ADVERTISEMENT

തൂ ഹിന്ദു ബനേഗാ ന മുസൽ ബനേഗാ

ഇൻസാൻ കാ ഔലാദ് ഹേ തൂ ഇൻസാൻ ബനേഗാ

 

'പിറന്നു വീഴുമ്പോൾ നീയൊരു ഹിന്ദുവോ മുസ്‌ലിമോ ആയിരുന്നില്ല... നീയൊരു മനുഷ്യന്റെ സന്തതിയാണ്... അതിനാൽ മനുഷ്യനായി തീരുകയാണ് വേണ്ടത്, മനുഷ്യനായി വേണം നീ വളരാൻ' എന്നു ഓർമിപ്പിക്കുന്ന ഹിന്ദി ഗാനത്തിന്റെ ആദ്യ വരികളാണിത്. ബദർപൂരിലെ അല്‍ ഇസ്‌ലാം നാഷനൽ അക്കാദമിക്ക് കീഴിലുള്ള ആസാം കരീംഗഞ്ച് സ്കൂളിലെ അസംബ്ലിയിൽ ഇഫ്ദിക്കർ ഹുസൈൻ എന്ന ആറാം ക്ലാസുകാരൻ പാടുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 1959ൽ പുറത്തിറങ്ങിയ 'ധൂൽ കാ ഫൂൽ' എന്ന ചിത്രത്തിലെ അതിപ്രശസ്തമായ ഈ ഗാനം രചിച്ചത് സാഹിർ ലുധിയാൻവിയും സംഗീതം നൽകിയത് ദത്ത നായിക്കുമായിരുന്നു. ജാതിമതവേർതിരിവുകൾക്കപ്പുറം ഓരോരുത്തരും മനുഷ്യരാണെന്ന തിരിച്ചറിവാണ് കുട്ടികളിൽ വളർത്തിക്കൊണ്ടുവരേണ്ടതെന്ന വലിയ ചിന്ത പങ്കുവയ്ക്കുന്ന ഈ ചലച്ചിത്രഗാനം ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയസാമൂഹിക പശ്ചാത്തലത്തിലും ഏറെ പ്രധാന്യം അർഹിക്കുന്നുണ്ട്. ഒരു ഇസ്‌ലാം മാനേജ്മെന്റ് നടത്തുന്ന സ്കൂളിൽ ഈ ഗാനം അസംബ്ലിയിൽ സ്ഥിരമായി ആലപിക്കുന്നത് വൈറലായതിനു പിന്നിലും നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തിന് പങ്കുണ്ടെന്നത് തള്ളിക്കളയാനാവില്ല. 

 

സ്വീകരണീയമായ മാതൃക

 

ബദർപൂർ സ്കൂൾ പിന്തുടരുന്ന ഈ രീതി നമ്മുടെ വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. ജാതിക്കും മതത്തിനും മുകളിലാണ് മനുഷ്യത്വം എന്ന വലിയ ചിന്ത ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ മനസിൽ ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞാൽ അവർ ഭാവിയിൽ നല്ല മനുഷ്യരായി മാറും എന്നതിൽ തർക്കമില്ല. ജാതി, മതം എന്നിവയുടെ പേരിൽ നിരവധി പ്രശ്നങ്ങളാണ് നമ്മുടെ സമൂഹത്തിൽ അനുദിനമെന്നോണം ഉണ്ടാകുന്നത്. വെറും നിയമനടപടികളിലൂടെ മാത്രം ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയില്ല. കതിരിൽ വളം ചെയ്തിട്ട് കാര്യമില്ലെന്ന പഴമൊഴി ഇവിടെ പ്രസക്തമാണ്. അതിനാൽ, ദേശീയോദ്ഗ്രഥനം, മതമൈത്രി, സഹോദര്യം തുടങ്ങിയ മൂല്യങ്ങൾ വിദ്യാർഥികൾക്ക് ചെറു പ്രായത്തിൽ തന്നെ പകർന്നുകൊടുക്കേണ്ടത് അനിവാര്യമാണ്. സിനിമാഗാനങ്ങളോ കവിതകളോ ആകട്ടെ, ആ വരികളുടെ അർത്ഥവും പ്രാധാന്യവും കൂടി അവർക്ക് മനസിലാക്കാനും ഉൾക്കൊള്ളാനും വിദ്യാലയങ്ങൾ വഴിയൊരുക്കണം. ഇങ്ങനെയൊരു കവിത അല്ലെങ്കിൽ ഒരു ഗാനം കൃത്യമായി അർഥം മനസ്സിലാക്കി ഓരോ വിദ്യാർഥിയും ആലപിക്കുകയാണെങ്കിൽ തീർച്ചയായിട്ടും ഇന്നത്തെ സ്ഥിതിക്ക് വലിയ മാറ്റം വരും. ഇത് സ്കൂളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇതുപോലെ സമാനമായ ഗാനങ്ങൾ വേറെയുമുണ്ട്. മലയാളത്തിൽ അച്ഛനും ബാപ്പയും എന്ന സിനിമയിലുള്ള 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്നു തുടങ്ങുന്ന ഗാനം ഒരു ഉദാഹരണം. വയലാർ രചിച്ച് ദേവരാജൻ സംഗീതം പകർന്ന് യേശുദാസ് പാടിയ ഗാനം തീർച്ചയായും നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്.  

 

മനസ്സിരുത്തി അർഥം മനസ്സിലായി അതിന്റെ രീതിയിൽ ആലപിക്കുകയും ചെയ്താൽ കുട്ടികളുടെ ചിന്താസരണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ദൗർഭാഗ്യവശാൽ, ഇത്തരം പാട്ടുകളൊന്നും ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് കേൾക്കാനോ ആസ്വദിക്കാനോ ഉള്ള സാഹചര്യം സ്കൂളുകളിൽ ഇല്ല. കൂടാതെ, ഇങ്ങനെയുള്ള ഗാനങ്ങളുടെ കാലികപ്രസക്തി, അർഥം മുതലായവ വിദ്യാർഥികളിലേക്ക് എത്തിക്കുവാൻ അധ്യാപകർ മെനക്കെടുന്നുമില്ല. കൃത്യമായി പഠിപ്പിക്കാതെ, ശരിയായ പരിശീലനം കൊടുക്കാതെ എങ്ങനെയാണ് കുട്ടികൾ അർപ്പണബോധമുള്ള, രാജ്യസ്നേഹമുള്ള, മതഭ്രാന്തന്മാരല്ലാത്തവരായി വളർന്നു വരുന്നത്? കൃത്യമായ ശിക്ഷണം ചെറിയ ക്ലാസുകളിൽ തൊട്ട് തുടങ്ങണം. 'ക്യാച്ച് ദെം യങ്' എന്നു പറയുന്നതു പോലെ വളരെ ചെറു പ്രായത്തിൽ കുട്ടികളെ ഇതു പോലെയുള്ള പാട്ടുകളുടെ അർഥവും അത് ജീവിതത്തിൽ പകരുന്ന സമാധാനം, സാഹോദര്യം, സ്നേഹം എന്നിവയെക്കുറിച്ചും തിരിച്ചറിയാൻ പ്രാപ്തരാക്കണം. ഓരോ കുട്ടിയും ദിവസവും ഇത്തരം പാട്ടുകൾ ആലപിക്കുകയാണെങ്കിൽ അവർ വളരുമ്പോൾ അവരിൽ വലിയ ശതമാനവും അതിനനുസരിച്ചു ജീവിക്കുന്നവരായി തീരും. 

 

ദേശീയ പതാകയോട് വേണോ ഈ അകൽച?

 

ദേശീയ പതാക ഉപയോഗിക്കുന്നതിലും അനാവശ്യമായ ഒരു ഭയം പലർക്കുമുണ്ട്. എവിടെയൊക്കെ ഉപയോഗിക്കാമെന്ന അറിവ് പലർക്കുമില്ല എന്നതാണ് സത്യം. നമ്മുടെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന സുപ്രീംകോടതി വിധിയുണ്ട്. പക്ഷേ, പക്ഷേ ആ വീടിനും അതിന്റെ പരിസരത്തിനും ഉയർത്തുന്ന വ്യക്തിക്കും പതാക ഉയർത്താനുള്ള മാന്യതയും അന്തസും വേണം. എന്താണ് സുപ്രീംകോടതി വിവക്ഷിക്കുന്ന മാന്യതയും അന്തസും എന്നത് നമ്മളിൽ ഒരു അങ്കലാപ്പ് ഉണ്ടാക്കുന്നു. അതോടൊപ്പം ഇവ പ്രദർശിപ്പിക്കുന്നതിനും ചില നിബന്ധനകളുണ്ട്. ദേശീയ പതാക വലതു വശത്തു മാത്രമേ വയ്ക്കാവൂ. പതാക വയ്ക്കുമ്പോൾ ജനങ്ങൾ ഇടതു വശത്തിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ ജനങ്ങളെ ദേശീയ പതാക ഉപയോഗത്തിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കും. എന്തിനീ പൊല്ലാപ്പിനു പോകണം എന്നൊരു ചിന്തയാകും സാധാരണ ജനങ്ങൾക്ക്! അതു മാറ്റി ദേശീയ പതാക എന്റെ സ്വന്തമാണ്, എന്റെ രാജ്യസ്നേഹത്തിന്റെ ചിഹ്നമാണ് എന്നുള്ള തോന്നലോടു കൂടി ദേശീയ പതാക ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട കാര്യങ്ങൾ വ്യക്തമായി മനസിലാക്കി കൊടുക്കുന്ന പ്രചാരണ പദ്ധതിക്ക് രൂപം കൊടുക്കുകയും അന്തസ്സായി പതാക പരമാവധി ഉപയോഗിക്കാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും പൗരബോധവും രാഷ്ട്രബോധവും ദേശസ്നേഹവുമൊക്കെ വളർന്നു വരുന്നതിൽ അത് വലിയ പങ്കു വഹിക്കും. 

 

സ്കൂളുകളിൽ ആവർത്തിച്ചു പാടേണ്ട പാട്ടുകൾ

 

'ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല' പോലെയുള്ള ദേശീയോദ്ഗ്രഥന ഗാനങ്ങള്‍ മലയാള ഭാഷയിൽ ധാരാളമുണ്ട്. അത്തരം പാട്ടുകൾ ആവർത്തിച്ചു പാടാനും അർഥം മനസിലാക്കാനുമുള്ള സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കേണ്ടതുണ്ട്. അതുപോലെ, ‘ഭാരതം എന്റെ നാടാണ്, ഓരോ ഭാരതീയനും എന്റെ സഹോദരീ സഹോദരന്മാരാണ്, ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു’ എന്നു തുടങ്ങുന്ന പ്രതിജ്ഞ നമ്മുടെ പാഠ്യ പദ്ധതിയിൽ നിന്ന് മറഞ്ഞു പോയിരിക്കുന്നു. ഇവയെല്ലാം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ ചെയ്യാതെ ഒരു യുവാവ് രാജ്യദ്രോഹപ്രവര്‍ത്തനം ചെയ്തു എന്നു പറഞ്ഞ് അയാളെ ജയിലിൽ അടയ്ക്കുന്നതിനാണ് ഭരണകൂടത്തിന് താൽപര്യം. അതിനു പകരം, അയാൾ ആ നിലയിലേക്ക് വരാതിരിക്കാൻ നമ്മുടെ സമൂഹവും വിദ്യാഭ്യാസ രീതിയും രക്ഷകർത്താക്കളും പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com