ADVERTISEMENT

മമ്മൂട്ടി എറണാകുളം ലോ കോളജില്‍ പഠിക്കുന്ന കാലത്ത് കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് പ്രഫ.എം.കെ.സാനുവിനൊപ്പം വിളക്കുകൊളുത്താന്‍ ഒരു കൊച്ചുഗായിക ഉണ്ടായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം എറണാകുളം കരയോഗത്തിലെ ഒരു ചടങ്ങില്‍ ഗായിക സുജാതയോടൊപ്പം പങ്കെടുത്തപ്പോള്‍ സാനുമാഷ് ചോദിച്ചു, പണ്ട് എന്‍റെകൂടെ ലോ കോളജില്‍ വിളക്കുകൊളുത്തിയ കുട്ടിയുടെ മകളാണോയെന്ന്. അഭിജാതമായ ചിരിയോടെ സുജാത പറഞ്ഞു – ‘മകളല്ല, ഞാന്‍ തന്നെ ആ കുട്ടി.’ 

 

സുജാതയുടെ പാട്ടു കേള്‍ക്കുമ്പോഴോ സുജാതയെ കാണുമ്പോഴോ വിശ്വസിക്കാന്‍ കഴിയാത്ത ഒന്നാണ് മാര്‍ച്ച് 31ന് സംഭവിക്കുന്നത്. മലയാളത്തിന്‍റെ ബേബി സുജാതയ്ക്ക് വയസ് അറുപത് തികയുന്നു. പ്രായമാവുന്നത് ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതുപോലെയാണെന്ന് ആരോ പറഞ്ഞത് ഓര്‍ത്തുപോകും.

 

മുത്തേ മുത്തേ കിങ്ങിണിമുത്തേ, വാവാവോ വാവേ എന്നൊക്കെ പാട്ടില്‍ സുജാത വിളിക്കുന്നത് സുജാതയെത്തന്നെയാണോ എന്നു തോന്നും.  എന്നും സ്വപ്നപ്രായമാണ്. കൗതുകം കണ്ണില്‍നിന്നു മാറിനടക്കുന്നില്ല. ശ്വാസമായി ഉള്ളിലേക്കെടുക്കുന്നത് സന്തോഷമാണ്. എന്നും ഉത്സവത്തിനു പോകുന്ന ഉത്സാഹമാണ് മുഖത്ത്. സ്വരത്തിലും കലരും ഈ മന്ദസ്മിത മാധുര്യം. ആര്‍ദ്രഭാവങ്ങള്‍ ഒരു ഗാനത്തിന്റെ ചരണവും പല്ലവിയും അനുപല്ലവിയുമൊക്കെയായി രൂപാന്തരപ്പെടുന്ന ശ്രവ്യാനുഭവം. പ്രണയഗീതങ്ങളില്‍ അത് അരികത്തുനിന്നുള്ള കൊഞ്ചലായി കാതില്‍ വീഴുന്നു. ഏകാഗ്രതയോടെ മനമര്‍പ്പിച്ച് കാതോര്‍ത്താല്‍ ഏതുപാട്ടും പ്രിയപ്പെട്ട ഒരാളുടെ അടക്കംപറച്ചില്‍ പോലെ ചേര്‍ന്നുനില്‍ക്കുന്നു. കൊഞ്ചലും കുറുകലും കുറുമ്പും ഒക്കെ ചേര്‍ന്ന് ഏതു രാഗത്തിലും അതു അനുരാഗമാവും. പ്രണയമണിത്തൂവല്‍ പൊഴിയും. മൗനാനുരാഗത്തിന്‍ ലോലഭാവം നിറയും, ജൂണിലെ നിലാമഴയില്‍ നാണമായ് നനയും.  പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ എന്നു സുജാത പാടുമ്പോള്‍ ഏതു പ്രണയിയുടെയും മനസ്സില്‍ ഒരു മഞ്ഞുതുള്ളിയുടെ കുളിരുണ്ടാവും. 

 

മാറിമറഞ്ഞത് കാലം മാത്രമാണെന്ന് ഓര്‍മിപ്പിക്കാന്‍ സുജാതയ്ക്ക് ഒരു ചിരി മതിയാവും. വരുതിയില്‍ നില്‍ക്കാത്ത ചിരിയുമായാണോ സുജാത ഭൂജാതയായത് എന്നു ന്യായമായും സംശയിക്കാം. സുജാത ചിരിക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ‘ഇതിലെന്തിത്ര ചിരിക്കാനിരിക്കുന്നു’ എന്നോര്‍ത്ത് ചിരിക്കാന്‍ വകയുണ്ട്. നമുക്കു ചിരി വരുത്തുന്ന ചില ശീലങ്ങളുമുണ്ട് സുജാതയ്ക്ക്. ഏതു ഹോട്ടലില്‍ ചെന്നാലും ആദ്യമേ ബാത്ത്റൂം തുറന്ന് വൃത്തി പരിശോധിക്കും. സെവന്‍സ്റ്റാര്‍ ഹോട്ടലില്‍ ആണെങ്കിലും വീട്ടില്‍നിന്നു കൊണ്ടുപോകുന്ന ബ്ലാങ്കറ്റേ ഉപയോഗിക്കൂ. ലോകത്ത് എവിടെപ്പോയാലും കൊണ്ടുപോകും പുതപ്പ്.  ബേബിസുജാതയായി വേദികളില്‍ പാടിയപ്പോഴൊക്കെ ഒരു തൂവാല കയ്യില്‍വയ്ക്കുമായിരുന്നു. നൂറുകണക്കിനു വേദികളില്‍ പാടിയത് ആ ഒറ്റ തൂവാലതന്നെ കയ്യില്‍പിടിച്ചാണ്. അതു കഴുകി ഉപയോഗിക്കുന്നതല്ലാതെ മറ്റൊന്നു വാങ്ങാന്‍ സുജാത സമ്മതിച്ചില്ല.

 

തിരുവിതാംകൂറിന്‍റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരുക്കൊച്ചിയുടെ ആദ്യമുഖ്യമന്ത്രിയുമായിരുന്ന പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ മകളുടെ മകളാണ് സുജാത. ഇരുപത്തിയെട്ടാം വയസ്സില്‍ വിധവയായ അമ്മയെക്കവിഞ്ഞ് ആരുമില്ല സുജാതയ്ക്ക്. അച്ഛന്‍ വിജയചന്ദ്രന്‍ ഡോക്ടറായിരുന്നു. മകള്‍ക്ക് രണ്ടുവയസ്സുമാത്രമുള്ളപ്പോഴാണ് അദ്ദേഹം ഈലോകം വിട്ടുപോയത്. മകളെപ്രതിയുള്ള പ്രതീക്ഷയെന്നോണം അദ്ദേഹം ഒരു കടലാസ്സില്‍ ഡോ.സുജാത എം.ബി.ബി.എസ് എന്ന് എഴുതിവച്ചിരുന്നു. മകള്‍ ഡോക്ടറായില്ല ഡോക്ടറുടെ ഭാര്യയായി. ഡോക്ടര്‍മാരോട് മരുന്നുകളെപ്പറ്റി അമ്മ സംസാരിക്കുന്നതുകേട്ടാല്‍ വൈദ്യശാസ്ത്രത്തില്‍ എന്തോ അതീന്ദ്രിയജ്ഞാനം ഉണ്ടെന്നു തോന്നുമെന്ന് പറയും മകള്‍ ശ്വേത മോഹന്‍.

 

ബേബി സുജാതയായി യേശുദാസിനൊപ്പം ഒരുപാട് ഗാനമേളവേദികളില്‍ പാടിയ സുജാത, യേശുദാസിനെ ആദ്യമായി കണ്ടത് ഗുരുവായൂരില്‍ ഒരു വിവാഹ ചടങ്ങിലാണ്. യേശുദാസിനൊപ്പം ആദ്യം പാടിയതും അവിടെത്തന്നെ. എന്നാല്‍ യാദൃച്ഛികത അതല്ല. സുജാതയുടെ ഭര്‍ത്താവ് ഡോ.മോഹന്‍ സുജാതയെ ആദ്യമായി കാണുന്നതും ആ വിവാഹവേളയിലാണ്. അന്നു സുജാതയ്ക്ക് ഒമ്പതു വയസ്. പിന്നീടങ്ങോട്ട് ഗുരുവായൂരും യേശുദാസും മോഹനും ചേര്‍ന്നാണ് സുജാതയുടെ ജീവിതം ചിട്ടപ്പെടുത്തിയത്.

 

പൂർണരൂപം വായിക്കാം: https://www.manoramanews.com/news/spotlight/2023/03/30/sujatha-mohan-at-60-revisting-the-voice-of-soulful-melodies.html

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com