനിക്കാറ്റിന് താളം തെറ്റട്ടെ.... സിംഹാസനം ശൂന്യമാവട്ടെ...

‘.....കൊതി തീരുംവരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ....’ മലയാളത്തിന്റെ പാട്ടഴകിനു ബിംബലാവണ്യം കൊണ്ട് നെറ്റിപ്പട്ടം ചാർത്തിയ കവി വളച്ചുകെട്ടില്ലാതെ മനം തുറക്കുമ്പോൾ കവിക്കൊപ്പം ചേരുവാനല്ലേ ആസ്വാദക ഹൃദയങ്ങൾക്കും കഴിയൂ! ഈ ഭൂമിയുടെ പകരം വയ്ക്കാനില്ലാത്ത മനോഹാരിതയും അതിനു മാറ്റേകുന്ന ചുറ്റലങ്കാരങ്ങളും ആരിലേയും കാമുകഭാവത്തെ വളമിട്ടു വളർത്തുക തന്നെ ചെയ്യും! സന്ധ്യകളും ചന്ദ്രികയും ഗന്ധർവ ഗീതങ്ങളും ഈ വസുന്ധരയെ സ്വർഗതുല്യമാക്കുമ്പോൾ പ്രണയത്തിന്റെ ശ്രീകോവിലിൽ തിരി തെളിയും... മോഹങ്ങൾ അവിടെ ആരതിയുഴിയും... പക്ഷേ, കൊതിയൊടുങ്ങാൻ കൂട്ടാക്കാതെ കാലം തിരക്കു കൂട്ടുമ്പോൾ ഒക്കെയും വച്ചൊഴിഞ്ഞല്ലേ പറ്റൂ.

നാലുപാടുമലങ്കരിച്ച എണ്ണിയാലൊടുങ്ങാത്തത്ര സൗന്ദര്യക്കാഴ്ചകളിൽ പരമാവധിയും ആസ്വദിച്ച്, പകർന്നേകിയ താളപ്പകർച്ചകളിൽ ആവോളം അഭിരമിച്ച ഓരോ മനുഷ്യഹൃദയത്തിലേക്കും എത്തിനോക്കിക്കൊണ്ടല്ലേ കവിയുടെ ചോദ്യം -  ‘.....മതിയാകും വരെ ഇവിടെ ജീവിച്ച്

മരിച്ചവരുണ്ടോ...’ പച്ച മനുഷ്യന്റെ ചിന്തകളെയും കൈപിടിച്ച് നാട്ടിടങ്ങളിലെ കാവ്യവഴക്കവുമായി മലയാള ഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞ സഹൃദയന് തുറന്നു സമ്മതിക്കാൻ മുഖവുരയെന്തിന്? ഒരുപക്ഷേ... എല്ലാം കൈവിട്ടു പോവുകയാണെന്ന് ഉറപ്പിച്ചപ്പോൾ തോന്നിയ ആത്മഗതം കൂടിയാവണം വരികൾ.

സ്വപ്നങ്ങളെ താലോലിച്ച്, പുഷ്പങ്ങളെയും സ്വർണമരാളങ്ങളെയും കണ്ട് കൊതി മാറിയിട്ടില്ലെന്ന പരിഭവം വരികൾക്കിടയിൽ വല്ലാതെ തെളിയുന്നു. ദുഃഖങ്ങളല്ല, അവയെ മറികടക്കാനുള്ള സുഖങ്ങളുടെ സഞ്ചയമാണ് ഇവിടെ ഓരോ ജീവകണത്തിനുമായി വച്ചൊരുക്കിയിട്ടുള്ളതെന്നതിൽ കവിക്കു സംശയമില്ല. ഹൃദയത്തിൽ തഴച്ച ആ പച്ചപ്പു കൂടിയാവണം ‘നിത്യഹരിത’യെന്ന് ഭൂമിയെ വിളിക്കാൻ കവിയെ പ്രേരിപ്പിച്ചത്. കാലത്തിന്റെ വിളിയിലൊന്നും വരണ്ടുണങ്ങാൻ കൂട്ടാക്കാത്ത കാമനകൾ വൈകിയ വേളയിലും ആ മനസ്സിൽ പൂർവാധികം ശക്തി പ്രാപിക്കുകയായിരുന്നുവോ..

ആഗ്രഹങ്ങളൊക്കെയും പാതിയിലുപേക്ഷിച്ചു പോകേണ്ടി വന്ന അശാന്തയായ ഒരു ആത്മാവിന്റെ നിരാശയും നെടുവീർപ്പുകളും വരച്ചുകാട്ടുന്ന വരികൾ വേണമെന്ന ആവശ്യമായിരുന്നു സിനിമയ്ക്കായി പാട്ടെഴുതാനിരിക്കെ അന്ന് വയലാറിനു മുന്നിൽ. രംഗമേതെന്നും അഭിനേതാവ് ആരെന്നും അറിഞ്ഞേ എഴുതാനിരിക്കു എന്നത് പലപ്പോഴുമുള്ള നിർബന്ധമാണ്. ജയഭാരതിയാണെന്നറിഞ്ഞു കൊണ്ടായിരുന്നല്ലോ ‘റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ.....’ (അലാവുദീനും അദ്ഭുതവിളക്കും) എഴുതിയത്! സന്ദർഭമേതായാലും അഭിനേതാവാരായാലും മൂഡ് വന്നുകഴിഞ്ഞാൽപിന്നെ പാട്ടെഴുത്ത് ആ തൂലികയ്ക്ക് ഏറെ ഏളുപ്പത്തിൽ വഴങ്ങുന്ന ക്രാഫ്റ്റ് തന്നെയാണ്.

വളരെ ചെറിയ ഒരു കാലയളവുകൊണ്ട് മലയാള ഗാനശാഖയിൽ നവവസന്തമൊരുക്കിയ വയലാറിന്റെ അവസാന നാളുകളിൽ കുറിക്കപ്പെട്ട ഈ ഗാനം  ‘കൊട്ടാരം വിൽക്കാനുണ്ട്’ (1975) എന്ന നസീർ ചിത്രത്തിനു വേണ്ടിയായിരുന്നു. സ്വതവേ കാവ്യാത്മകമായ വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണം ചമയ്ക്കുമ്പോൾ അത് കൂടുതൽ മിഴിവാർന്നതാകുമെന്ന പതിവ് വീണ്ടും ആവർത്തിച്ചു. യേശുദാസും പി. മാധുരിയും ചേർന്നാണ് മെയിൽ, ഫീമെയിൽ വേർഷനുകളിൽ ആലപിച്ചിരിക്കുന്നത്.

*          *           *         *

‘നിനക്കു മീശ വന്നിട്ടുണ്ടോടാ, പാട്ടെഴുതാന്‍ വന്നിരിക്കുന്നു. ആ കപ്പിലാങ്കാട്ടില്‍ പോയി ഒള്ള അണ്ടി പറിച്ചോണ്ടു വന്നാല്‍ വല്ലതും തരാം.’ കാലമൊന്നു പുറകോട്ടോടിയാൽ കാതടപ്പിക്കുന്ന ഒരാക്രോശം കാതിലെത്തും. സിനിമയിൽ പാട്ടെഴുതാനുള്ള മോഹവുമായി ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയെ കാണാനെത്തിയ ഇതിഹാസ കവിയുടെ യൗവനം ഒന്നു തല കുനിച്ചത് കാലത്തിനിന്നും തമാശ തന്നെ. രാമവർമ തിരുമുൽപ്പാട് എന്ന യുവാവിന് ഒരവസരം നൽകാൻ ആ വലിയ സിനിമാ വ്യവസായിയുടെ അടുത്ത സുഹൃത്തായ അന്ത്രപ്പേർ ഔസേപ്പച്ചൻ ഒരു ശുപാർശക്കത്തും കൊടുത്തു വിട്ടിരുന്നു. അന്നു വലിച്ചെറിഞ്ഞ ശുപാർശക്കത്ത് പിന്നെ കാലത്തെ നോക്കി എത്രവട്ടം പൊട്ടിച്ചിരിച്ചിട്ടുണ്ടാവും! ഒരിക്കൽ ആട്ടിപ്പായിച്ച ‘ചെക്കനെ’ മറ്റാർക്കും അനുവദിക്കപ്പെട്ടിട്ടില്ലാത്ത, അക്കാലത്തെ ഏറ്റവും വില കൂടിയ തന്റെ സ്വന്തം കാറയച്ച് സ്റ്റുഡിയോ ഉടമയ്ക്ക് പിന്നീട് എത്ര വട്ടമാണ് വരുത്തേണ്ടി വന്നിട്ടുള്ളത്!

പ്രൗഢരചനകളുമായി മലയാളത്തെ സമ്പുഷ്ടമാക്കിയ കവിയെ ഏറെ നാൾ തന്റെ സപര്യ തുടരാൻ കാലം പക്ഷേ അനുവദിച്ചില്ല. ഭരതന്റെ ആദ്യ ചിത്രമായ ‘പ്രയാണ’ത്തിനു വേണ്ടി കവി തന്റെ അവസാന വരികൾ കുറിച്ചു - ‘എന്റെ മോഹങ്ങൾക്ക് വിശ്രമിക്കാൻ ഇന്നൊരേകാന്ത പഞ്ജരം കണ്ടൂ ഞാൻ...’ അല്പം മുമ്പ് സൗഹൃദം നുരഞ്ഞു പൊന്തിയ നേരമെപ്പോഴോ ക്രുദ്ധനായതും ‘പാട്ടെഴുതാൻ എനിക്ക് സൗകര്യപ്പെടില്ല; വേറെ ആളെ നോക്കിക്കൊള്ളൂ.’ - എന്നു പറഞ്ഞതും മറന്ന് അവസാനമായി കുറിച്ച വരികൾ... ചരണം നാട്ടിലെത്തിയിട്ട് ഫോണിൽ വിളിച്ചു പറയാമെന്ന് എംബിഎസിനോടും ഭരതനോടും ഉറപ്പു പറഞ്ഞു പോയതാണ്. മുഴുമിപ്പിക്കാനാവാതെ പോയ കാവ്യം... എന്തൊക്കെയോ പറയാതെ പറഞ്ഞ്, കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളിയായ് പറന്നകന്നപ്പോൾ ഒരു നൊമ്പരത്തോടെയല്ലാതെ ആ വരികളെയും വയലാർ എന്ന പ്രതിഭയേയും സഹൃദയ ലോകത്തിന് ഓർക്കാനാവുമോ? അവസാനം കുറിച്ച വരികൾക്കൊപ്പം 'ചന്ദ്രകളഭ'ത്തെയും ചേർത്തുവായിക്കാനാണ് എന്നും എനിക്ക് ഇഷ്ടം.

കൂട്ടിക്കൊണ്ടുപോകാൻ വന്ന വിധിക്കു മുന്നിൽ കെട്ടടങ്ങിയ വിപ്ലവ വീര്യവുമായി ആ കലാപകാരി ഏറ്റവും ഒടുവിലും ചോദിച്ചിട്ടുണ്ടാവണം... ‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി....’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com