ജനിച്ച് മൂന്നാം നാൾ മുതൽ താളക്കണക്കുകൾ കേട്ടു വളർന്ന ഉസ്താദ്; പത്മ തിളക്കത്തിലെ ‘സക്കീർ ഭായി’
Mail This Article
കേൾക്കുന്നത് അഴക്, കാണാൻ നൂറഴക്. ഉസ്താദ് സക്കീർ ഹുസൈന്റെ തബലവാദനത്തെപ്പറ്റി ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം. പിറന്ന് മൂന്നാം നാൾ, തബല ഇതിഹാസം കൂടിയായ അച്ഛൻ ഉസ്താദ് അല്ലാരഖ കാതിൽ ചൊല്ലിക്കൊടുത്ത താളക്കണക്കുകൾ മുറതെറ്റാതെ പിൻതുടരുന്ന ഉസ്താദ് ഇപ്പോൾ പത്മവിഭൂഷൺ നേട്ടത്തിന്റെ നിറവിലാണ്.
അല്ലാരഖ കാണിച്ചുകൊടുത്ത വഴികളിലൂടെ വളര്‍ന്ന സക്കീര്‍ ഹുസൈനും തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വളരെ ചെറുപ്രായത്തില്‍ത്തന്നെ മഹാന്മാരായ പല സംഗീതജ്ഞർക്കുമൊപ്പം തബല വായിച്ചു തുടങ്ങിയ സക്കീർ ഹുസൈൻ, തബലയില്‍ മെലഡി നൽകുന്ന പ്രതിഭയാണ്. ബയാനിൽ (തബലയിലെ വലിയ വാദ്യം) സക്കീർ ഹുസൈന്‍ വേഗവിരലുകളാൽ പ്രകടമാക്കുന്ന മാസ്‌മരികത സംഗീതലോകത്തെ വിസ്മയിപ്പിക്കുന്നു. അതിർത്തികൾ കടന്ന് അമേരിക്കയിലും യൂറോപ്പിലുമെല്ലാം താളത്തിരമാല തീർക്കുന്നു.
മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിൽ ജനിച്ച സക്കീർ ഹുസൈൻ മൂന്നു വയസ്സു മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. മേശകളിലും പാത്രങ്ങളിലും താളം പിടിച്ചുതുടങ്ങിയ ആ കുഞ്ഞിക്കൈകൾ ലോകമറിയുന്ന ഒരു തബലവാദകനിലേക്കുള്ള വളർച്ചയാണെന്ന് അച്ഛൻ അല്ലാ രഖാ അന്നേ തിരിച്ചറിഞ്ഞിരുന്നു. തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛന്റെ പാത പിന്തുടർന്ന് ആദ്യമായി ഏഴാമത്തെ വയസ്സില്‍ സരോദ് വിദഗ്‌ധന്‍ ഉസ്‌താദ് അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. പിന്നീട് പന്ത്രണ്ടാമത്തെ വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറുരൂപയ്ക്ക് ഉസ്‌താദ് അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ആ വർഷം തന്നെ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം കാണികളുടെ മുന്‍പില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ശഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.
മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസ്സില്‍ കച്ചേരി അവതരിപ്പിച്ചു. വാഷിങ്‌ടൻ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറാകുമ്പോൾ പ്രായം 19 മാത്രം. പിന്നെയങ്ങോട്ട് സംഗീതലോകത്തെ ജൈത്രയാത്രയായിരുന്നു. വർഷത്തിൽ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും സക്കീര്‍ ഹുസൈന്‍ കച്ചേരികള്‍ നടത്തിയിരുന്നു എന്നത് അദ്ദേഹം എത്രത്തോളം ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്നു എന്നതിനു തെളിവാണ്.
ലോകോത്തര സംഗീതജ്ഞരുമായി ചേർന്നു നിരവധി സംഗീതസാക്ഷാത്ക്കാരങ്ങൾ ഒരുക്കി. വയലിനിസ്റ്റ് എല്‍.ശങ്കര്‍, ഗിറ്റാറിസ്റ്റ് ജോണ്‍ മക്‌ലോലിൻ, മൃംദംഗ വാദകന്‍ റാംനന്ദ് രാഘവ്, ഘടം വാദകന്‍ വിക്കു വിനായകറാം എന്നിവരുമായി ചേര്‍ന്ന് ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതത്തെ പശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ‘ശക്തി’ എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974 രൂപം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്‌ധരെ സമന്വയിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ താളവാദ്യ വിദഗ്‌ധന്‍ മിക്കി ഹാര്‍ട് തയാറാക്കിയ ആല്‍ബത്തില്‍ ഇന്‍ഡ്യയില്‍നിന്നു ഘടം വിദഗ്‌ധന്‍ വിക്കു വിനായകറാമിനൊപ്പം സക്കീര്‍ ഹുസൈനുമുണ്ടായിരുന്നു. 1991 ൽ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആൽബത്തിലൂടെ ആദ്യമായി സക്കീർ ഹുസൈന്റെ കൈകളിലെത്തി. മിക്കി ഹാര്‍ട്, സക്കീര്‍ ഹുസൈന്‍, നൈജീരിയന്‍ താളവാദ്യ വിദഗ്‌ധന്‍ സിക്കിരു അഡെപൊജു, ലാറ്റിന്‍ താള വിദഗ്‌ധന്‍ ഗിയോവനി ഹിഡാല്‍ഗോ എന്നിവരുമായി ചേര്‍ന്ന ഗ്ലോബല്‍ ഡ്രം പ്രോജക്‌റ്റിന് കണ്ടംപററി വേള്‍ഡ് മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം 2009ല്‍ ഒരിക്കൽകൂടി സക്കീർ ഹുസൈനെ തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ നേടിയ സക്കീർ ഹുസൈനെ പത്മശ്രീ (1988), പത്മഭൂഷണ്‍ (2002) എന്നിവ നൽകി രാജ്യം ആദരിച്ചു
ഇന്ത്യയ്ക്ക് പുറത്തും നിരവധി അംഗീകാരങ്ങൾ തബലയുടെ ഈ മാന്ത്രികനെ തേടിയെത്തിയിട്ടുണ്ട്. 2016 ല്‍ വൈറ്റ്‌ഹൗസില്‍ വച്ച് നടന്ന ഓള്‍ സ്‌റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ സക്കീര്‍ ഹുസൈനെ ക്ഷണിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഒരു സംഗീതഞ്‌ജന് ആദ്യമായാണ് ആ അംഗീകാരം കിട്ടുന്നത്. 1999 ൽ അന്നത്തെ യുഎസ് പ്രഥമ വനിത ഹിലരി ക്ലിന്റൻ യുഎസ് സെനറ്റില്‍ വച്ച് സമ്മാനിച്ച നാഷനല്‍ ഹെറിറ്റേജ് ഫെല്ലാഷിപ്പ് പുരസ്‌കാരം, സെന്റ് ഫ്രാന്‍സിസ്‌കോ ജാസ് സെന്റര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം (2017), പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയുടെ ഓള്‍ഡ് ഡോമിനോ ഫെല്ലോ അംഗീകാരം (2005), ബെര്‍ക് ലീ കോളജ് ഓഫ് മ്യൂസിക്, ഇന്ദിര കലാ സംഗീത സര്‍വകലാശാല, കൈരാഖര്‍ എന്നിവിടങ്ങളില്‍നിന്ന് ഓണററി ഡോക്ടറേറ്റ് എന്നിവ ലോകം ഈ കലാകാരനെ എത്രയേറെ ആദരിക്കുന്നു എന്നതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്.
മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുളള ഏതാനും സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്. അറ്റ്‌ലാന്റ ഒളിംപിക്‌സിന്റെ (1996) ഉദ്ഘാടന ചടങ്ങുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയതും സക്കീര്‍ ഹുസൈനാണ്. നല്ലൊരു അഭിനേതാവു കൂടിയായ സക്കീര്‍ ഹുസൈന്‍ ഏതാനും ബോളിവുഡ് സിനിമകളിലും ബ്രിട്ടിഷ് സിനിമകളിലും പ്രധാന വേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്. "വാ താജ് " എന്ന തൊണ്ണൂറുകളിലെ താജ്മഹൽ തേയിലയുടെ പ്രശസ്തമായ പരസ്യവാചകം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ആ പരസ്യത്തിന്റെ സംഗീതവും അതിലെ അഭിനേതാവും സക്കീർ ഹുസൈൻ തന്നെ.
കേരളത്തോട് അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന സക്കീർ ഹുസൈന് ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഇവിടെത്തന്നെ. ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും മഹാനായ താളവാദകനായി ആരാധിക്കുന്നത് പാലക്കാട് മണി അയ്യരെയാണ്. മുംബൈ ആസ്ഥാനമായ കേളി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പെരുവനം ഗ്രാമത്തിന്റെ കലാചരിത്രം രേഖപ്പെടുത്തുന്ന യജ്ഞത്തിനു തുടക്കം കുറിക്കാന്‍ മൂന്നു വർഷം മുൻപ് പെരുവനത്ത് എത്തിയ സക്കീര്‍ ഹുസൈനെ വീരശൃംഖല നല്‍കി പെരുവനം ഗ്രാമം അന്ന് എതിരേറ്റു. മേളപ്പെരുക്കത്തിന്റെ പ്രമാണി പെരുവനം കുട്ടന്‍ മാരാരുടെ പാണ്ടിമേളത്തിൽ മതിമറന്ന് ആസ്വദിച്ച സക്കീര്‍ ഹുസൈന്‍, ചെണ്ടക്കൊപ്പം തബലയും ചേർത്ത താളപ്രപഞ്ചം മേളചക്രവർത്തി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കൊപ്പവും നടത്തിയാണ് അന്ന് പെരുവനത്തുനിന്നു മടങ്ങിയത്.
ഇപ്പോൾ യുഎസിൽ താമസിക്കുന്ന സക്കീർ ഹുസൈന് എല്ലാ പിന്തുണയുമായി ഭാര്യയും പ്രശസ്‌ത കഥക് നര്‍ത്തകിയുമായ അന്റോണിയ മിനെക്കോളയും മക്കൾ അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമുണ്ട്. സപ്തതിയിലെത്തി നിൽക്കുമ്പോഴും തബലവാദനത്തിൽ താൻ ഇപ്പോഴും ഒരു വിദ്യാർഥിയാണെന്നു സക്കീർ ഹുസൈൻ പറയുന്നു. ഉസ്താദ് എന്ന് ആരാധകർ വിളിക്കുമ്പോഴും സക്കീർ ഭായി എന്നുള്ള വിളികേൾക്കാൻ മാത്രം ആഗ്രഹിക്കുന്ന സക്കീർ ഹുസൈൻ, താളക്കണക്കുകളിലെ ഓരോ മാത്രയിലും സംഗീതപ്രേമികളെ ആനന്ദത്തിന്റെ മഹാസമുദ്രത്തിൽ ആറാടിക്കുന്ന അദ്ദേഹത്തെ ഉസ്താദ് എന്നതിനപ്പുറം വേറെയന്ത് നാമത്തിലാണ് അഭിസംബോധനചെയ്യുകയെന്ന് ആരാധകർ ചോദിക്കുന്നു. വാഹ്.. ഉസ്താദ്.. വാഹ്.